Wednesday, November 24, 2010

24-11-2010

മൂവായിരം ദിർഹത്തോളം മാസാമാസം ബാങ്കിലടച്ച്... ഗൾഫിൽ പ്രാഡോയും ഓടിച്ചോണ്ട് നടക്കുന്നോരെ സമ്മതിക്കണം!! എങ്ങിനെ അവർക്ക് അതിനുള്ള മനക്കട്ടി ഉണ്ടാകുന്നു?? ഹോ!! ;)

അങ്ങിനെ, ഒന്നര വർഷത്തെ ആ സവാരിഗിരിഗിരി അവസാനിപ്പിച്ച് പ്രാഡോച്ചനെ അബുദാബിയിലുള്ള ഒരു ഡോക്ടറുടെ കയ്യിലേല്പിച്ചു. ഓസ്ട്രേലിയൻ നാഷനാലിറ്റിയുള്ള നല്ലോരു തമിഴൻ ഡോക്ടർ. കണ്ടാൽ പറയില്ലെങ്കിലും നല്ല ബെസ്റ്റ് മനുഷ്യൻ. പൊതുവെ വണ്ടി മാർക്കറ്റ് ഇച്ചിരി ഇടിഞ്ഞ് നിൽക്കുന്നതുകൊണ്ട് ആരും വാങ്ങാൻ മടിക്കുന്ന റേയ്റ്റ് പറഞ്ഞിട്ടും വാങ്ങിക്കൊണ്ടോടിയത്, ഇനിയിപ്പോൾ ഞാൻ ഓടിച്ചിരുന്ന വണ്ടി ഓടിക്കാനുള്ള വല്ല ആഗ്രഹവും കൊണ്ടെങ്ങാനുമാവുമോ ആവോ?? :)

ഹവ്വെവർ, കച്ചവടം ബാർട്ടർ സിസ്റ്റത്തിലായിരുന്നു. നമ്മൾ ആൾക്ക് ഒരു വണ്ടി കൊടുത്ത്, ആൾടെ കയ്യിലുള്ള പേൾ വെള്ള അക്കോഡിനെ നമ്മളും വാങ്ങി. ഇമ്മറെ വണ്ടീടെ മൂന്നിൽ രണ്ടു ഭാഗം എമിറേറ്റ്സ് നാഷണൽ ബാങ്കിന്റെ ആയിരുന്നതുകൊണ്ട്, സത്യം പറഞ്ഞാ പ്രാഡോയും വട്ടച്ചിലവിന് ഒരു ആയിരത്തഞ്ഞൂറ് രൂപയും കൊടുത്താണ് നമ്മൾ അക്കോഡിനെ കൊണ്ടു പോന്നത്.

എന്റേതായ സാധനങ്ങളെല്ലാം ലോകത്തിലേക്കേറ്റവും നല്ലത് എന്നൊരു തോന്നലുള്ളതുകൊണ്ടാണോ എന്നറിയില്ല, സത്യം പറയാലോ... അക്കോഡ് 2006 മോഡലാണെങ്കിലും ഞാനത് വിശ്വസിച്ചിട്ടില്ല. മിനിമം 2008 ഡിസംബറെങ്കിലുമായിരിക്കും എന്ന തോന്നലാണ്. ചില ചില ആങ്കിളിൽ നിന്ന് നോക്കുമ്പോൾ മേഴ്സിഡസ് എസ് ക്ലാസ്സാണോ എന്ന് പോലും തോന്നുപ്പോവുകയാണ്! കൊഴപ്പാവോ?!

എന്തായാലും ഇന്ന് പരിപാടി ഒക്കെ ജോറായി കഴിഞ്ഞ്, അബുദാബി നമ്പർ പ്ലേയ്റ്റും മാറ്റി നമ്മുടെ പേൾ വൈറ്റ് ആക്കോഡ് പുലി, ചില്ലേലൊക്കെ നല്ല കറുകറുപ്പ് ഫിലിമൊക്കെ ഒട്ടിച്ച് നയനമനോഹരമായ കമ്പനിയുടെ കാർപ്പോർച്ചിൽ വൈശാലി വെള്ള സാരിയുടുത്ത് റിശ്യശൃംഗനെ നോക്കുമ്പോലെ (റ ഇതല്ല, മറ്റേ വളഞ്ഞ് പുളഞ്ഞിരിക്കുന്ന എറു ആണെന്ന് എനിക്കുമറിയാം. പക്ഷെ, കീമാനിൽ വരണ്ടേ?) നോക്കി “എന്നെയൊന്ന് ഓടിക്കൂ‍... “ ന്നും പറഞ്ഞോണ്ട് കിടക്കുന്നത് കാണുമ്പോൾ എനിക്ക് ചിലതൊക്കെ തോന്നുന്നുണ്ടേയ്!

സുമാർ ഇരുപത് കൊല്ലം മുൻപ് ജയച്ചേച്ചിടെ കല്യാണത്തിന് രാമചന്ദ്രേട്ടന്റെ ആലുവയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുമ്പോഴാണ് ജീവിതത്തിലാദ്യമായി ഞാൻ ഹോണ്ട കാറ് കാണുന്നത് എന്നാണെന്റെ ഓർമ്മ. ഓർമ്മ ശരിയാവാതിരിക്കാൻ വഴിയില്ല. ഇമ്മാതിരി ആർക്കും ഉപകാരമില്ലാത്ത കാര്യങ്ങളൊക്കെ എനിക്ക് ഭയങ്കര ഓർമ്മയാണ്.

ഇന്നലെ വണ്ടി ട്രാൻസ്ഫർ ചെയ്യാൻ നിൽക്കുമ്പോൾ നമ്മുടെ പ്രാഡോച്ചനെ കണ്ടപ്പോൾ എനിക്ക് എവിടന്നൊക്കേയോ ഒരു സങ്കടം വന്നായിരുന്നു. പിന്നെ, ഞാനതങ്ങട് കടിച്ച് സഹിച്ചു.

അല്ലേലും പ്രാഡോയേലും എന്തുകൊണ്ടും എടുപ്പ് അക്കോഡിന് തന്നെയാണ്. ;)

Friday, October 1, 2010

02-10-2010

വ്യാഴാഴ്ച മൂന്ന് മണിയോടെ വീട്ടിലെത്തിയതായി പ്രഖ്യാപിച്ചു.

ചോറുണ്ട് കിടന്ന് വീക്കെന്റ് പരിപാടികള്‍ പ്ലാന്‍ ചെയ്തു. കോണ്‍കോഡില്‍ ശിക്കാറ് വന്നിട്ടുണ്ട്. വൈകീട്ടത്തെ ഷോയുടെ ടിക്കറ്റ് പോയി എടുത്ത് ഉണ്ണിയുടെ പല്ല് രണ്ടാമട അടക്കാന്‍ ഡെന്റിസ്റ്റിന്റെ അടുത്ത് പോയി ലുലുവിലൊക്കെ ഒന്ന് കയറി പോന്നാലോ? എന്ന പ്ലാനില്‍ ഞാന്‍ വട്ടക്കഴുത്ത് ടീഷര്‍ട്ടും കാര്‍ഗോ പാന്റുമിട്ട് പരമാവധി മേയ്ക്കപ്പില്‍ താഴെയിറങ്ങി.

കോണ്‍കോഡിന്റെ മുന്നില്‍ ഭയങ്കര ഇടി. ശിക്കാറിനല്ല, യെന്തിരനും കളിക്കുന്നുണ്ട്, അതിന്റെയാ.. നാലു ഷോ യെന്തിരന്‍. 8:30 ന്റെ ഒരു ഷോ മാത്രമേ നമ്മുടെ ലാലേട്ടന്റെ ശിക്കാറുള്ളൂ! അതുകൊണ്ട് 5 മണിയോടെ ബാല്‍ക്കണിയൊക്കെ ഫുള്ളായി. താഴത്തെ ക്ലാസേ ഉള്ളൂ. അതുകൊണ്ട് ഫാമിലി ഡിസ്മിസ്ഡ്! എനിക്കും സഞ്ജുവിനുമുള്ള ടിക്കറ്റ് എടുത്ത് ഡെന്റിസ്റ്റിന്റെ അടുത്ത് വന്നപ്പോള്‍, ചുള്ളത്തി ലീവിലാണ്!

അങ്ങിനെ നേരെ ലുലുവില്‍ പോയി പച്ചക്കറി ഐറ്റംസ് വാങ്ങി, എട്ടുമണിയോടെ ചോറ് ഒരു പെരുക്കും കൂടെ പെരുക്കി ഷിക്കാറിന് പോയി.

ശിക്കാര്‍ കണ്ടു.

പടം പോരാ.. എന്ന അഭിപ്രായമാണ്.

സംഗതി നല്ല ത്രെഡൊക്കെ ആണ്. പക്ഷെ, അത് വേണ്ടവിധം ഗുമ്മാക്കി എഴുതിയിട്ടില്ല. എങ്കിലും സമുദ്രക്കനിയുടെ അഭിനയം, ആള്‍ടെ പാട്ട്, മോഹന്‍ലാലിന്റെ ചില സീനുകളിലെ അഭിനയം‍, ക്ലൈമാക്സിലെ മലമുകള്‍, സസ്പെന്‍സ്, പടത്തിന്റെ ത്രൂവൌട്ട് മെയിന്റൈന്‍ ചെയ്യുന്ന ആ ‘ഭീതി’ എന്നിവയൊക്കെ വച്ച് ഒരു തവണ കാണാന്‍ കൊള്ളാം എന്നാണ് ഒപ്പീനിയന്‍.

ഈ പടത്തിന്റെ ത്രെഡ് ഒരുക്കിയതിന്റെ ആദ്യ ചര്‍ച്ചകള്‍ ഇങ്ങിനെയായിരിക്കാം നടന്നിരിക്കുക:

‘അമരത്തിലെ മമ്മൂട്ടിയെ പോലെ, ഭാര്യ മരിച്ചിട്ട് ഒരാള്‍ വേറൊരു സ്ഥലത്തെത്തുന്നു. അവിടെ ഒരു കൂട്ടുകാരനെ കിട്ടുന്നു അവരുടെ ഫാമിലിയിലൊരാളായി ജീവിക്കുന്നു. ക്ലോസ് ഫ്രണ്ടാകുന്നു. കൂട്ടുകാരന്റെ പെങ്ങള്‍ക്ക് തത്തുല്യമായ ഒരു കക്ഷിക്ക് ഇങ്ങേരോട് പ്രേമം തോന്നുന്നുണ്ട്. മകളെ പക്ഷെ ആ‍ള്‍ ബോര്‍ഡിങ്ങില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. പക്ഷെ, ഡോക്ടറാക്കണം എന്ന് തന്നെ ആഗ്രഹം. അവള്‍ മിടുക്കിയായി പഠിച്ച്, റാങ്ക് വാങ്ങുന്നു. ലത് കാണാന്‍ അമ്മയില്ലാത്ത ദു:ഖം ആകാം. അവള്‍ക്കൊരു പ്രേമം വേണം. അത് പഠിക്കുന്ന സ്ഥലത്തുനിന്നാക്കാം. പക്ഷെ അമരത്തിലെ അച്ചൂട്ടിക്കില്ലാത്ത ഒരു ഫ്ലാഷ് ബായ്ക്ക് ഇവിടെ വേണം. ആ‍ാ ഇഷ്യൂവിന്റെ തീരിപ്പായിരിക്കണം ക്ലൈമാ‍ക്സ്'

പക്ഷെ, ശുദ്ധഗതിക്കാരനും സര്‍വ്വോപരി പേടിത്തൊണ്ടനുമായ (പോലീസുപണിക്ക് കൊള്ളാത്ത) ബലരാമന്‍ കോണ്‍സ്റ്റബിള്‍ നക്സലുകളെ പേടിച്ച് ജോലിയും കൂലിയുമുപേക്ഷിച്ച് ഒളിച്ചോടി വന്ന് ഒരു കാട്ടില്‍ ലോറി ഡ്രൈവറായപ്പോള്‍ ഏരിയയിലെ കെലുപ്പില്‍ കെലുപ്പനായി മാറിയതിന്റെ ലോജിക്ക് മനസ്സിലായില്ല.

നാട്ടില്‍ ചെല്ലട്ടെ, എന്നിട്ട് വേണം ഒരു ലോറിയൊക്കെ വാങ്ങി ഓടിച്ച് അല്പം കെലുപ്പനായി നടക്കാന്‍.

ഒഴിവാക്കാവുന്നതെന്നും വളിപ്പായും തോന്നിയത് ഒരുപാടുണ്ടെങ്കിലും, മൈഥിലിയുടെ അഭിനയത്തെ പറ്റിയും സുരാജ്, ജഗതി ടീമിന്റെ തമാശയെപ്പറ്റിയും കലാഭവന്‍ മണിയുടെ റോളിനെ പറ്റിയും പറയാതെ വയ്യ.

“ഹോ!! അപാരം. അക്രമം. കിരാതം. സമ്മതിച്ചു!”

വാല്‍ക്കഷണം: പടം കാണാന്‍ വരുന്നവര്‍ക്കെല്ലാം പ്രൊഡ്യൂസറുടെ വക മിഠായി വിതരണമുണ്ടായിരുന്നു. നൈസ്!

