Tuesday, September 21, 2010

21-09-2010

ജോലി, ഒന്നില്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്ങെ കളരിക്ക് പുറത്ത് എന്ന സെറ്റപ്പാണ്.

വല്ലപ്പോഴുമേയുള്ളു. പക്ഷെ, ഉള്ളപ്പം കുരു പുറത്ത് വരുന്ന റോളാണ്. അതുകൊണ്ട് ഞാന്‍ ക്ഷമിച്ചു. അല്ലേ ഡൈലി ഇമ്മാതിരി പണികിട്ടിയാല്‍ വെയിലുകൊണ്ട് ഞാന്‍ ഉരുകിയില്ലാണ്ടായ്പ്പോവില്ലേ? രാവിലെ ഏഴര മുതല്‍ വൈകീട്ട് ആറുവരെ എന്നൊക്കെ പറഞ്ഞാല്‍...

അങ്ങിനെ അഞ്ച് ഗഢാഘടിയന്മാരായ കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്റിന്റെ ഇമ്പോര്‍ട്ടും എക്സ്പോര്‍ട്ടും ഇന്‍സ്പെഷനും ഡോക്കുമെന്റേഷനും കസ്റ്റംസും ഒക്കെ നല്ല കിണ്ണം കിണ്ണം പോലെ ചെയ്ത് നമ്മുടെ പണികളെല്ലാം തീര്‍ത്ത് ഞാന്‍ ബാക്ക് റ്റു പവലിയന്‍. ഇനി ബാര്‍ജ്ജ് വന്ന് അതെല്ലാമങ്ങ് എടുത്തോണ്ട് പോയേച്ചാ മാത്രം മതി.

വെറുതെ ഓഫീസിലിരുന്ന് ബസ്സ് ചെയ്യുന്ന സുഖം ഒന്നിനുമില്ലെങ്കിലും, പണിയില്‍ കഠിനമായി തോന്നിയത്, കസ്റ്റംസ് ഇന്‍സ്പെക്ഷനാണ്. അത് ഇച്ചിരി ബോറ് എടവാടാ.

മുന്‍പത്തെ കമ്പനിയില്‍ ഓഫീസിലിരുന്ന് മിയാന്‍ ജി യോട് ‘അഭീ തക്ക് ഫിനിഷ് നഹി ഹുവാ??” എന്ന് പറഞ്ഞ് ആളെ പുഷ് ചെയ്തിരുന്നപ്പം ഇത്രേ ചൊറയുണ്ട് ആ പണിക്ക് എന്നറിയില്ലായിരുന്നു. ഓഹ്! ഇന്‍സ്പേക്ടറെ വെയ്റ്റ് ചെയ്ത് രണ്ട് മണിക്കൂറ് ഇരിക്കുകാ എന്നൊക്കെ പറഞ്ഞാല്‍... അതും കൊണ്ട് കാണിക്കുമ്പോള്‍ വിനയകുനയത്തം കാണിച്ചില്ലേ... സീരിയല്‍ നമ്പറ് തെളിഞ്ഞില്ല, ഷാഷി നമ്പര്‍ കാണാനില്ല... എന്നൊക്കെ പറഞ്ഞാല്‍ നമ്മുടെ അന്നത്തെ ദിവസവും വെസ്സലും ഒരുമിച്ച് പോവും!

പെറ്റി കാഷ് സെറ്റില്‍ ചെയ്യലും ഒരു ചൊറ തന്നെ. മൊത്തം 34,000 ദിര്‍ഹം തന്നിട്ട്, ചിലവായത് മൊത്തം 36000 ത്തിന് മുകളിലാണ്. ചിലതിനൊന്നും വൌച്ചറുമില്ല. എഴുതിക്കൂട്ടി കണക്കങ്ങട് മുട്ടും വരും ഒരു പിരുപിരുപ്പാണ്. എന്തായാലും സംഗതി മുട്ടി. ഭാഗ്യം!

ഇന്ന് ദുബായില്‍ ഭയങ്കര പൊടിക്കാറ്റുണ്ട്. ഇന്നലെയാവാഞ്ഞത് രക്ഷയായി. ഫുള്‍ ടയേഡായിരുന്നെങ്കിലും ഇന്നലെ ജിമ്മില്‍ പോയിരുന്നു. ജാക്കോസിയില്‍ പോയി അരമണിക്കൂറോളം അവിടെ കെടന്ന് മൊത്തമൊന്ന് തണുപ്പിച്ചു. ഭയങ്കര റിലാക്സേഷനാണവിടം. ശരിക്കും ഫ്രഷാവും.

