Sunday, August 29, 2010

29-08-2010

ദിവസത്തിന് മൊത്തത്തില്‍ തളര്‍ന്ന മൂഡ്.

ഇന്നലെ വൈകീട്ട് ഒരു ചാളഫ്രൈയും അയലഫ്രൈയും കൂട്ടി ലേയ്റ്റായി ഒന്നരക്കിണ്ണം ചോറടിച്ചതിന്റെയാണോ ഈ തളര്‍ച്ച എന്നറിയില്ല. ചിലപ്പോള്‍ എട്ടിസലാട്ട് അക്കാദമിയില്‍ കാലെടുത്ത് കുത്തിയിട്ട് നാല് ദിവസം കഴിഞ്ഞതുകൊണ്ടാകണം. ബുധനാഴ്ച മുതല്‍ ഓട്ടവും ഷട്ടിലും ജിമ്മും നടന്നില്ല.

വയറ്റില്‍ രണ്ട് പാക്ക് ദര്‍ശിച്ചുതുടങ്ങിയതായിരുന്നു, ഇനി വീണ്ടും ഉണ്ടായി വരേണ്ടിയിരിക്കും.

ഇന്നലെ കാഷ്വല്‍ വെയറിനിടാന്‍ കരാമ സെന്ററില്‍ പോയി ഒരു ജോഡി ഷൂവും ചപ്പലും വാങ്ങി. 268 ദിര്‍ഹംസ്. മാമ്പ്രക്കാരന്‍ മാപ്ല ഇന്നലെ ദുബായിലുണ്ടായിരുന്നു. അവനേയും പൊക്കി, കെ.എഫ്.സി.യില്‍ നിന്ന് ഒരു ഇഫ്താര്‍ മീല്‍ വാങ്ങി.

ഷാര്‍ജ്ജയിലെ മച്ചി മാര്‍ക്കറ്റില്‍ പോയി രണ്ട് കിലോ ചാള വാങ്ങി വറക്കാന്‍. മാമ്പ്ര വക. വീട്ടിലെത്തിയപ്പോള്‍ അവിടെ ഫ്രിഡ്ജ് നിറച്ച് മീന്‍. സഞ്ജപ്പന്‍ വക. കറുത്ത ആവോലിയും ഐലയും.

കൂട്ടത്തില്‍ നിന്നൊരു ഒരു എമണ്ടക്കന്‍ അയലയും നാല് ചാളയും എടുത്ത് ഞാനും മാമ്പ്രയും കൂടെ നന്നാക്കി കൊടുത്തു. അവള്‍ വറത്തു. അങ്ങിനെ ചോറും പരിപ്പുകറിയും ക്യാബേജ് തോരനും മീന്‍ വറുത്തതും കൂടെ ഒരു ഡീസന്റ് പിടി! ഞാന്‍ ഈ ചോറ് കഴിക്കല്‍ നിര്‍ത്തിയാല്‍ ബോഡി ജ്ജാതി ഷേയ്പ്പാവും എന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷെ, രാവിലത്തെ കഴിപ്പ് ഒരു ജഗപൊഗ ലൈനിലാണ്, ഉച്ചക്ക് പിന്നെ ആകെ ഒരു പീസ് ബ്രഡേ കഴിക്കൂ. രാത്രിയില്‍ വീട്ടിലിരിന്ന് വിശാലമായ ഈ കഴിപ്പാണ് ആനന്ദകരമായ ഭക്ഷണം കഴി. അത് ഉപേക്ഷിച്ചിട്ട് നമ്മള്‍ വയറ്റത്ത് കട്ടിങ്ങ്സ് വരുത്തിയിട്ട് എന്തിനാ? എന്നോര്‍ക്കും.

രാത്രി രാം മോഹന്‍ ജി ബില്‍ഡിങ്ങിന് താഴെ വന്ന് ആള്‍ടെ ബിസിനസ്സ് ഗള്‍ഫ് പത്രത്തിന്റെ കഴിഞ്ഞ എഡിഷനും പുതിയ എഡിഷനും തന്നു. സംഗതി മൊത്തത്തില്‍ കുറെ വായിക്കാനുള്ള ഒന്നാണ്. എനിക്കിഷ്ടായി. നമ്മുടെ പണവും ഞാനും വന്നത് നേരിട്ട് കണ്ടില്ലായിരുന്നു. ഇത്തവണത്തേതില്‍ വിത്സനാണ് എഴുതിയേക്കുന്നത്, അത്. അവന്റെ എഴുത്ത് ഞാന്‍ അവന്റെ റൂമില്‍ വച്ച് വായിച്ചതുമാണ്. ഗംഭീരമായിട്ടുണ്ട്!