സിനിമ കഴിഞ്ഞ് അല്‍ ഖേയ്തില്‍ കയറി രണ്ട് ഷവര്‍മ്മയും സെവനപ്പും വാങ്ങി ഞാനും സഞ്ജുവുമടിച്ചു. എങ്ങിനെയെങ്കിലുമൊന്ന് അവസാനിപ്പിച്ച് വീട്ടിപ്പോകാന്‍ വേണ്ടിയാണെന്ന് തോന്നുന്നു, ഷവര്‍മ്മ ഓരോന്നും അരക്കിലോ ഭാരം ഉണ്ടായിരുന്നു (എന്തെങ്കിലും കുറയും)

Wednesday, September 29, 2010

30-09-2010

ഇന്നും മുക്കാലിഫ കിട്ടി. ഇന്നലേം കിട്ടിയിരുന്നു! :(

ഒരു രക്ഷയുമില്ല. ട്രാഫിക് വയലേഷന്‍ എന്നൊന്നും പറയാന്‍ പറ്റില്ല. റോഡ് അടച്ച് വച്ചിരിക്കുന്നത് കണ്ടപ്പോള്‍ എന്നാല്‍ റൈറ്റിലോട്ട് അങ്ങ് കുത്തിക്കയറ്റിയേക്കാം എന്ന് വിചാരിച്ചതിനാണ് പോലീസുകാരന്‍ ഡയറിയില്‍ എന്റെ വണ്ടി നമ്പര്‍ എഴുതുന്നത് കണ്ടത്.

ഇന്ന് സിഗ്നല്‍ ക്രോസ് ചെയ്തപ്പം മഞ്ഞക്കള്ളിയില്‍ നിന്ന് അടുത്ത സിഗ്നലിനു മുന്നേ മാറാന്‍ അടുത്ത ട്രാക്കിലേക്കൊന്ന് മാറ്റി. ആ ട്രാക്കിലേക്ക് പിറകില്‍ നിന്ന് വണ്ടി വരുന്നത് കണ്ടപ്പോള്‍ ഇങ്ങോട്ട് തന്നെ വീണ്ടും മാറ്റി. എന്ത് വയലേഷന്‍?? നമ്പര്‍ സൂക്ഷിച്ച് നോക്കി എഴുതണ എഴുത്തല്ലേ കാണണ്ടേ!!

മിനിയാന്ന് ഡനാട്ട സിഗ്നലിന്റെ അടുത്ത് വച്ച് ഒരു വെള്ളിവെളിച്ചം കണ്ടിരുന്നു, പക്ഷെ, അത് നമ്മളെയാവാന്‍ ചാന്‍സില്ല. കയ്യില്‍ ഫോണുണ്ടായിരുന്നുവെങ്കിലും, ഫോണ്‍ വിളിച്ചാല്‍ ക്യാമറ അടിക്കേരിക്കില്ല, റെഡ് ക്രോസ് ചെയ്ത ആരെയെങ്കിലുമാവും.

* * * * *

ഇന്നലെ ബോറടിച്ച് ബോറടിച്ച് ആറുമണിയെത്തിച്ചു. ബസ്സിലും ബ്ലോഗിലും പൂണ്ട് വിളയാടി. അക്കാദമിയില്‍ പോയി തിമര്‍ത്ത് കളിച്ചു. മൂന്ന് ഗെയിം കളിച്ചു. വയറിനടിച്ചു. ചെസ്റ്റിനടിച്ചു. കുളിച്ച് ഈറന്‍ മാറി. ട്രൌസറുമിട്ട് റോഡിന്റെ ഇപ്പറം വണ്ടിയിട്ട് വീട്ടീ പോയി.

മട്ടക്കുത്തരി ചോറ് + പയറൂട്ടാന്‍ + ഓമ്പ്ലെയിറ്റ്+സോസേജ് വറത്തത്+നാരങ്ങ അച്ചാര്‍ - വയര്‍ പെട്ടിയാക്കി.

രാത്രി ഒരു ഗസ്റ്റുണ്ടായിരുന്നു. ബ്ലോഗെഴുത്ത് വഴി കിട്ടിയ ഒരു സുഹൃത്ത് റിയാസും കുടുംബവും!

എഴുതുമ്പോള്‍ എനിക്ക് കിട്ടുന്ന ആ സന്തോഷം അത് വായിക്കുമ്പോള്‍ കിട്ടുന്ന എന്റെ വായനക്കാരിലൊരാള്‍.

റിയാസിനെ പോലെയുള്ളവരുടെ ചിലരുടെ ‘വിശാലേട്ടാ...’ എന്നുള്ള വിളികളില്‍ സത്യം പറഞ്ഞാല്‍ സൌഹൃദത്തിന്റെയപ്പുറം ഒരു അനിയനെ കാണല്‍ കൂടെ നടക്കുന്നുണ്ട്. ബ്ലോഗ് കൊണ്ടുതരുന്ന ഓരോരോ ഭാഗ്യങ്ങള്‍!

അമരത്തില്‍ മമ്മൂട്ടി, ‘അച്ചൂട്ടിക്ക് മറക്കാനാവാത്ത 3 കാര്യങ്ങളുണ്ട്. ഒന്ന് എന്റെ മുത്ത്. പിന്നെയൊന്ന് കടല്‍. പിന്നെ നീയാണ്, ചാന്ദ്രീ‘ എന്ന് പറയുമ്പോലെ പറഞ്ഞാല്‍... എനിക്ക് 3 എണ്ണം തികയാതെ വരുമെങ്കിലും ഒന്ന് ബ്ലോഗാണ്.

എത്രയെത്രപേരെയാണ് ബ്ലോഗുവഴി ഞാന്‍ പരിചയപ്പെട്ടത്. അതിലെത്രെയെത്ര സുഹൃത്തുക്കള്‍.
സൌഹൃദങ്ങള്‍ പ്രിയപ്പെട്ടതല്ലാത്തവരായി ആരാ ഉണ്ടാവുക? ലോകത്ത് മടുക്കാത്തതായി ഒന്നേയുള്ളൂ.. അത് സൌഹൃദങ്ങളാണ് എന്നാണല്ലോ!

Tuesday, September 28, 2010

29-09-2010

ചില ഫോട്ടോകള്‍ കാണുമ്പോഴാണ് എന്റെ കണ്ണിന്റെ കുഴപ്പം എനിക്ക് പിടികിട്ടുന്നത്. ഷാര്‍ജ്ജ റോളയുടെ ഫോട്ടോയാണിന്നലെ കണ്ടത്. ഒരു ഡ്രൈ സ്ഥലം എന്ന് വിചാരിച്ചിരുന്ന ചില ഭാഗങ്ങള്‍ ഫോട്ടോയില്‍ കാണാന്‍ എന്തൊരു ഭംഗിയാണ്!

അങ്ങിനെ വച്ച് നോക്കുമ്പോള്‍ എന്റെ ഓഫീസിലെ ഫിലിപ്പൈന്‍സ് രാജാവിന്റെ മകള്‍, നാലുപെറ്റ രാജകുമാരിയും സുന്ദരിയായായിരിക്കുമോ? ഒന്ന് കൂടെ പോയി നോക്കട്ടേ.... ഓഹ്.... കണ്ടേച്ചാലും മതി!!

എന്തിറ്റാ ചക്ക മക്ക പക്ക എന്നും പറഞ്ഞുള്ള, കല കല പിലാ! ആരെയാണാവോ മന്ദാകിനി ചീത്തവിളിക്കണത്!

ചിന്ത ഇന്ന് നാട്ടില്‍ പോക്കിന്റെ ലൈനിലാണ് നീങ്ങുന്നത്. ആ എന്തെങ്കിലും ചെയ്യ്. ബോറടിച്ചാല്‍ മനുഷ്യര്‍ക്ക് എന്ത് വേണേലും ആലോചിക്കാം.

കഴിഞ്ഞ വര്‍ഷം മുതലാണ് നാട്ടില്‍ പോയി സെറ്റില്‍ ചെയ്യുന്നതിനെ പറ്റി ആലോചന തുടങ്ങിയത്. കാരണം, വേറൊന്നുമല്ലായിരുന്നു, ആ കമ്പനിയുടെ പോക്ക് ശരിയല്ലാന്ന് തോന്നി‍. വേറെ ഒരു കമ്പനിയില്‍ ജോലി ചെയ്യില്ല, ഉണ്ടാക്കിയത് മതി എന്നായിരുന്നു അന്നത്തെ ചിന്ത.

പണ്ട് അമ്മ പറയും, ‘ദൈവാനുഗ്രഹവും ചോര്‍ന്നൊലിക്കാത്ത ഒരു വീടും വല്ലതും നട്ടുണ്ടാക്കാന്‍ ഇച്ചിരി സ്ഥലവും ഇച്ചിരിനിലവും ഒരു കറവമാടും ഉണ്ടാവുക. പണിയെടുക്കാന്‍ മടിയില്ലാത്ത കുടിയും വലിയുമൊന്നുമില്ലാത്ത ഭര്‍ത്താവും കുടുമ്മം പൂവാണ്ട് നോക്കാന്‍ ത്രാണിയുള്ള ഭാര്യയും ആണെങ്കില്‍ എന്നും ഓണമല്ലഡാ, ആ കുടുംബത്ത്!’ എന്ന്.

ജോലിയില്ലേലും സാരമില്ല എന്നാണ് ലേയ്റ്റ്. ശ്രീമതി മൂകാംബിക രാമന്‍ പറഞ്ഞതെങ്കിലും, ജോലിയില്ലെങ്കില്‍ സംഗതി ബുദ്ധിമുട്ടാവും. എങ്കിലും ബാക്കിയുള്ള പോയിന്റുകള്‍ പ്രസക്തമാണ്.

അച്ഛന്റെ ഫിനാന്‍സ് മാനേജ്മെന്റിലെ ചില പ്രശ്നങ്ങള്‍ കാരണം, പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതലാണ് ഞാന്‍ ആ ഡിപ്പാര്‍ട്ട്മെന്റ് ഹാന്റില്‍ ചെയ്യുന്നത്. വീട്ടില്‍ അച്ഛനും അമ്മയും ഞാനും മാത്രമേ ഉള്ളായിരുന്നല്ലോ.. ചിലവ് എന്ന് പറഞ്ഞാല്‍ അധികമൊന്നുമില്ല.

അരി വാങ്ങേണ്ടി വരില്ല, പാടത്തുന്ന് കിട്ടും. പിന്നെ, കരണ്ട് ബില്ല് 27.50 വരും മാസില്‍. പിന്നെ, മിക്കവാറും ദിവസം ഞാന്‍ പോയി സായ്‌വിന്റെ കടേന്ന് പയറും കായയും വാങ്ങി കൊടുക്കും കോളേജില്‍ പോണേലും മുന്‍പ്. അല്ലെങ്കില്‍ അര കിലോ ചാള, രണ്ട് അയല, പയറ്, മുതിര, ഐംറ്റസ് പിന്നെ ഒണക്ക മീനും അച്ചാറും മോരും എല്ലാ കാലത്തും ഉണ്ടാവും വീട്ടില്‍. ആഴ്ചയില്‍ ഒരിക്കല്‍ പോത്തെറച്ചി വാങ്ങും. ഗ്യാസ് കുറ്റിയൊക്കെ ചേട്ടന്റെ കല്യാണം കഴിഞ്ഞേന് ശേഷമാണ് വന്നത്. എനിക്ക് തോന്നുന്നത് മാക്സിമം ഒരു അഞ്ഞൂറ് രൂപയൊക്കെ വരുമായിരിക്കുള്ളൂ എന്നാണ്.

അമ്മ പറഞ്ഞത് മാസം അഞ്ഞൂറ് രൂപ ചിലവുള്ള കാലത്തെപറ്റിയാണ്. പറമ്പില്‍ ഞങ്ങള്‍ക്ക് ഒരു അമ്പത് തെങ്ങോളമുണ്ടായിരുന്നു. സോ, ഞങ്ങള്‍ക്ക് മാസം എങ്ങിനെ പോയാലും ആയിരത്തി ചില്ലാനം രൂപ കിട്ടാറുണ്ട്.

എങ്കിലും ഞാനിപ്പോഴും വിശ്വസിക്കുന്നുണ്ട്, അനാവത്ത് ചിലവും അസുഖങ്ങളോ ഇല്ലയെങ്കില്‍, വീടുണ്ടെങ്കില്‍ ഭാര്യയും ഭര്‍ത്താവും ‘അത് നമുക്ക് വേണ്ടറീ..’ എന്ന പറഞ്ഞാല്‍ കേക്കുന്ന ഭാര്യയും, ‘അത് നമുക്ക് വേണ്ട ചേട്ടാ..’ എന്ന് പറഞ്ഞാ കേക്കണ ഭര്‍ത്താവുമാണെങ്കില്‍ ഒരു അയ്യായിരം രൂപയൊക്കെ വരുമാനം ഉണ്ടെങ്കില്‍ വല്യ കോടീശ്വരന്മാരെ പോലെയല്ലെങ്കിലും അത്യാവശ്യം മാന്യമായി സുഖമായി ജീവിക്കാന്‍ പറ്റുമെന്ന്.

സാധാരണക്കാരന്റെ വീടുകളിലെ ഇപ്പോഴുള്ള ഏറ്റവും വല്യ പ്രശ്നം വീട്ടിലെ ആണുങ്ങളുടെ മദ്യമടിയാണ്. ഒരു നട കാശ് വേയ്സ്റ്റാക്കുന്നുണ്ട്, അതാണ് മെയിന്‍ ഇഷ്യൂ. ഒരു കിലോ അരിക്ക് 22 ഓ 23 ഓ രൂപയാണ്. ഒരു ചെറിയ കുടുംബത്തിന് ഒരു ദിവസം അരകിലോ അരി ഇഷ്ടമ്പോലെ മതിയാവും. 25 രൂപക്ക് സാമ്പാറിന്റെ കഷണം വാങ്ങിച്ചാല്‍ രണ്ട് പ്രാവശ്യം വക്കാം. എല്ലാ ചിലവും കൂട്ടി മൊത്തം ഭക്ഷണത്തിന്റെ ചിലവ് 100 രൂപ കൂട്ടിക്കോ.