റാക്കറ്റിന്റെ സ്ട്രിങ്ങ് പൊട്ടിയത് മാറ്റാന്‍ സണ്‍ ഏന്‍ സാന്റ്സില്‍ പോയി. അവിടെ സ്ട്രിങ്ങ് കഴിഞ്ഞിരുക്കുകയാണ്, വാങ്ങി കൊടുത്താല്‍ കെട്ടിത്തരാമെന്ന് പറഞ്ഞു. അത് കിട്ടും വരെ ഇനിയിപ്പോ ഷട്ടില്‍ കളി നടക്കില്ല.

മച്ചി മാര്‍ക്കറ്റില്‍ പോയി, രണ്ട് കിലോ ചാളയും ഒന്നരകിലോ വല്യ ചെമ്മീനും വാങ്ങി. മീന് കുറച്ച് വിലകുറവുണ്ടായിരുന്നു ഇന്നലെ. ഈ ആഴ്ച മൊത്തം പാര മീന്‍ കൊണ്ടുള്ള വെപ്പായിരുന്നത് കൊണ്ട് പാര വാങ്ങണ്ട എന്ന് വച്ചു. നാല് കിലോ വീതമുള്ള ബരാക്കുട മീനുണ്ടായിരുന്നു. ഞങ്ങളിതുവരെ അത് വാങ്ങിയിട്ടില്ല. ഒരെണ്ണത്തിന് നാല്പത്തഞ്ച് ദിര്‍ഹമാണ് വില പറഞ്ഞത്. വറക്കാന്‍ സൂപ്പറാണ് എന്നാ ആള്‍ പറഞ്ഞത്. ഞങ്ങളുടെ സ്ഥിരം കടക്കാരനല്ലായിരുന്നതുകൊണ്ട് വാങ്ങിയില്ല.

സംഗതി ചാള കൂട്ടാന്‍ വച്ചാല്‍ വിയര്‍പ്പിന് പോലും ചാള മണം ഉണ്ടാവുമെങ്കിലും, വറുത്താല്‍ ചാളയെ പിടിക്കാന്‍ പറ്റിയ മീന്‍ എന്തുണ്ട്?

നല്ല പാലക്കാടന്‍ മട്ട കൃത്യം വെന്ത ചോറും, കായത്തിന്റെ മണം ഇത്തിരി മേളില്‍ നില്‍ക്കുന്ന മസാല വറുത്തരച്ച് വച്ച സാമ്പാറും, ഒരു ഉപ്പേരിയും രണ്ട് ചാള വറുത്തതും കുരുമുളക് പപ്പടം ഓവനില്‍ വച്ച് ചുട്ടതും ടച്ചിങ്ങിന് ഇച്ചിരെ കടുമാങ്ങ അച്ചാറും ഉണ്ടെങ്കില്‍... എത്ര കിണ്ണം ചോറുണ്ണണം???

ഉച്ചക്ക് ലഘു കഴിക്കുന്നതിന്റെ ഒരു കാരണം, വൈകീട്ട് ഏഴുമണിക്ക് വീട്ടിലെത്തുമ്പോള്‍ വിശപ്പങ്ങട് തലക്ക് പിടിക്കാന്‍ വേണ്ടിയാണ്. ടീ.വി.യില്‍ നോക്കി, ഒരു മിതമായ നിറപ്പില്‍ ഒരു കിണ്ണം ചോറ്. പിന്നെ, കുറച്ചേശെ രണ്ട് പ്രാവശ്യം കൂടെയെടുക്കും. എന്നിട്ട് അതിന്റെ മേലെ വെജിറ്റബിള്‍ സലാഡോ ഫ്രൂട്ടോ കഴിച്ച് അതിന്റെ മേലേ ഡേയ്സ്റ്റ്. സാധാരണയായി വേറെ കഴിപ്പില്ല.