ദിവസം രണ്ട് പെഗ്ഗ് വച്ച് അടിക്കണ ആള്‍ക്ക് അതിലും കൂടുതല്‍ ചിലവ് വരും. ച്ചാല്‍ നാലോ അഞ്ചോ പേരുള്ള വീട്ടിലെ ഫുഡിനേലും കാശ് ഗൃഹനാഥന്റെ ഉറക്കം വരെയുള്ള ഒരു തരിപ്പിന് വേണ്ടി കളയുകയല്ലേ? ശരിയാണോ അത്? എന്റെ വീടിന്റെ ചുറ്റിനും ഡൈലി കുടി ടീമുകള്‍ അധികമില്ല. നേരെയുള്ള വീട്ടിലെ ജോളിയേച്ചിയുടെ ഭര്‍ത്താവ് എറപ്പായേട്ടന്‍ കുടിക്കില്ല. അപ്പുറത്തെ വീട്ടിലെ എന്റെ ചേട്ടന്‍ കുടിക്കില്ല. താഴെ വീട്ടിലെ ഷാജി കുടിക്കില്ല. മുണ്ടക്ക രവിച്ചേട്ടന്‍ ലൈഫില്‍ കുടിച്ചിട്ടില്ല.

ഞാന്‍ പണ്ട് ബാറില്‍ നില്‍ക്കുമ്പോള്‍ ഭയങ്കര ഉപദേശമായിരുന്നു, സ്മോളടിക്കാന്‍ വരുന്നോരോട്. എന്നെ എന്നിട്ട്, ബാറിലെ പള്ളീലച്ചന്‍ എന്ന് വരെ വിളിച്ചു.

ഞാന്‍ പറയാര്‍ന്നു. ചേട്ടന് ഈ കാശ് ഇവിടെ ബാറീ കൊടുക്കാണ്ട് വീട്ടിപ്പോയി ഭാര്യേനെം പിള്ളേരെം കൊണ്ട് സെന്ററില്‍ വന്നിട്ട് അവര്‍ക്ക് ഓരേ മസാല ദോശ വാങ്ങിക്കൊടുത്താ എന്തൊരു സന്തോഷാ ഉണ്ടാവുക അവര്‍ക്ക്? എന്ന്.

അപ്പം പറഞ്ഞുവന്നത്, ആ കമ്പനിയിലെ ജോലി മതിയാക്കിയാല്‍ വേറെ പോകില്ല എന്ന ചിന്തയെ പറ്റിയായിരുന്നു. വെറുതെ ഇങ്ങിനെ ആലോചിക്കുമ്പോള്‍ ഒരു ഗുമ്ം തോന്നുണ്ടെങ്കിലും പ്രാക്റ്റിക്കലായി ചിന്തിക്കുമ്പോള്‍....ഫസ്റ്റോഫ് ആള്‍ മതിയാക്കി പോകാന്‍ മാത്രം ഏജായില്ല എനിക്ക്.

പിന്നെ ഈ ദുബായിലും ഷാര്‍ജ്ജേലും ഇത്രേം പരിചയക്കാരും എക്സ്പീരിയന്‍സും ഉള്ള നിലക്ക് അതൊക്കെ വേണ്ടാന്ന് വച്ച് പോയിട്ട് നാട്ടില്‍ എന്നാ ചെയ്യാനാ? ചിലപ്പം അവിടെ എനിക്ക് ബോറടിച്ചാലോ?

പിന്നെ നാട്ടിലേക്കാളും കാശുണ്ടാക്കാന്‍ എളുപ്പം ഇവിടെയാണ്. വെറുതെ ഓഫീസില്‍ വന്ന് കൊടുത്താ മതിയാവും. :)

നാട്ടിലെ പോലെയുള്ള ഉണ്ണികളല്ല ഇവിടെയുള്ളത്. അവിടെ പല പല കളികളും അറിയേണ്ടി വരും, നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ഒരാള്‍ടെ കയ്യിലെ കാശ് നമ്മുടെ കയ്യിലെത്താന്‍!

ഇവിടത്തെ മുതലാളിമാരെല്ലാം മുടിഞ്ഞ റിച്ചുകളുമാണ്. നല്ല സെറ്റപ്പില്‍ ചെന്ന് പെട്ടാല്‍ പിന്നെ സോ ഈസിയാണ് കാര്യങ്ങള്‍.

മിനിയാന്ന് പഴയ ജി.എം. പറയാണ്. റോള്‍ബോളിന്റെ ഓണറിന്റെ ഇറാനിലുള്ള ചെറിയ ഒരു പ്ലോട്ട് ഹോട്ടല്‍ തുടങ്ങാന്‍ വിറ്റത്രേ.. വിലയെത്രെയെന്നോ? 40 മില്യണ്‍ ഡോളര്‍ ന് ന്ന്! ഏകദേശം ഒരു 200 കോടി രൂപ. അയ്യാക്കടെ മൊത്തം അസറ്റിന്റെ ഒരു വക്കോ മൂലയോ ആവണം! ഇവരുടെ കൂടെ സ്വന്തം ആളായി നടക്കാന്‍ തന്നെ ഒരു സന്തോഷമല്ലേ നമുക്ക്.

28-09-2010

ജെബെലലിയില്‍ മൂന്ന് പണികളുണ്ടായിരുന്നു.

പണി തീര്‍ന്നപ്പോള്‍ റോള്‍ബോളില്‍ പോയി. അവിടെ വച്ച്, ശ്രീ. ശ്രീ. അലി സാദയെ കണ്ടു.

പത്തുകൊല്ലത്തോളമായി, എന്റെ സ്വന്തം അക്കൌണ്ടായിരുന്നു. ആളുടെ ഷിപ്മെന്റിന്റെ ഏ റ്റു സെഡ് ഞാന്‍ ഉണ്ടാക്കി വച്ച സിസ്റ്റവും സെറ്റപ്പുമാണ്.

എന്തൊരു തങ്കപ്പെട്ട മനുഷ്യാനാണയാള്‍! രണ്ട് പാര്‍ട്ട്ണര്‍മ്മാര്‍ ചേര്‍ന്നാണ് ബിസിനസ്സ് ചെയ്യുന്നത്. സ്കൂളില്‍ ഒരുമിച്ച് പഠിച്ച് പിന്നെ ഒരുമിച്ച് ബാങ്കില്‍ ജോലി ചെയ്ത്, പിന്നീട് ഒരുമിച്ച് ബിസിനസ്സ് ചെയ്തു തുടങ്ങിയത്രേ. ഇന്‍ഡസ്ട്രിയല്‍ യൂസിനുള്ള വളരെ ഫേയ്മസ്സായ ഒരു ബ്രാന്റിന്റെ ഇറാനിലെ സോള്‍ ഡിസ്ട്രിബ്യൂട്ടേഴ്സാണവര്‍. ഓരോ രണ്ട് മാസത്തിലും രണ്ട് മില്യണ്‍ യൂറോയുടെ സാധനങ്ങളാണ് കയറ്റി കൊണ്ട് പോകുന്നത്. സായിദ് എന്നാണ് കൂട്ടുകാരന്റെ പേര്‍. ഭയങ്കര ചിരിയാണ്. ആളും ഭയങ്കര രസം കക്ഷിയാണ്.

ഒരു ദിവസം ആള്‍ടെ ഷാര്‍ജ്ജയില്‍ ഓഫിസില്‍ പോയപ്പോള്‍, ചേട്ടായി അവരുടെ ഫ്രിഡ്ജിലെ ഫ്രീസര്‍ തുറന്നപ്പം ഞാന്‍ ചിരിച്ച് മരിച്ചു. ഫ്രീസറില്‍ നിറയെ പല പല ബ്രാന്റ് ഐസ് ക്രീമുകള്‍ . ഭയങ്കര ഇഷ്ടാത്രെ!!

വല്യ കോപ്പയില്‍ ഒരു തൂമ്പക്ക് ഐസ് ക്രീം കോരിയിട്ട്, കൂട്ടുകാര്‍ രണ്ടു പേരും മട മടാന്ന് ആണ് സാധനം കഴിക്കുന്നത്.

ആരോടും കടുപ്പിച്ച് സംസാരിക്കില്ല. കെലുപ്പേയില്ല. എപ്പോഴും വളരെ സപ്പോര്‍ട്ടിങ്ങ് സെറ്റപ്പിലേ സംസാരിക്കൂ. റിക്വസ്റ്റിന്റെ ഭാഷയേ ഉള്ളു. ഒരു പരാതിയുമില്ല. ‘ഇങ്ങേരെ പോലെയാവണം‘ എന്ന് വരെ തോന്നിപ്പോകും!

ഞാന്‍ ഫാമിലിയെ നാട്ടിലേക്ക് വിടുകയാണെന്ന് പറഞ്ഞപ്പോള്‍ ഷാര്‍ജ്ജയില്‍ ആള്‍ടെ ഫ്ലാറ്റില്‍ വന്ന് താമസിച്ചോ, ഞാന്‍ രണ്ട് മാസത്തില്‍ രണ്ട് ദിവസമേ വരൂ. എന്ന് പറഞ്ഞു. നമ്മള്‍ ആള്‍ടെ ഫ്ലാറ്റില്‍ പോയി താമസിക്കണ കേസില്ല, എങ്കിലും ആള്‍ പറഞ്ഞതില്‍ എനിക്ക് സന്തോഷം.

പഴയ ജി.എം. മൂപ്പനെ കണ്ടിരുന്നു. ആളുടെ ഡെസ്കിലിപ്പം ചായ ചൂടോടെയിരിക്കാന്‍ ഒരു സുനാപ്പി കൊണ്ട് വന്ന് വച്ചിട്ടുണ്ട്. ഫുള്‍ ടൈം കട്ടന്‍ ചായ കുടിച്ചിരിപ്പാണ്. എനിക്കും തന്നു. ഒരു കുഞ്ഞ്യേ കപ്പ്. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന റോളില്‍ തന്നെയാണ് ഇരിപ്പ്.

വെയര്‍ഹൌസ് ഇന്റോര്‍ സ്റ്റേഡിയം പോലെ കാലിയായാ കിടക്കുന്നത്. വെറും 8 മാസം മുന്‍പ് സ്റ്റോര്‍ ചെയ്യാന്‍ സ്പേയ്സ് ഇല്ലാത്തതുകൊണ്ട് 6 ഫോര്‍ട്ടി ഫൂട്ട് കണ്ടെയ്നര്‍ സാംസങ്ങ് ലാപ്റ്റോപ്പ് തിരിച്ച് വിട്ടതാ!!

സംഭവിച്ചത് എല്ലാം നല്ലതിനാണ്. എനിക്ക് ഇതിലും നല്ലൊരു സ്മൂത്ത് എക്സിറ്റ് കിട്ടാനില്ല അവിടെ നിന്ന്. റിയേലി ലവ്ഡ്. പത്ത് കൊല്ലം തികച്ചപ്പോള്‍ പട്ടും വളയും തന്നാദരിച്ചതാണ്. പതിനാലു കൊല്ലം ഒരേ കമ്പനിയില്‍ നിന്ന് 14 വര്‍ഷത്തെ ഉത്തരവാദിത്വങ്ങള്‍! അതെന്നെ ടെന്‍ഷനടിപ്പിച്ചിരുന്നു, ഒരുപാട്.

ഇങ്ങിനെയൊരു സ്മൂത്തായ എക്സിറ്റ് ഉണ്ടാകുമെന്ന് കരുതിയില്ല. ദൈവം നമുക്ക് സപ്പോര്‍ട്ടുമായി കൂടെ തന്നെ നടക്കുന്നുണ്ട്!

ജി.എമ്മിനോട് കുറെ നേരം സംസാരിച്ചു. സംഗതി ആളുടെ ചില നയങ്ങളോട് നമുക്ക് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും വ്യക്തിപരമായി ആളോട് ഒരു കൊച്ചച്ചന്‍ ഫീല്‍ ഉണ്ടെനിക്ക്.

നാലുമണിക്ക് തിരിച്ച് പോന്നു. അഞ്ചേമുക്കാലിന് ഇറങ്ങി. ജെബെല്‍ അലിയില്‍ കുറെ നടന്നതുകാരണം, ഭയങ്കരായി ടയേഡായിപ്പോയി. സോ, നേരെ വീട്ടില്‍ പോയി.

ഒമ്പതരക്ക് സോനയേം കൂട്ടി കസ്ബ കനാലിന്റെ സൈഡില്‍ നടക്കാന്‍ പോയി. നാട്ടില്‍ പോയാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞു. അവള്‍ ടീ.വി.യില്‍ അലങ്കാര കോഴികളെ പറ്റി കണ്ടത് പറഞ്ഞു. ഫുഡ്ബോള്‍ ഷേപ്പിലുള്ള കോഴികള്‍ വരെയുണ്ടത്രേ. ‘എന്നാ ഒരു ജോഡി നമുക്കും വാങ്ങാടീ...‘ എന്ന ആഗ്രഹം‍, ‘ജോഡിക്ക് പതിനായിരം രൂപ വിലയാ... ഇനി വാങ്ങണോ?‘ എന്ന അവളുടെ ഡയലോഗ് കേട്ട്, ‘പതിനായിരം രൂപക്ക് ഒരു എരുമയെ കിട്ടും, അത് വാങ്ങാം’ എന്ന് പറഞ്ഞ് ചിരിച്ചു.

അവിടെ നിന്ന് പിള്ളേര്‍ക്ക് ഒരു സ്മോള്‍ പോപ് കോണ്‍ വാങ്ങി തിരിച്ച് പോന്നു. അഞ്ച് ദിര്‍ഹം!

Sunday, September 26, 2010

27-09-2010

നല്ല പാലക്കാടന്‍ മട്ടയുടെ ചോറ്, കറിവേപ്പിലയും കടുകും പച്ചമുളകും അവിടിവടായി കിടക്കുന്ന മഞ്ഞ കളറില്‍ നല്ല കൊഴുപ്പന്‍ പരിപ്പുകറി, ചെറുങ്ങനെയൊന്ന് മൊരിഞ്ഞ നാളികേരവും കുരുകുരാ അരിഞ്ഞ കയ്പ്പക്കയും കിഴക്കന്‍ മുളകുമിട്ട് വെളിച്ചെണ്ണയില്‍ വഴറ്റിയെടുത്ത് തോരന്‍, കാശ്മീരി ചില്ലിയും മഞ്ഞള്‍പൊടിയും ഉപ്പും പുരട്ടി ചെറുതീയില്‍ പൊരിച്ചെടുത്ത കണ്ടാല്‍ ഒരു മുക്കാല്‍ അയലയോളം വരുന്ന മാദകത്വം തുളുമ്പുന്ന ചാളയും പിന്നെ രാത്രി എട്ടുമണിയുടെ ആ ഒടുക്കത്തെ വിശപ്പും! അതായിരുന്നു അത്താഴം.

ഇന്നലെ പൊതുവെ ശാന്തമായിരുന്നു. വല്യ പണിയൊന്നുമുണ്ടായില്ല.

ജിമ്മില്‍ പോയി. ഷട്ടില്‍ മൂന്ന് ഗെയിം കളിച്ചു. മൂന്നിലും അടിയറവ് പറഞ്ഞെങ്കിലും അടിവയറ്റില്‍ വേദന വരും കളികളിച്ചു. നമുക്കത് മതിയല്ലോ! അവിടന്ന് നേരെ പോയി വയറിന് പത്തടി, ചെസ്റ്റിന് ആറടി, കൈക്ക് അഞ്ചടി. പുറത്തിന് അഞ്ചടി. വിശാലമായി ഒന്ന് കുളിച്ച് ട്രൌസറിട്ടോണ്ട് തന്നെ വീട്ടിലേക്ക് പോന്നു.

‘ഇന്നിനി എങ്ങോട്ട് പോകും?’ എന്ന പ്രശ്നത്തില്‍, വീണ്ടും മീന്‍ മാര്‍ക്കറ്റിലേക്ക്.. എന്ന് പറഞ്ഞ് അവിടേക്ക് പോയി. ഒമ്പതരയായി അവിടെ എത്തിയപ്പോള്‍. അതുകൊണ്ട് ഇന്നലെ മെച്ചമായി. അപ്പപ്പിടിച്ച ഐറ്റംസ് കിട്ടുന്ന ഭാഗത്ത് എങ്ങിനെയെങ്കിലും വിറ്റ് തീര്‍ക്കാന്‍ നില്‍ക്കുന്ന ഒരു ചേട്ടന്റെ കയ്യീന്ന് 40 ദിര്‍ഹത്തിന് ഒരു അഞ്ച് കിലോയോളം മീന്‍! ഇതുവരെ കഴിച്ചിട്ടില്ലാത്ത ഇനമാണ്. കാണാന്‍ ലുക്കൊക്കെയുണ്ട്. ഫ്രൈക്കും കൂട്ടാനും സൂപ്പറാണ് എന്നാണ് ആ ബംഗാളി പറഞ്ഞത്. തല്ലിപ്പൊളിയാണെങ്കില്‍ അവന്റെ തലയില്‍ കൊണ്ട് കൊടഞ്ഞിടണം!

Saturday, September 25, 2010

26-09-2010

നാട്ടില്‍ പോക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ മാര്‍ച്ചില്‍ അവരെ നാട്ടില്‍ വിടുന്ന ഭാഗത്തേക്കാണ് ചെരിവ്.

അപ്പോള്‍ മാര്‍ച്ച് 25 ന് സോനേം പിള്ളേരും നാട്ടില്‍ പോകുന്നു. സാധനങ്ങളുമായി നമ്മുടെ കണ്ടെയ്നര്‍ അവിടെയെത്തുമ്പോള്‍ ഞാന്‍ ഒരാഴ്ചക്ക് പോകുന്നു, പിള്ളേരുടെ അഡ്മിഷനും വീട് ഡെക്കറേഷനും സെറ്റിങ്ങ്സും മറ്റെല്ലാ പരിപാടികളും സെറ്റപ്പാക്കി, ഡേഷ് പോയ അണ്ണാനെപ്പോലെ ഞാന്‍ തിരിച്ചു വന്ന് നമ്മുടെ ഷാര്‍ജ്ജയിലോ ദുബായിലോ ഉള്ള എന്റെ രാത്രികള്‍ക്കും പകലുകള്‍ക്കും കമ്പനി തരാന്‍ പോകുന്ന ഏതോ ആ സ്റ്റുഡിയോ ഫ്ലാറ്റില്‍ താമസം തുടങ്ങി, ബാച്ചി വീണ്ടും ബാച്ചിയായതായി പ്രഖ്യാപിക്കുന്നു.

* * *

ഹാ... എന്തൊരു ട്രാഫിക്ക്! ആറേ നാപ്പതിനിറങ്ങിയിട്ട്, ഓഫീസിലെത്തിയത് എട്ടേ നാല്പതിന്. ഇതിലും എഴയാന്‍ ഇല്ല. ഇരുന്നിരുന്ന് അരവരെ തരിച്ചുപോയി.

* * *

ഇന്നലെ ഇവിടത്തെ പരിപാടി കഴിഞ്ഞ് നേരെ ജെബലലിയിലെ പരിപാടിക്ക് പോയി. ഉച്ചക്ക് കഴിക്കാന്‍ ഒന്നും കൊണ്ടുവരാതിരുന്നതുകൊണ്ട്, ഓഫീസില്‍ നിന്ന് ഒരു ചോക്കളേറ്റും നാലുമണി പിസ്താഷ്യൂവും എടുത്ത് കഴിച്ചാണിറങ്ങിയത്.

അവരുടെ ഇമ്പോര്‍ട്ടര്‍ കോഡ് റിന്യൂ ചെയ്താലേ സലാല ഷിപ്മെന്റ് നടക്കു. അത് പെട്ടെന്ന് തന്നെ ചെയ്യണം. പോര്‍ട്ട് റാഷിദ് കസ്റ്റംസ് ഓഫീസില്‍ പോയി ചെയ്യേണ്ട പണിയാണ്. എങ്ങിനെയെങ്കിലും മാനേജ് ചെയ്യണം.

അവരുടെ ഓഫീസില്‍ നിന്ന് പതിവു പോലെ ഇന്നലേം രണ്ട് ചോക്കളേറ്റെടുത്തു, പിള്ളേര്‍ക്ക് കൊടുക്കാന്‍. ഷട്ടില്‍ കളി പാര്‍ട്ടണര്‍ എബി അച്ചായനെ വിളിച്ചു. ആള്‍ ഇന്ന് വരുന്നില്ല, അതുകൊണ്ട് അക്കാദമിയില്‍ പോകേണ്ട എന്ന് വച്ചു, ഉച്ച് ഒന്നും കഴിച്ചുമില്ലല്ലോ!

സോനേടെ അമ്മയുണ്ടാക്കുന്ന പോലത്തെ ചിക്കന്‍ കറിയായിരുന്നു, ഓര്‍ഡര്‍ ചെയ്തത്. നാലുമണിക്ക് വീട്ടിലെത്തി, ചോറുണ്ടു.

വൈകീട്ട് ഐക്കിയ യില്‍ പോയി. അവിടത്തെ റെസ്റ്ററന്റില്‍ നിന്ന് 2 കിഡ്സ് മീല്‍ വാങ്ങി. ഞങ്ങള്‍ നാലുപേരും കൂടെ അഡ്ജസ്റ്റ് ചെയ്ത് കഴിച്ചു. സോഫ്റ്റ് ഡ്രിങ്കിന്റെ ഒരു ഗ്ലാസ് വാങ്ങി, കോക്കും സ്പ്രൈറ്റും മിറിന്റയും കഴിയുമ്പോ കഴിയുമ്പോ പോയി നിറച്ച് നാലു പേരും കൂടെ കുടിച്ചു!

തിരിച്ച് വരും വഴി അല്‍ഫലയില്‍ കയറി, ഓയിലും നാളികേരവും ഫ്രൂട്ട്സും കൂട്ടത്തില്‍ രണ്ട് നാനും റൊട്ടിയും വെട്ടിയരിഞ്ഞ മീറ്റ് സാലഡും ഹമ്മൂസും നൂറ് മെളക് ഉപ്പിലിട്ടതും വാങ്ങി, വീട്ടില്‍ വന്ന് ബാക്കി വന്ന ചിക്കന്‍ കറി കൂട്ടി ഒരു പെരുക്കും കൂടെ..

എന്റെ ജീവിതത്തിലെ മറ്റൊരു നല്ല ദിവസം കൂടെ അങ്ങിനെ ചരിത്രമായി.

Friday, September 24, 2010

25-09-2010

അങ്ങിനെ ഈ വീക്കെന്റും ശാന്തമായി കൊണ്ടാടി!

രാവിലെ ജെബല്‍ അലിയില്‍ ഇന്‍സ്പെക്ഷന് പോയിരുന്നു. സംഗതികള്‍ സ്മൂത്തായിരുന്നു, കൂട്ടത്തില്‍ മറ്റോന്റെ ടി.ടി. അയച്ച് സഹായിക്കുകയും ചെയ്തു. ഈ കമ്പനിയില്‍ നിന്നാല്‍ അങ്ങിനെ ചില്ലറ ഗുണങ്ങളും ഇല്ലാതില്ല, നമ്മുടെ സൈഡ് പണികളും തടസ്സമില്ലാതെ നടന്നോളും!

വ്യാഴാഴ്ചയെടുത്ത തീരുമാനം പ്രകാരം, വൈകീട്ടത്തെ ഫൂഡ് അടി ഇച്ചിരി ഓവറാണ്, ഇനി മൊത്തം ഒന്ന് കണ്ട്രോള്‍ ചെയ്യണം. കളിക്കാനാണെ പോകുന്നുമില്ല. അതുകൊണ്ട് മോരു കൂട്ടാനും ചോറും പപ്പടവും കൂട്ടി ലൈറ്റ് ഫുഡേ കഴിച്ചുള്ളൂ.

സലി നാട്ടില്‍ പോകുന്നു. അവന്റെ കയ്യില്‍ ചില്ലറ സാധനങ്ങള്‍ കൊടുത്തയക്കാനുണ്ട്. കൂട്ടത്തില്‍ കഴിഞ്ഞാഴ്ച സോനേടേ വീട്ടിന്നും നിന്നും പിള്ളേര്‍ക്ക് കൊടുത്തയച്ച ഡ്രസ്സുകളുമുണ്ട്. രണ്ടും പാകമല്ല!

സലിയുടെ പുതിയ ഫ്ലാറ്റ് കണ്ടു. കൊള്ളാം. പക്ഷെ, അവന്മാര്‍ അത് കോമണ്‍‌വെല്‍ത്ത് വില്ലേജ് പോലെയാണിപ്പോള്‍ കിടക്കുന്നത്. മാറിയല്ലേയുള്ളൂ, അതാവും!

അവിടന്ന് നേരെ ഷാര്‍ജ്ജ സിറ്റി സെന്ററില്‍ പോയി. ചിക്ക് കിങ്ങില്‍ കയറി നാല് റ്റ്വിസ്റ്റര്‍ വാങ്ങി. ഗള്‍ഫ് ന്യൂസിന്റെ കൂപ്പണ്‍ ഉള്ളതുകൊണ്ട്, ഒന്നിന് ഒന്ന് ഫ്രീയാണ്. 23 ദിര്‍ഹത്തിന് നാല് റ്റ്വിസ്റ്റര്‍ കോമ്പോയാണ്!

എന്ത് പറയാനാ.. പിള്ളേര്‍ ആ ഫ്രഞ്ച് ഫ്രൈയും പെറുക്കിത്തിന്ന്‌ കോളയും കുടിച്ച്, സാന്റ്വിച്ചില്‍ ഒരോ കടിയേ കടിച്ചുള്ളൂ. എന്റെ ഡയറ്റ് എന്തായി? എന്റെയടക്കം മൊത്തം രണ്ടര റ്റ്വിസ്റ്ററും കൂടേ നമ്മുടെ വയറ്റിലായി!!

കണ്ണ് തുറിച്ചാലും ഞാന്‍ കടി വിടില്ല... എന്ന ശീലം ചൊട്ടയിലേ ഉള്ളതുതുകൊണ്ട് ചേരപ്പാമ്പ് പെരുച്ചാഴിയെ വിഴുങ്ങി പോകുമ്പോലെയായി!

നേരെ ഇ മാക്സില്‍ പോയി. ഉണ്ണിക്ക് അരയിലിട്ട് കറക്കുന്ന വട്ടം (എന്തോ.. അവള്‍ പറയുന്ന കേട്ടു, അയിന്റെ പേര്!) വാങ്ങണം എന്ന് പറഞ്ഞിരുന്നു. പിന്നെ, റാക്കറ്റിന്റെ സ്ട്രിങ്ങും ഷട്ടിലും അവിടെ കിട്ടുകയും ചെയ്യുമല്ലോ!

വട്ടം രണ്ടെണ്ണം വാങ്ങി. യോനെക്സിന്റെ ഷട്ടില്‍ ഒരു കുറ്റി വാങ്ങി. സ്ട്രിങ്ങും വാങ്ങി. ഒരു കുറ്റി ഷട്ടിലിന് 78 ദിര്‍ഹംന്ന്! പത്തെണ്ണമാണ് മൊതലുള്ളത്. ഞാന്‍ നാല് തട്ട് തട്ടിയാ രണ്ട് പപ്പ് ഒടിഞ്ഞ് പോകും. ച്ചാല്‍ മാക്സിമം 10 ഗെയിം കളിക്കാനുള്ളതേ ഉള്ളൂ. എന്താ കഥ! പാലിന്റെ കാശുമായി ഒക്കെ കമ്പയര്‍ ചെയ്യാന്‍ പോയാല്‍ പിന്നെ ഷട്ടില്‍ കളിയേ ഉപേക്ഷിക്കേണ്ടി വരും. ഒരു നൂറ്റി ഇരുപത്തി നാല് ദിര്‍ഹത്തിന്റെ കാര്യം ഇമാക്സില്‍ വച്ച് തീരുമാനമായി.