ഇനി കറി അങ്ങട് സാറ്റിസ്ഫാക്ഷന്‍ ആയില്ല എങ്കില്‍ റോളയില്‍ അല്‍ ഖേയ്തില്‍ നിന്ന് ഒരു കറങ്ങും ചിക്കന്‍ ഒന്ന്. പണ്ട് കറങ്ങും ചിക്കന്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണയായിരുന്നത് ഇപ്പം ആഴ്ചയില്‍ രണ്ട് എന്ന നിലക്കാണ്. വയറില്‍ ഒരു കത്ത്യാളല്‍ ഉണ്ടാകുമെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ലാത്ത ഐറ്റമാണത്.

വെജ് മാര്‍ക്കറ്റില്‍ പോയി, കജൂറ് വാങ്ങി. രണ്ട് കിലോ ഫ്രഷ് ഡേറ്റ്സും ഒരു കിലോ ഡ്രയും വാങ്ങി. എനിക്കീ ഗള്‍ഫില്‍ ഏറ്റവും ഇഷ്ടമുള്ള സാധനം ഈന്തപ്പഴം തന്നെയാണ്. ചെറുപ്പത്തില്‍ നാട്ടില്‍ വച്ചും എനിക്ക് ഈന്തപ്പഴം ഭയങ്കര ഇഷ്ടമുള്ള ഐറ്റമായിരുന്നു, അതേ ഇഷ്ടത്തില്‍ ഒരു അണു കുറഞ്ഞിട്ടില്ല. നമുക്ക് ഷുഗറില്ലാത്തത് നന്നായി. അല്ലേ... സാക്രിഫൈസ് ചെയ്യേണ്ടി വന്നേനെ!

പണ്ട് ഇടതിരിഞ്ഞി പൂരത്തിന് രാത്രി പോയിട്ട്, തിരിച്ച് ടെമ്പോയുടെ മുകളില്‍ ഇരുന്ന് ഞാന്‍ രണ്ട് പാക്കറ്റ് ഈന്തപ്പഴം കഴിച്ചിട്ട്, ഇനി ഒരിക്കലും ‘ഈന്തപ്പഴം..ങേ..ഹേ!’ കഴിക്കില്ല എന്ന് വിചാരിച്ചതായിരുന്നു. :)!

ഫാത്തിമയില്‍ പോയി മീന്‍ വെട്ടണ കത്തര വാങ്ങി. പാര്‍ക്കിങ്ങ് ഇടണമല്ലോ എന്ന് വിചാരിച്ച് ഞാന്‍ വണ്ടിയിലിരുന്നേയുള്ളൂ. സോന പോയി വാങ്ങി. അവിടുത്തെ മാനേജര്‍, കുക്കറി ഷോയില്‍ സോനയെ കണ്ട കാര്യം പറഞ്ഞു.

ടോയ്സ്റ്റോറി 3 ഡിവിഡി വാങ്ങിയിരുന്നതുകൊണ്ട് ഉണ്ണീം പാപ്പുവും ഞങ്ങളുടെ കൂടെ മാര്‍ക്കറ്റില്‍ പോക്കിന് വന്നില്ല. ഒമ്പതക്ക് വീട്ടില്‍ തിരിച്ചെത്തി. സ്റ്റാര്‍ സിങ്ങര്‍ കണ്ടു. ഉടമ്പടി പോലെ 9:30 തുടങ്ങി 10:30 വരെ ഞാന്‍ ബസ്സും ബ്ലോഗും വായിച്ചു.

ജെബല്‍ അലി പോര്‍ട്ടില്‍ കൊഴിഞ്ഞു വീണ ഒരു ദിവസത്തെ വെയില്‍ മുഴുവന്‍ തലവച്ച് തടുത്തതുകൊണ്ട് സ്വിച്ച് ഓഫാക്കുമ്പോലെയായിരുന്നു ഉറക്കം.

2 comments:

  1. ഒരു ദിവസത്തെ ചെറിയ സമയം കൊണ്ട് എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നു.. സമ്മതിക്കണം ..!

    ReplyDelete
  2. സംഗതി ചാള കൂട്ടാന്‍ വച്ചാല്‍ വിയര്‍പ്പിന് പോലും ചാള മണം ഉണ്ടാവുമെങ്കിലും, വറുത്താല്‍ ചാളയെ പിടിക്കാന്‍ പറ്റിയ മീന്‍ എന്തുണ്ട്?

    ശരിക്കും വിശാല്‍ജീ...

    ReplyDelete