അവിടന്നെ നേരെ, സണ്‍ ഏന്‍ സാന്റ്സില്‍ പോയി. റാക്കറ്റ് കെട്ടാന്‍ കൊടുത്തു. ഒമ്പത് മണി ആയപ്പോഴേക്കും പിള്ളേരുടെ സ്റ്റാമിന കഴിഞ്ഞു, രാവിലെ നേരത്തേ എണീറ്റ് സ്കൂളില്‍ പോയതിന്റെ ക്ഷീണവുമുണ്ടല്ലോ!

വൈകീട്ട്, ഷിജുവിന്റെ വീട്ടിലേക്ക്, ഹട്ടയിലേക്ക് പോകാന്‍ ഒന്നാലോചിച്ചതായിരുന്നു. പിന്നെ, രാത്രി വേറെ വീട്ടില്‍ തങ്ങല്‍ അവള്‍ക്ക് കംഫര്‍ട്ടബിള്‍ അല്ല എന്നതുകൊണ്ട് ഡ്രോപ്പ് ചെയ്തു.

വെള്ളിയാഴ്ച രാവിലെ അമ്പലത്തില്‍ പോയി നേരെ ഹട്ടക്ക് പോകാം എന്നായിരുന്നു പ്ലാന്‍. പക്ഷെ, ഞാന്‍ രാവിലെ ആറുമണിക്ക് എണീറ്റ് ‘ഖട്ടാ.. മീട്ടാ..’ കണ്ടിരുന്ന് ഒമ്പതരയായി. അതുകൊണ്ട് സംഭവം പിന്നെയാട്ടേ എന്ന് വച്ചു. നൂലപ്പവും മുട്ടക്കറിയുമായതിനാല്‍, അമ്പലത്തീല്‍ പോയി വന്നതിന് ശേഷം കഴിക്കാമെന്ന് വച്ചു. പിള്ളേരെണീക്കാത്തതിനാല്‍ ഞാനും സഞ്ജുവും കൂടെ അമ്പലത്തില്‍ പോയി. തിരക്കില്ലായിരുന്നു.

വരും വഴി ലുലു ഹൈപ്പറില്‍ കയറി, മഞ്ഞപ്പൊടിയും രണ്ട് നാളികേരവും ഒന്നര കിലോ കൊള്ളിക്കിഴങ്ങും വറക്കാന്‍ മീന്‍ സ്റ്റീക്കും ഒരു മസാഫി വെള്ളവും വാങ്ങി. എന്താ തിരക്കവിടെ, ഒരു പൂരത്തിന്റെ ആളാ.. നാട്ടില്‍ കടകളില്‍ ഇത്രേം തിരക്ക് വരണമെങ്കില്‍ ഓണമാവണം. ഇവിടെ എന്നും ഓണം തന്നെ!!

ബ്രേയ്ക്ക് ഫാസ്റ്റ്, അഞ്ച് നൂലപ്പോം രണ്ട് മൊട്ടയും കഴിച്ചപ്പോള്‍ സമയം ഒരുമണിയായതുകൊണ്ട്, ലഞ്ചിന് വല്യ ആവേശം തോന്നിയില്ല.

എനിക്ക് ചാളയോളം വരില്ല ചെമ്മീന്‍, എന്നാലും രണ്ടരക്ക് കുടമ്പുളിയിട്ട് വച്ചാ നല്ല ചെമ്മീന്‍ കറിയും കൊള്ളിക്കെഴങ്ങ് കുത്തിക്കാച്ചിയതും മീന്‍ വറത്തതും പാലക്കാടന്‍ മട്ട ചോറും ഓവനില്‍ ചുട്ട പപ്പടവും വച്ച് ഒരു ചെറിയ പിടി പിടിച്ചു!

വൈകീട്ട് മാമ്പ്ര ഷാജു വന്നിരുന്നു. അവനും ഞാനും പിള്ളേരും കൂടെ റാക്കറ്റ് കെട്ടിയത് വാങ്ങാന്‍ പോയി. സോന വന്നില്ല. കോര്‍ണിഷിലെത്തിയപ്പോള്‍ പാപ്പുവിന് അപ്പം മുള്ളണം. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ നിനക്കൊന്നും മുള്ളാന്‍ പറ്റില്ലല്ലേ? എന്ന് ചോദിച്ച് ഒന്ന് മിരട്ടി, മജാസ് പാര്‍ക്കിന്റെ അടുത്തുള്ള കച്ചയില്‍ മുള്ളിച്ചു. സംഗതി കുഞ്ഞ് കുട്ടിയല്ലേ, സോ, വല്യ ബോറല്ല!! :)

സ്ട്രിങ്ങ് കെട്ടിച്ച് വാങ്ങി. 20 ദിര്‍ഹം. കടലില്‍ പോകുമ്പോള്‍ പൊന്തിക്കിടക്കാനുള്ള ഒരു വടി പോലെയൊരു സാധനം വാങ്ങണമെന്ന് പിള്ളേര്‍ പറഞ്ഞ് അതും വാങ്ങി. ഷാര്‍ജ്ജ പാര്‍ക്കില്‍ ഷാജുവും ഞാനും പിള്ളേരും കൂടെ ബോള്‍ തട്ടി കളിച്ചു. പിള്ളേര്‍ക്ക് മടുത്തപ്പോള്‍ തിരിച്ച് പോന്നു. പോരും വഴി, ഷാര്‍ജ്ജ സിനിമയുടെ ഭാഗത്തുള്ള തട്ടുകടേന്ന് ചൂടന്‍ കപ്പലണ്ടി വാങ്ങി. അതും കഴിച്ച് തിരിച്ച് പോന്നു.

വീട്ടിലെത്തി, ഇവര്‍ വിവാഹിതരായാല്‍ ടി.വി.യില്‍ കണ്ടു, ഇനി നമുക്ക് ‘മെടഗാസ്കര്‍ ഇട്ടാലോ..അച്ഛാ!’ എന്ന് ഉണ്ണിയുടെ ചോദ്യത്തിന് ‘നിനക്ക് നല്ല പെടഗാസ്കറിന്റെ‘ കുറവുണ്ട് എന്ന് പറഞ്ഞ് ചിരിച്ചു.

പടം കഴിഞ്ഞപ്പോള്‍ പതിനൊന്നരയായി! സിനിമ കണ്ട് എണീറ്റപ്പോള്‍ ഷാജു എന്നെ നോക്കി, ‘രണ്ടെണ്ണം വീശിയ പോലെയാണല്ലോ ഡാ നീ നടക്കണേ..’ എന്ന് പറഞ്ഞപ്പം ‘ഉം..വീശിയാല്‍ അച്ഛനെ ഞാന്‍ പൂശും!’ എന്ന് ഉണ്ണിയുടെ ഡയലോഗ് കേട്ട് എല്ലാവരും ചിരിച്ചു.

ഓണ്‍ സ്പോട്ടില്‍ ഉണ്ണി ചിലപ്പോള്‍ ജ്ജാതി പെടയാണ്.

23-09-2010

തണുപ്പ് തുടങ്ങാന്‍ പൊകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇന്നലെ മുതല്‍ ചൂട് കുറഞ്ഞു. ഓട്ടം സീസണ്‍ തുടങ്ങുന്നുവെന്ന് കാലാവസ്ഥ പ്രവചനം റേഡിയോയില്‍ കേട്ടു. വെരി നൈസ്!

തണുപ്പ് സീസണ്‍ രസമാ. രാവിലെ എണീക്കാന്‍ തോന്നില്ലയെങ്കിലും, വെള്ളം ഐസ് വാട്ടര്‍ പോലെയാവുമെങ്കിലും മഞ്ഞുപുകയും മൂടി നില്‍ക്കുന്ന ബില്‍ഡിങ്ങുകളും സ്വെറ്ററും തൊപ്പിയുമൊക്കെ ഇട്ട് പോകുന്ന ആളുകളും എല്ലാം കാണുന്നത് തന്നെ ഒരു സന്തോഷമാണ്.

രണ്ടുമൂന്ന് ദിവസമായി ജിമ്മിന് പോയില്ല. റാക്കറ്റ് കെട്ടിയിട്ടില്ല! മിനിയാന്ന്‍ പോകാഞ്ഞതിന്റെ കാരണം എന്റെ എവര്‍ ഫേവറിറ്റ് സാമ്പാറും ചാള വറുത്തതുമാണ് വൈകീട്ട് എന്നതായിരുന്നു. നേരത്തേ പോയി ഒരു പെരുക്കങ്ങട് പെരുക്കാം എന്ന് വച്ചു.

ഈ ജോലിയില്‍ തന്നെ നില്‍ക്കേണ്ടി വന്നാല്‍ അടുത്ത മാര്‍ച്ചില്‍ അവരെ നാട്ടില്‍ വിടണതിന്റെ പറ്റി സോനാജിയുമായി ഡിസ്കഷനോട് ഡിസ്കഷനാണിപ്പോള്‍.

വരവിന്റെ അമ്പത് ശതമാനത്തില്‍ കൂടരുത് ചിലവ് എന്ന നമ്മുടെ പോളിസി ഇപ്പം അപ്ലെ ചെയ്യാന്‍ പറ്റുന്നില്ല. പണ്ട് റോള്‍ബോളിലായിരുന്നപ്പം അതൊക്കെ നടന്നിരുന്നു. പാര്‍ട്ട് ടൈം ജോലിയും ട്രക്കോടിക്കിട്ടുന്നതുമൊക്കെ വച്ച് ചിലവ് അമ്പത് ശതമാനത്തില്‍ താഴെ നിന്നിരുന്നു. ഇപ്പം അമ്പതിലൊന്നും നില്‍ക്കണില്ല.

അടുത്ത മാര്‍ച്ചോടെ ഇവിടെ ഇപ്പം ഒമ്പത് വര്‍ഷമാവും ഫാമിലിയായി ജീവിതം തുടങ്ങിയിട്ട്. ആ സമയത്ത് വിട്ടാല്‍ സ്കൂള്‍ ഷിഫ്റ്റിങ്ങിനും പ്രശ്നം ഉണ്ടാവില്ല, പിന്നെ ഫ്ലാറ്റിന്റെ റിന്യൂവല്‍ ടൈമും ആകും. ഒരു റ്റ്വന്റി ഫൂട്ട് കണ്ടെയ്നറില്‍ ഇവിടെയുള്ള ഫര്‍ണീച്ചറുകളും എലക്റ്റ്രോണിക്സ് ഐറ്റംസും മറ്റു നാട്ടില്‍ കൊണ്ടു ചെന്നാല്‍ നാട്ടിലെ വീട്ടില്‍ ഫുള്‍ ഫര്‍ണിഷിങ്ങിനുള്ളതാവുകയും ചെയ്യും.

പക്ഷെ, ഒരേയൊരു പ്രോബ്ലം, അങ്ങിനെയൊരു പറിച്ചുനടല്‍ നടത്തിയാല്‍ പിന്നെ, ഫാമിലിയായി വീണ്ടും ഇവിടെ മൊത്തം സെറ്റപ്പ് ചെയ്ത് ഇതേ പോലെയാവുക എന്ന് വച്ചാല്‍, ആള്‍മോസ്റ്റ് ഇമ്പോസിബിള്‍ തന്നെയാവും. പിള്ളേര്‍ക്കാണ് ഏറ്റവും പ്രശ്നം, സ്കൂള്‍ മാറല്‍ എളുപ്പമല്ല.

ആദ്യം വിട്ടപ്പോള്‍, വീടു പണിയാന്‍ വേണ്ടി എന്ന ഒരു ന്യായീകരണം എനിക്കുണ്ടായിരുന്നു. ലൈഫ് ഇച്ചിരി മിസ്സായാലും സാരല്യ, ഒരു വല്യ കാര്യത്തിന് വേണ്ടിയല്ലേ? എന്ന ലോജിക്ക്.

കാശിന് ആക്രാന്തം മാറാതെ ലൈഫ് മിസ്സാക്കണോ എന്നതാണ് മെയിന്‍ ചോദ്യം. എന്റെ സ്വഭാവത്തിന് ചിലപ്പോള്‍ ഒരു ആവേശത്തിന് പറഞ്ഞുവിട്ടാല്‍ തന്നെയും പിറ്റേ ആഴ്ച മുതല്‍ കിടന്ന് നിലവിളി തുടങ്ങും.

ഇവിടത്തെ കരണ്ട് ബില്ല് മാത്രം കൊണ്ട് നാട്ടില്‍ അടിപൊളിയായി രണ്ട് പിള്ളേര്‍ക്കും സോനക്കും പാട്ടും പാടി ജീവിക്കാം. എനിക്കിവിടെ മാക്സിമം ചിലവ് ഒരു രണ്ടായിരത്തില്‍ കൂടുകയുമില്ല.

അവള്‍ക്കാണെങ്കില്‍ അച്ചനാവാനും പെണ്ണ് കെട്ടാനും റെഡിയാണെന്ന് പറഞ്ഞപോലെ, ‘ചേട്ടന്റെ ഇഷ്ടം!’ എന്ന ആറ്റിറ്റ്യൂഡാണ്.

ഹ്മ്ം ആലോചിക്കാം. :)

Tuesday, September 21, 2010

21-09-2010

ജോലി, ഒന്നില്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്ങെ കളരിക്ക് പുറത്ത് എന്ന സെറ്റപ്പാണ്.

വല്ലപ്പോഴുമേയുള്ളു. പക്ഷെ, ഉള്ളപ്പം കുരു പുറത്ത് വരുന്ന റോളാണ്. അതുകൊണ്ട് ഞാന്‍ ക്ഷമിച്ചു. അല്ലേ ഡൈലി ഇമ്മാതിരി പണികിട്ടിയാല്‍ വെയിലുകൊണ്ട് ഞാന്‍ ഉരുകിയില്ലാണ്ടായ്പ്പോവില്ലേ? രാവിലെ ഏഴര മുതല്‍ വൈകീട്ട് ആറുവരെ എന്നൊക്കെ പറഞ്ഞാല്‍...

അങ്ങിനെ അഞ്ച് ഗഢാഘടിയന്മാരായ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റിന്റെ ഇമ്പോര്‍ട്ടും എക്സ്പോര്‍ട്ടും ഇന്‍സ്പെഷനും ഡോക്കുമെന്റേഷനും കസ്റ്റംസും ഒക്കെ നല്ല കിണ്ണം കിണ്ണം പോലെ ചെയ്ത് നമ്മുടെ പണികളെല്ലാം തീര്‍ത്ത് ഞാന്‍ ബാക്ക് റ്റു പവലിയന്‍. ഇനി ബാര്‍ജ്ജ് വന്ന് അതെല്ലാമങ്ങ് എടുത്തോണ്ട് പോയേച്ചാ മാത്രം മതി.

വെറുതെ ഓഫീസിലിരുന്ന് ബസ്സ് ചെയ്യുന്ന സുഖം ഒന്നിനുമില്ലെങ്കിലും, പണിയില്‍ കഠിനമായി തോന്നിയത്, കസ്റ്റംസ് ഇന്‍സ്പെക്ഷനാണ്. അത് ഇച്ചിരി ബോറ് എടവാടാ.

മുന്‍പത്തെ കമ്പനിയില്‍ ഓഫീസിലിരുന്ന് മിയാന്‍ ജി യോട് ‘അഭീ തക്ക് ഫിനിഷ് നഹി ഹുവാ??” എന്ന് പറഞ്ഞ് ആളെ പുഷ് ചെയ്തിരുന്നപ്പം ഇത്രേ ചൊറയുണ്ട് ആ പണിക്ക് എന്നറിയില്ലായിരുന്നു. ഓഹ്! ഇന്‍സ്പേക്ടറെ വെയ്റ്റ് ചെയ്ത് രണ്ട് മണിക്കൂറ് ഇരിക്കുകാ എന്നൊക്കെ പറഞ്ഞാല്‍... അതും കൊണ്ട് കാണിക്കുമ്പോള്‍ വിനയകുനയത്തം കാണിച്ചില്ലേ... സീരിയല്‍ നമ്പറ് തെളിഞ്ഞില്ല, ഷാഷി നമ്പര്‍ കാണാനില്ല... എന്നൊക്കെ പറഞ്ഞാല്‍ നമ്മുടെ അന്നത്തെ ദിവസവും വെസ്സലും ഒരുമിച്ച് പോവും!

പെറ്റി കാഷ് സെറ്റില്‍ ചെയ്യലും ഒരു ചൊറ തന്നെ. മൊത്തം 34,000 ദിര്‍ഹം തന്നിട്ട്, ചിലവായത് മൊത്തം 36000 ത്തിന് മുകളിലാണ്. ചിലതിനൊന്നും വൌച്ചറുമില്ല. എഴുതിക്കൂട്ടി കണക്കങ്ങട് മുട്ടും വരും ഒരു പിരുപിരുപ്പാണ്. എന്തായാലും സംഗതി മുട്ടി. ഭാഗ്യം!

ഇന്ന് ദുബായില്‍ ഭയങ്കര പൊടിക്കാറ്റുണ്ട്. ഇന്നലെയാവാഞ്ഞത് രക്ഷയായി. ഫുള്‍ ടയേഡായിരുന്നെങ്കിലും ഇന്നലെ ജിമ്മില്‍ പോയിരുന്നു. ജാക്കോസിയില്‍ പോയി അരമണിക്കൂറോളം അവിടെ കെടന്ന് മൊത്തമൊന്ന് തണുപ്പിച്ചു. ഭയങ്കര റിലാക്സേഷനാണവിടം. ശരിക്കും ഫ്രഷാവും.

റാക്കറ്റിന്റെ സ്ട്രിങ്ങ് പൊട്ടിയത് മാറ്റാന്‍ സണ്‍ ഏന്‍ സാന്റ്സില്‍ പോയി. അവിടെ സ്ട്രിങ്ങ് കഴിഞ്ഞിരുക്കുകയാണ്, വാങ്ങി കൊടുത്താല്‍ കെട്ടിത്തരാമെന്ന് പറഞ്ഞു. അത് കിട്ടും വരെ ഇനിയിപ്പോ ഷട്ടില്‍ കളി നടക്കില്ല.

മച്ചി മാര്‍ക്കറ്റില്‍ പോയി, രണ്ട് കിലോ ചാളയും ഒന്നരകിലോ വല്യ ചെമ്മീനും വാങ്ങി. മീന് കുറച്ച് വിലകുറവുണ്ടായിരുന്നു ഇന്നലെ. ഈ ആഴ്ച മൊത്തം പാര മീന്‍ കൊണ്ടുള്ള വെപ്പായിരുന്നത് കൊണ്ട് പാര വാങ്ങണ്ട എന്ന് വച്ചു. നാല് കിലോ വീതമുള്ള ബരാക്കുട മീനുണ്ടായിരുന്നു. ഞങ്ങളിതുവരെ അത് വാങ്ങിയിട്ടില്ല. ഒരെണ്ണത്തിന് നാല്പത്തഞ്ച് ദിര്‍ഹമാണ് വില പറഞ്ഞത്. വറക്കാന്‍ സൂപ്പറാണ് എന്നാ ആള്‍ പറഞ്ഞത്. ഞങ്ങളുടെ സ്ഥിരം കടക്കാരനല്ലായിരുന്നതുകൊണ്ട് വാങ്ങിയില്ല.

സംഗതി ചാള കൂട്ടാന്‍ വച്ചാല്‍ വിയര്‍പ്പിന് പോലും ചാള മണം ഉണ്ടാവുമെങ്കിലും, വറുത്താല്‍ ചാളയെ പിടിക്കാന്‍ പറ്റിയ മീന്‍ എന്തുണ്ട്?

നല്ല പാലക്കാടന്‍ മട്ട കൃത്യം വെന്ത ചോറും, കായത്തിന്റെ മണം ഇത്തിരി മേളില്‍ നില്‍ക്കുന്ന മസാല വറുത്തരച്ച് വച്ച സാമ്പാറും, ഒരു ഉപ്പേരിയും രണ്ട് ചാള വറുത്തതും കുരുമുളക് പപ്പടം ഓവനില്‍ വച്ച് ചുട്ടതും ടച്ചിങ്ങിന് ഇച്ചിരെ കടുമാങ്ങ അച്ചാറും ഉണ്ടെങ്കില്‍... എത്ര കിണ്ണം ചോറുണ്ണണം???

ഉച്ചക്ക് ലഘു കഴിക്കുന്നതിന്റെ ഒരു കാരണം, വൈകീട്ട് ഏഴുമണിക്ക് വീട്ടിലെത്തുമ്പോള്‍ വിശപ്പങ്ങട് തലക്ക് പിടിക്കാന്‍ വേണ്ടിയാണ്. ടീ.വി.യില്‍ നോക്കി, ഒരു മിതമായ നിറപ്പില്‍ ഒരു കിണ്ണം ചോറ്. പിന്നെ, കുറച്ചേശെ രണ്ട് പ്രാവശ്യം കൂടെയെടുക്കും. എന്നിട്ട് അതിന്റെ മേലെ വെജിറ്റബിള്‍ സലാഡോ ഫ്രൂട്ടോ കഴിച്ച് അതിന്റെ മേലേ ഡേയ്സ്റ്റ്. സാധാരണയായി വേറെ കഴിപ്പില്ല.

ഇനി കറി അങ്ങട് സാറ്റിസ്ഫാക്ഷന്‍ ആയില്ല എങ്കില്‍ റോളയില്‍ അല്‍ ഖേയ്തില്‍ നിന്ന് ഒരു കറങ്ങും ചിക്കന്‍ ഒന്ന്. പണ്ട് കറങ്ങും ചിക്കന്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണയായിരുന്നത് ഇപ്പം ആഴ്ചയില്‍ രണ്ട് എന്ന നിലക്കാണ്. വയറില്‍ ഒരു കത്ത്യാളല്‍ ഉണ്ടാകുമെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ലാത്ത ഐറ്റമാണത്.

വെജ് മാര്‍ക്കറ്റില്‍ പോയി, കജൂറ് വാങ്ങി. രണ്ട് കിലോ ഫ്രഷ് ഡേറ്റ്സും ഒരു കിലോ ഡ്രയും വാങ്ങി. എനിക്കീ ഗള്‍ഫില്‍ ഏറ്റവും ഇഷ്ടമുള്ള സാധനം ഈന്തപ്പഴം തന്നെയാണ്. ചെറുപ്പത്തില്‍ നാട്ടില്‍ വച്ചും എനിക്ക് ഈന്തപ്പഴം ഭയങ്കര ഇഷ്ടമുള്ള ഐറ്റമായിരുന്നു, അതേ ഇഷ്ടത്തില്‍ ഒരു അണു കുറഞ്ഞിട്ടില്ല. നമുക്ക് ഷുഗറില്ലാത്തത് നന്നായി. അല്ലേ... സാക്രിഫൈസ് ചെയ്യേണ്ടി വന്നേനെ!

പണ്ട് ഇടതിരിഞ്ഞി പൂരത്തിന് രാത്രി പോയിട്ട്, തിരിച്ച് ടെമ്പോയുടെ മുകളില്‍ ഇരുന്ന് ഞാന്‍ രണ്ട് പാക്കറ്റ് ഈന്തപ്പഴം കഴിച്ചിട്ട്, ഇനി ഒരിക്കലും ‘ഈന്തപ്പഴം..ങേ..ഹേ!’ കഴിക്കില്ല എന്ന് വിചാരിച്ചതായിരുന്നു. :)!

ഫാത്തിമയില്‍ പോയി മീന്‍ വെട്ടണ കത്തര വാങ്ങി. പാര്‍ക്കിങ്ങ് ഇടണമല്ലോ എന്ന് വിചാരിച്ച് ഞാന്‍ വണ്ടിയിലിരുന്നേയുള്ളൂ. സോന പോയി വാങ്ങി. അവിടുത്തെ മാനേജര്‍, കുക്കറി ഷോയില്‍ സോനയെ കണ്ട കാര്യം പറഞ്ഞു.

ടോയ്സ്റ്റോറി 3 ഡിവിഡി വാങ്ങിയിരുന്നതുകൊണ്ട് ഉണ്ണീം പാപ്പുവും ഞങ്ങളുടെ കൂടെ മാര്‍ക്കറ്റില്‍ പോക്കിന് വന്നില്ല. ഒമ്പതക്ക് വീട്ടില്‍ തിരിച്ചെത്തി. സ്റ്റാര്‍ സിങ്ങര്‍ കണ്ടു. ഉടമ്പടി പോലെ 9:30 തുടങ്ങി 10:30 വരെ ഞാന്‍ ബസ്സും ബ്ലോഗും വായിച്ചു.

ജെബല്‍ അലി പോര്‍ട്ടില്‍ കൊഴിഞ്ഞു വീണ ഒരു ദിവസത്തെ വെയില്‍ മുഴുവന്‍ തലവച്ച് തടുത്തതുകൊണ്ട് സ്വിച്ച് ഓഫാക്കുമ്പോലെയായിരുന്നു ഉറക്കം.

Wednesday, September 15, 2010

15-09-2010

ഇന്നലെ ഓഫീസില്‍ ഫുള്‍ ടൈം വെറുതെയിരുന്നു. അവന്മാരും വന്നില്ല, ഫിലിപൈന്‍സിലെ രാജാവിന്റെ ഏകമകള്‍, നാലുപെറ്റ രാജകുമാരിയും വന്നില്ല.

സ്കൂള്‍ തുറന്നതുകൊണ്ട് റോഡുകള്‍ പഴയ തിരക്കിലേക്ക് തിരിച്ചുവന്നു. ദുബായിലെ ഏറ്റവും കഷ്ടമായ അവസ്ഥ ഈ തിരക്കാണ്. പത്തുമിനിറ്റിന്റെ ദൂരം ഒരുമണിക്കൂറെടുത്ത് യാത്ര ചെയ്യുന്നതിലെ ഫ്രസ്ട്രേഷന്‍ വല്ലാത്ത ഒന്നാണ്. എന്നുവച്ച് അത് സഹിക്കാന്‍ പറ്റാത്തത് എന്നൊന്നും ഞാന്‍ പറയില്ല്ല. ശീലമായാല് പിന്നെ അതിനസരിച്ചാകുമല്ലോ കാര്യങ്ങള്‍. രാവിലെ നേരത്തെ തന്നെ ഇറങ്ങി. 6:30 ന്. പിള്ളേരെ സ്കൂള്‍ ബസ്സില്‍ കയറ്റി വിടാനും ഉള്ളതുകൊണ്ട് സകുടുംബം ആണ് ഇറക്കം. ആ സമയത്ത് ഇറങ്ങിയാല്‍ ഓഫീസില്‍ ഒരു ഏഴുമണിക്കെത്താം. അതെനിക്കിഷ്ടം പരിപാടിയാണ്. ഡ്യൂട്ടി റ്റൈം അപഹരിക്കാണ്ട്, കുറ്റബോധമില്ലാതെ എഴുതാം, വായിക്കാം...

വൈകീട്ട് ജിമ്മില്‍ പോയി. ഷട്ടില്‍ കളി ഒറ്റ ഗെയിമേ നടന്നുള്ളൂ. അതും ഒരു ഗുമ്മായില്ല. പെട്ടെന്ന് തോറ്റുപോയി! പിന്നെ, യോനെക്സിന്റെ ഷട്ടില്‍ വാങ്ങാന്‍ പറ്റിയില്ലല്ലോ, അതുകൊണ്ട് ഷട്ടില്‍ കൊടുക്കാതെയുള്ള ഓശാരം കളി തുടങ്ങിയിട്ട് ആഴ്ചയൊന്നായി. എന്റെ കയ്യിലുള്ള ഷട്ടിലാണേ... റോക്കറ്റ് പോണ പോലെയാണ് പോക്ക്. പാര്‍ക്ക് പിള്ളാരുടെ കൂടെ തട്ടാമെന്നല്ലാതെ, ഇന്റോറ് കോര്‍ട്ടിലൊന്നും കളിക്കാന്‍ പറ്റില്ല. ട്രാഫിക്ക് കൂടിയതുകൊണ്ട് അവിടെ എത്തിയത് തന്നെ, 7 മണിക്ക്. പിന്നെ, ഒരു ഗെയിമും വയറിനടിയും ഡമ്പലാട്ടവും കഴിഞ്ഞ് കുളിച്ചേച്ചും ഇങ്ങ് പോന്നു. എന്നിട്ടും വീട്ടിലെത്തിയപ്പം മണി 8 ആയി. വണ്ടി പുറത്ത് പാര്‍ക്ക് ചെയ്യല്‍ ചൊറയായിട്ടുണ്ട്. ട്രൌസറുമിട്ട് രണ്ട് ബാഗുകളും തൂക്കി റോഡ് ക്രോസ് ചെയ്യല്‍ ഒരു അവിഞ്ഞ റോളാണ്. പക്ഷെ, ക്യാ കരൂം!

പ്രാഡോ വില്‍ക്കണോ വേണ്ടയോ എന്നതിന്റെ ഡിസിഷന്ന് ഇനി ഇന്നത്തെ ഇന്റര്‍‌വ്യൂ കഴിഞ്ഞ് അതിന്റെ തീരുമാനം വന്നതിന് ശേഷമേ എടുക്കുന്നുള്ളൂ. ഏതൊരു ശരാശരി മല്ലുവിനെ പോലെ, അത് ഓട്ടിക്കാനൊരാഗ്രഹം ഉണ്ടായിരുന്നത് ഒരു കൊല്ലവും മൂന്ന് മാസവും ഓടിച്ച് തീര്‍ത്തു. കമ്പനിക്കാര്‍ തരുന്ന നല്ലോരു വണ്ടി പൊറത്തിട്ടിട്ട്, മാസം 3500 ദിഹം ചിലവാക്കി ഒരെണ്ണം വെറുതെ പാര്‍ക്കിങ്ങിലിടുക എന്നൊക്കെ പറഞ്ഞാല്‍... ചെകിളേമ്മെ അടികിട്ടാത്തതാണെന്നെ പറയൂ.

ഇന്നും ബസ്സില്‍ കയറി അതുമിതുമൊക്കെ പറഞ്ഞു. അതിലൊരു ചര്‍ച്ചയായിരുന്നു, ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ചേട്ടാ ന്ന് വിളിക്കുന്നതിനെ പറ്റി. എന്തൊക്കെ ചര്‍ച്ചകള്‍! ഓരോരോ കുടുംബവും ഇന്ന് ഓരോരോ രാജ്യങ്ങളാണ്, ഒരു രാജ്യത്തെ രീതികളില്‍ മറ്റു രാജ്യങ്ങളിലെ താല്പര്യങ്ങള്‍ക്ക് എന്ത് വില?

മുന്‍പേ പറക്കുന്ന പക്ഷികളുടെ അവതാരികയില്‍ പറയുമ്പോലെ, കീഴടങ്ങാതെയും കീഴടക്കാതെയുമുള്ള ജീവിതങ്ങള്‍ എങ്ങും എപ്പോഴും രസകരമാണ്.

Monday, September 13, 2010

14-09-2010

സത്യം മാത്രം പറഞ്ഞ് ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമൊ? ഒരു രക്ഷയുമില്ല, എന്നാണ് എനിക്ക് തോന്നുന്നത്.

ഉദാഹരിച്ചാല്‍, നാളെ ഒരു ഇന്റര്‍വ്യൂ ഉണ്ട്. ആ കമ്പനി ഒന്നൊന്നര രണ്ട് സെറ്റപ്പാണ്. പാക്കേജ് എന്നെ ഞെട്ടിച്ചൊന്നുമില്ലെങ്കിലും, കൊള്ളാം.

ഇവിടം ഇഷ്ടമ്പോലെ ഫ്രീ ടൈമുള്ളതുകൊണ്ടും ഈ പണിയുടെ കൂടെ പാര്‍ട്ട് ടൈം പണിയും നടന്നുപോകുമെന്നതിനാലും അക്കോഡും പെട്രോളും സാലിക്കുമെല്ലാം തന്നതുകൊണ്ടും ഇവിടെ വല്യ കൊഴപ്പം ഇല്ലെങ്കിലും നാലുപേരറിയുന്ന ഒരു കമ്പനിയില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലിക്ക് ഫൈനല്‍ ഇന്റര്‍വ്യൂ വിന് വിളീച്ചാല്‍ പോവണ്ടായോ?

പക്ഷെ, ഡ്യൂട്ടിക്കിടയില്‍ എങ്ങിനെ സ്കൂട്ടാകും എന്നതിനെ കുറിച്ച് യാതൊരു പിടിയുമില്ല.

സത്യം സത്യമായി പറഞ്ഞാല്‍ “ഹലോ ചുള്ളന്‍, എനിക്ക് നാളെ ഒരു ഇന്റര്‍വ്യൂവുണ്ട്, ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ പോണം!“ എന്നുപറയണം. അതാണ് പരമാര്‍ത്ഥം. പറയാന്‍ പറ്റുമോ??

‘മോള്‍ക്ക് സുഖമില്ല’ ഒരു തവണ ആള്‍‌റെഡി ഓടിയതാണ്. സോ, അതു പറ്റില്ല. പ്രത്യേകിച്ചൊന്നും പ്ലാന്‍ ചെയ്യുന്നില്ല. സിറ്റുവേഷന്‍ അനുസരിച്ച് എന്തെങ്കിലും വേഷംകെട്ട് എടുക്കാം.

മൂന്ന് ദിവസം ലീവ് അങ്ങിനെ തീര്‍ന്നു. മൊത്തത്തില്‍ കുഴപ്പം ഒന്നും ഉണ്ടായില്ല. ആദ്യത്തെ ദിവസം ഫെസ്റ്റിവല്‍ സിറ്റിയില്‍ പോയി വെടിക്കെട്ട് കണ്ടു. ഐക്കിയയില്‍ നിന്ന് ഐസ് ക്രീമും ഷവര്‍മ്മയും വാങ്ങി.

രാത്രി വീട്ടില്‍, കരസീമന്‍, ഷാജു, ബിനേഷ്, ടുട്ടു, സഞ്ജുവും പിന്നെ ഞങ്ങള്‍ നാലുപേരുമുണ്ടായിരുന്നു. പിള്ളേരടക്കം മൊത്തം 9 പേര്‍! ഡിന്നറിന് കെന്റക്കി ചിക്കന്‍ വാങ്ങി. ഷാജുവും കരസിയും ചോറുണ്ടു, അവക്ക് ചിക്കനിഷ്ടമല്ലല്ലോ!

പിറ്റേന്ന് രാവിലെ അല്‍ഫലയില്‍ പോയി സാമ്പാര്‍ കഷണവും മീന്‍ സ്റ്റീക്കും വാങ്ങി. നിഷാന്ത് വന്നിരുന്നു. ഉച്ച കഴിഞ്ഞ് എല്ലാവരും കൂടെ മംസാര്‍ ബീച്ചില്‍ പോയി കുളിച്ചു. സോനയും നിഷാന്തും കുളിച്ചില്ല. ബാക്കിയെല്ലാവരും ഒരു 3 മണിക്കൂര്‍ ബീച്ചില്‍ കിടന്ന് മറിഞ്ഞു.

പ്രാഡോ വില്പന ഇതുവരെ നടന്നില്ല. രണ്ട് വണ്ടിക്ക് പാര്‍ക്കിങ്ങ് ഇല്ലാത്തതുകൊണ്ട് ഇന്നലെ മുതല്‍ അക്കോഡിനെ താഴെയാണിട്ടത്. ആകെ പൊടി പിടിച്ചു.

ഞായറാഴ്ച ഉണ്ണിയേം കൊണ്ട് ഡെന്റിസ്റ്റിന്റെ അടുത്ത് പോയി. ഡോകടര്‍ ലീവ് കഴിഞ്ഞ് എത്തിയില്ല. ബില്ലിനെ കുറിച്ച് ചോദിക്കാന്‍ എട്ടിസലാട്ടിന്റെ ഓഫിസില്‍ പോയിരുന്നു. അടവായിരുന്നു. ഹോം സെന്ററില്‍ പോയി, ക്ലോക്ക് മാറ്റിയെടുത്തു. മദീനയില്‍ പോയി ഒരു കിലോ മട്ടണ്‍ വാങ്ങി. 29 ദിര്‍ഹം കിലോക്ക്. ഉണ്ണിക്കും പാപ്പുവിനും ചോക്കളേറ്റ്സും വാങ്ങി.

ഇന്നലെ അക്കാദമിയില്‍ പോയി. ഷട്ടില്‍ കളിച്ചു. തോറ്റമ്പി! ജിമ്മില്‍ കുയറി വയറിനും ചെസ്റ്റിനും കയ്യിനുമടിച്ചു. കുളിച്ചു. മട്ടണ്‍ കറി കൂട്ടി രണ്ട് ഒരു കിണ്ണം ചോറും രണ്ട് ചപ്പാത്തിയും കുറച്ച് കൊള്ളിപ്പുഴുക്കും കഴിച്ചു. സോനേം പാപ്പുവിനേം കൂട്ടി കരാമയില്‍ യോഹന്നാന്‍ ചേട്ടന്റെ വൈഫിന്റെ കയ്യില്‍ നാട്ടില്‍ നിന്ന് സോനേടെ ഡാഡി മമ്മി കൊടുത്തയച്ച പിള്ളെരുടെ ഡ്രസ്സും എന്റെ ഡിഗ്രി സര്‍ട്ടിഫിക്കേറ്റും വാങ്ങാന്‍ പോയി. വരും വഴി കരാമ ഡി.സി.ബുക്സില്‍ കയറി. അവിടെ മനോരമ ടിവിയിലെ ചന്ദ്രകാന്തിനേം ഫാമിലിയേം കണ്ട് ഒരു മണിക്കൂര്‍ കത്തിപ്പയറ്റ് നടത്തി.

വീട്ടില്‍ രാത്രി 9:30 മുതല്‍ 10:30 വരെയാണ് ഇന്റര്‍നെറ്റില്‍ പണി എന്ന എഗ്രീമെന്റ് പ്രകാരം പത്തര വരെ പണിത്, പത്തരക്ക് പോയി കിടന്നു.

Sunday, August 29, 2010

30-08-2010

വേദനിക്കുന്ന കോടീശ്വരന്‍ വരാത്തതിനാല്‍ ഇന്നലെ ഇഷ്ടമ്പോലെ ഫ്രീടൈം കിട്ടിയിരുന്നു.

ഓഫീസില്‍ നിന്ന് നേരെ അക്കാദമിയില്‍ പോയി. നാലരക്കവിടെയെത്തി. അക്കാദമിയുടെ അന്തരീക്ഷം ആരേം ഹഢാദാകര്‍ഷിക്കാന്‍ പോന്നതാണ്. ഏറെക്കുറെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെത്രക്കും പോഷ് ആയ ഒരു സെറ്റപ്പ്. ഒരു പടിഞ്ഞാറ് വേലിക്കപ്പുറം സെറ്റുമുണ്ടിന്റെ കരപോലെ പതിനാല് വരിപ്പാതയില്‍ എമിറേറ്റ്സ് റോഡ്, വടക്കേ എത ഗള്‍ഫ് ജീവിതത്തിലെ ഏറ്റവും ഡ്രൈയായ ജീവിതങ്ങളുള്ള ലേബര്‍ ക്യാമ്പുകളുടെ ജില്ലയാണ്. അതിനിടക്ക് നിറച്ചും മരങ്ങളും കിളികളുടെ കരയലും കൂവലും ഒക്കെയായി ഒരു സ്ഥലം.

പതുക്കനെ ഒരു 22 മിനിറ്റ് നടന്നു. വയറിനടിക്കുന്ന ബെഞ്ചില്‍ കാല്‍ കുരുക്കിയിട്ട് തലകീഴായി അഞ്ച് മിനിറ്റ് ശാന്തമായി കിടന്ന്, വൈകീട്ടത്തെ പരിപാടികള്‍ പ്ലാന്‍ ചെയ്തു. വയറ് പത്ത്. ബഞ്ച്പ്രസ്സ് പത്ത്. പുറത്ത് കട്ടവരും മെഷീന്‍ പിടിച്ച് നാല് വലിയും വലിച്ച് മതിയാക്കി. ഭയങ്കര ക്ഷീണം.

ഷട്ടില്‍ കോര്‍ട്ടില്‍ പരിചയക്കാര്‍ ആരേം കണ്ടില്ല. അതുകൊണ്ട് ഒരു ഗ്ലാസ് വെള്ളം കുടിച്ച് നേരെ കുളിക്കാന്‍ പോയി.

ആറുമണിയോടെ വീട്ടില്‍ നിന്നുമിറങ്ങി. നാലുപേരും യൂണിഫോമിലായിരുന്നു! :)

ഇന്നത്തെ കുക്കറി ഷോക്ക് വേണ്ടി സോനക്കൊരു സെറ്റ് മുണ്ട് വാങ്ങി, ആലുക്കാസിന്ന്. ഓണക്കാലമല്ലേ, മലയാളി ലുക്ക് തന്നെ വേണ്ടേ? ഉണ്ണി പറഞ്ഞിട്ട്, മലബാറ് ഗോള്‍ഡില്‍ കയറി കുട്ടികളുടെ കളക്ഷന്‍ നോക്കി. ഇഷ്ടപ്പെട്ടില്ല.

അവിടന്ന് നേരെ ലലനത്തിന്റെ പുരികം ത്രെഡ് ചെയ്ത്, ഐക്കിയയില്‍ പോയി പുതിയ ഒരു ചെടി വാങ്ങി. ആറ് ബൌളുകള്‍ വാങ്ങി. പുതിയ കിച്ചണ്‍ ടവ്വലും ചവിട്ടിയും വാങ്ങിച്ചു. നാല് ഐസ് ക്രീം വാങ്ങി ചപ്പിക്കൊണ്ട് പോന്നു!

കവര്‍ വണ്ടിലെടുത്ത് വക്കാന്‍ നേരം പിടി പൊട്ടി താഴെ വീണ് ബൌളുകള്‍ നാലെണ്ണം പൊട്ടിപ്പോവുകയും ചെയ്തു.

വരുംവഴി ലുലുവിലും ഒന്ന് കയറി പുത്തന്‍ ഫ്രയ്യിങ്ങ് പാനടക്കം കണസകുണസ കുറെ ഷോപ്പിങ്ങ്! മൊത്തം 472 ദിര്‍ഹം. കുക്കറി ഷോ വകുപ്പില്‍ ഭയങ്കര ചിലവ്!

കൂന്തള്‍ ലുലുവില്‍ നല്ലത് കിട്ടിയില്ല. സഞ്ജപ്പന്‍ പോയി വാങ്ങി. കൂട്ടത്തില്‍ കൊള്ളിപ്പുഴുക്കുണ്ടാക്കാന്‍ കൊള്ളിയും. തിരിച്ച് വരാന്‍ നേരം വിളിച്ച്, ഗ്രില്‍ ചിക്കന്‍ വാങ്ങണോന്ന് ചോദിച്ച് വിളിച്ചിരുന്നു. ‘വേണ്ട’ എന്ന് ആ കാര്യത്തില്‍ മാത്രം നമ്മള്‍ പറയില്ലല്ലോ!!

ഹാള്‍ റീ അറേഞ്ച് ചെയ്ത് ചിക്കനെ പൂശി ഉറങ്ങിയപ്പോള്‍ പന്ത്രണ്ട് മണിയായി. മൊത്തം ഒരു വയ്യായ ഉണ്ടായിരുന്നെങ്കിലും ഒരു ദിവസം കൂടെ അങ്ങിനെ ഡീസന്റായി അങ്ങിനെ കടന്നുപോയി.

29-08-2010

ദിവസത്തിന് മൊത്തത്തില്‍ തളര്‍ന്ന മൂഡ്.

ഇന്നലെ വൈകീട്ട് ഒരു ചാളഫ്രൈയും അയലഫ്രൈയും കൂട്ടി ലേയ്റ്റായി ഒന്നരക്കിണ്ണം ചോറടിച്ചതിന്റെയാണോ ഈ തളര്‍ച്ച എന്നറിയില്ല. ചിലപ്പോള്‍ എട്ടിസലാട്ട് അക്കാദമിയില്‍ കാലെടുത്ത് കുത്തിയിട്ട് നാല് ദിവസം കഴിഞ്ഞതുകൊണ്ടാകണം. ബുധനാഴ്ച മുതല്‍ ഓട്ടവും ഷട്ടിലും ജിമ്മും നടന്നില്ല.

വയറ്റില്‍ രണ്ട് പാക്ക് ദര്‍ശിച്ചുതുടങ്ങിയതായിരുന്നു, ഇനി വീണ്ടും ഉണ്ടായി വരേണ്ടിയിരിക്കും.

ഇന്നലെ കാഷ്വല്‍ വെയറിനിടാന്‍ കരാമ സെന്ററില്‍ പോയി ഒരു ജോഡി ഷൂവും ചപ്പലും വാങ്ങി. 268 ദിര്‍ഹംസ്. മാമ്പ്രക്കാരന്‍ മാപ്ല ഇന്നലെ ദുബായിലുണ്ടായിരുന്നു. അവനേയും പൊക്കി, കെ.എഫ്.സി.യില്‍ നിന്ന് ഒരു ഇഫ്താര്‍ മീല്‍ വാങ്ങി.

ഷാര്‍ജ്ജയിലെ മച്ചി മാര്‍ക്കറ്റില്‍ പോയി രണ്ട് കിലോ ചാള വാങ്ങി വറക്കാന്‍. മാമ്പ്ര വക. വീട്ടിലെത്തിയപ്പോള്‍ അവിടെ ഫ്രിഡ്ജ് നിറച്ച് മീന്‍. സഞ്ജപ്പന്‍ വക. കറുത്ത ആവോലിയും ഐലയും.

കൂട്ടത്തില്‍ നിന്നൊരു ഒരു എമണ്ടക്കന്‍ അയലയും നാല് ചാളയും എടുത്ത് ഞാനും മാമ്പ്രയും കൂടെ നന്നാക്കി കൊടുത്തു. അവള്‍ വറത്തു. അങ്ങിനെ ചോറും പരിപ്പുകറിയും ക്യാബേജ് തോരനും മീന്‍ വറുത്തതും കൂടെ ഒരു ഡീസന്റ് പിടി! ഞാന്‍ ഈ ചോറ് കഴിക്കല്‍ നിര്‍ത്തിയാല്‍ ബോഡി ജ്ജാതി ഷേയ്പ്പാവും എന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷെ, രാവിലത്തെ കഴിപ്പ് ഒരു ജഗപൊഗ ലൈനിലാണ്, ഉച്ചക്ക് പിന്നെ ആകെ ഒരു പീസ് ബ്രഡേ കഴിക്കൂ. രാത്രിയില്‍ വീട്ടിലിരിന്ന് വിശാലമായ ഈ കഴിപ്പാണ് ആനന്ദകരമായ ഭക്ഷണം കഴി. അത് ഉപേക്ഷിച്ചിട്ട് നമ്മള്‍ വയറ്റത്ത് കട്ടിങ്ങ്സ് വരുത്തിയിട്ട് എന്തിനാ? എന്നോര്‍ക്കും.

രാത്രി രാം മോഹന്‍ ജി ബില്‍ഡിങ്ങിന് താഴെ വന്ന് ആള്‍ടെ ബിസിനസ്സ് ഗള്‍ഫ് പത്രത്തിന്റെ കഴിഞ്ഞ എഡിഷനും പുതിയ എഡിഷനും തന്നു. സംഗതി മൊത്തത്തില്‍ കുറെ വായിക്കാനുള്ള ഒന്നാണ്. എനിക്കിഷ്ടായി. നമ്മുടെ പണവും ഞാനും വന്നത് നേരിട്ട് കണ്ടില്ലായിരുന്നു. ഇത്തവണത്തേതില്‍ വിത്സനാണ് എഴുതിയേക്കുന്നത്, അത്. അവന്റെ എഴുത്ത് ഞാന്‍ അവന്റെ റൂമില്‍ വച്ച് വായിച്ചതുമാണ്. ഗംഭീരമായിട്ടുണ്ട്!

വിത്സന്റെ ഫോട്ടൊ ഞാനെടുത്ത ഫോട്ടോയാണ്. എനിക്കും അവനും ഇഷ്ടപ്പെട്ട ഫോട്ടോയാണത്. വിത്സണല്ലെങ്കിലും ഭയങ്കര ഫോട്ടോ ജെനിക്കാ.

അച്ചൂ‍നെ പെണ്ണുകാണാന്‍ വന്ന വിവരം പറഞ്ഞ് ചേച്ചി വിളിച്ചിരുന്നു. ചെക്കന് ജോലിയില്ലാത്തതുകൊണ്ട്, വേണ്ട എന്ന് വച്ചു ത്രെ. ഓണത്തിന് അയച്ച കാശ് കിട്ടിയെന്നും പറഞ്ഞു. വൈകീട്ട് വിളിക്കാമെന്ന് പറഞ്ഞിട്ട് കട്ട് ചെയ്തിട്ട് വിളി നടന്നില്ല. ഇന്ന് വിളിക്കണം.

ഷേക്ക് പാലസ് കണ്ടപ്പോള്‍ വീട് ഡെക്കറേഷന്‍ ഭ്രമം വീണ്ടും തലക്ക് പിടിച്ചിട്ടുണ്ട്. കുറെ നാളുകളായി പുതിയത് ഒന്നും വാങ്ങാത്തതുകൊണ്ട് ഇന്റീറിയറിന്റെ ആ ഒരു ലുക്കൊക്കെ ഡിമ്മായി. എന്തും വൃത്തിയായി ഇരിക്കണമെങ്കില്‍ അത് സ്ഥിരം മെയിന്റൈന്‍ ചെയ്യണം എന്നത് ജിമ്മിന് പോകുന്ന പോലെയാണ്. നിര്‍ത്തിയാ പോയി!

ഹോം സെന്ററില്‍ സെയിലുണ്ട്. പോയി ഒന്ന് കറങ്ങി വന്നു. മുന്നാട്ടും പിന്നാട്ടും ആടുന്ന കസാര, സെന്റര്‍ പോയിന്റില്‍ പോയപ്പോള്‍ ഓങ്ങി വച്ചിരിക്കുന്നത് ഒന്ന് നോക്കി. പക്ഷെ, സെയിം ഡിസൈനിലുള്ളത് ഇവിടെ ഇല്ല. ഉള്ളതിനാണേ ഒട്ടും പണി വൃത്തിയില്ല. പിന്നെ, വന്നതല്ലേ? എന്ന് പറഞ്ഞ ലലനം ഒരു ചായ തിളപ്പി പോട്ട് വാങ്ങി. 14 ദിര്‍ഹമേ ഉള്ളു, ഭയങ്കര ലാഭമാണ് എന്ന് പറഞ്ഞത് കേട്ടിട്ടാണ് ബാങ്ങിച്ചോളാന്‍ പറഞ്ഞത്. ബില്ല് കൊടുത്തപ്പോ, 26 കാശ്. അവിടെ വച്ച്, വേണ്ട എന്ന് പറയുന്നത് ബോറല്ലെ? എന്നോര്‍ത്ത് വാങ്ങിച്ചോണ്ട് പോന്നു. മുപ്പത് ദിര്‍ഹത്തിനോ മറ്റോ ടെഫാലിന്റെ കിട്ടും. അതായിരുന്നു ബെറ്റര്‍.

കുറുമാന്‍ ആനയെ വാങ്ങിയ വിശേഷം പറഞ്ഞിരുന്നു. ബുര്‍ജ് അല്‍ അറബിന്റെ 611-ആം നമ്പറ് മുറിയില്‍ നിന്നാണ് വിളിച്ചത്. ആനയുടെ സെല്ലറോടും സംസാരിച്ചു. ആനക്ക് പേരൊക്കെ ഇട്ടു. കുറുമാത്ത് ആദിത്യന്‍!

നാല്പത് ലക്ഷം ആയിത്രെ! എത്രത്തോളം പ്രാക്റ്റിക്കല്‍ ആണ് എന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല എങ്കിലും ആനയെ ഒക്കെ സ്വന്തമായി വാങ്ങുക എന്നത് ഒരു രസം പരിപാടി തന്നെയാണ് ട്ടാ. പിന്നെ അവന്റെ കേസുകെട്ടായതുകൊണ്ട് അവന്‍ എന്താ ചെയ്യുക എന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഞാന്‍ ഒരു ആടിനെ വാങ്ങണമെങ്കില്‍ പോലും ഒരു പ്രോജക്ട് റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ടാണ് ചെയ്യുക. അവന് വെട്ടൊന്ന് മുറി രണ്ട് എന്ന റോളിലാണ് കാര്യങ്ങള്‍. ഓരോരുത്തര്‍ക്കും ഓരോരോ ശരികള്‍!

ഏഷ്യാനെറ്റ് ജോബി വിളിച്ചിരുന്നു. കുക്കറി ഷോയിലേക്ക് ഒരു റെസിപ്പി അയച്ചു കൊടുത്തിരുന്നല്ലോ! അതിന്റെ ഷൂട്ടിന്. അവര്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍, സോന, അല്ലെങ്കില്‍ ചേട്ടന്‍ തന്നെ ഉണ്ടാക്കിക്കോ ഞാന്‍ പറഞ്ഞ് തരാം എന്ന റോളിലാണ്.

ഉണ്ടാക്കാന്‍ പോണ ഐറ്റം അറിയാത്തോര്‍ ആരും ഉണ്ടാവില്ല എങ്കിലും എന്തെങ്കിലുമൊക്കെ വേറെ ചേര്‍ത്ത് സ്പെഷല്‍ ആക്കാനാണ് പ്ലാന്‍. എന്താണ്ടാവാന്നറിയാലോ??

ഇന്ന് ഇത് ഇങ്ങിനെ എഴുതാന്‍ ഒരു മൂഡ് അതുകൊണ്ട് ഇതെഴുതി. “ഈ വീട്ടുകാര്യമൊക്കെ പബ്ലിക്കായി എഴുതി വക്കാന്‍ നാണമില്ലേ ഡാ“ എന്ന്‍ ഉള്‍വെളിവ് ഉണ്ടാകും വരെ എഴുതണം.

നേരത്തിനും കാലത്തിനും കമ്പനി മുതലാളിമാര്‍ ഓഫീസില്‍ വന്നില്ലെങ്കില്‍ ഇങ്ങിനെ പലതും കാണേണ്ടി വരും. ങാ...