വിത്സന്റെ ഫോട്ടൊ ഞാനെടുത്ത ഫോട്ടോയാണ്. എനിക്കും അവനും ഇഷ്ടപ്പെട്ട ഫോട്ടോയാണത്. വിത്സണല്ലെങ്കിലും ഭയങ്കര ഫോട്ടോ ജെനിക്കാ.

അച്ചൂ‍നെ പെണ്ണുകാണാന്‍ വന്ന വിവരം പറഞ്ഞ് ചേച്ചി വിളിച്ചിരുന്നു. ചെക്കന് ജോലിയില്ലാത്തതുകൊണ്ട്, വേണ്ട എന്ന് വച്ചു ത്രെ. ഓണത്തിന് അയച്ച കാശ് കിട്ടിയെന്നും പറഞ്ഞു. വൈകീട്ട് വിളിക്കാമെന്ന് പറഞ്ഞിട്ട് കട്ട് ചെയ്തിട്ട് വിളി നടന്നില്ല. ഇന്ന് വിളിക്കണം.

ഷേക്ക് പാലസ് കണ്ടപ്പോള്‍ വീട് ഡെക്കറേഷന്‍ ഭ്രമം വീണ്ടും തലക്ക് പിടിച്ചിട്ടുണ്ട്. കുറെ നാളുകളായി പുതിയത് ഒന്നും വാങ്ങാത്തതുകൊണ്ട് ഇന്റീറിയറിന്റെ ആ ഒരു ലുക്കൊക്കെ ഡിമ്മായി. എന്തും വൃത്തിയായി ഇരിക്കണമെങ്കില്‍ അത് സ്ഥിരം മെയിന്റൈന്‍ ചെയ്യണം എന്നത് ജിമ്മിന് പോകുന്ന പോലെയാണ്. നിര്‍ത്തിയാ പോയി!

ഹോം സെന്ററില്‍ സെയിലുണ്ട്. പോയി ഒന്ന് കറങ്ങി വന്നു. മുന്നാട്ടും പിന്നാട്ടും ആടുന്ന കസാര, സെന്റര്‍ പോയിന്റില്‍ പോയപ്പോള്‍ ഓങ്ങി വച്ചിരിക്കുന്നത് ഒന്ന് നോക്കി. പക്ഷെ, സെയിം ഡിസൈനിലുള്ളത് ഇവിടെ ഇല്ല. ഉള്ളതിനാണേ ഒട്ടും പണി വൃത്തിയില്ല. പിന്നെ, വന്നതല്ലേ? എന്ന് പറഞ്ഞ ലലനം ഒരു ചായ തിളപ്പി പോട്ട് വാങ്ങി. 14 ദിര്‍ഹമേ ഉള്ളു, ഭയങ്കര ലാഭമാണ് എന്ന് പറഞ്ഞത് കേട്ടിട്ടാണ് ബാങ്ങിച്ചോളാന്‍ പറഞ്ഞത്. ബില്ല് കൊടുത്തപ്പോ, 26 കാശ്. അവിടെ വച്ച്, വേണ്ട എന്ന് പറയുന്നത് ബോറല്ലെ? എന്നോര്‍ത്ത് വാങ്ങിച്ചോണ്ട് പോന്നു. മുപ്പത് ദിര്‍ഹത്തിനോ മറ്റോ ടെഫാലിന്റെ കിട്ടും. അതായിരുന്നു ബെറ്റര്‍.

കുറുമാന്‍ ആനയെ വാങ്ങിയ വിശേഷം പറഞ്ഞിരുന്നു. ബുര്‍ജ് അല്‍ അറബിന്റെ 611-ആം നമ്പറ് മുറിയില്‍ നിന്നാണ് വിളിച്ചത്. ആനയുടെ സെല്ലറോടും സംസാരിച്ചു. ആനക്ക് പേരൊക്കെ ഇട്ടു. കുറുമാത്ത് ആദിത്യന്‍!

നാല്പത് ലക്ഷം ആയിത്രെ! എത്രത്തോളം പ്രാക്റ്റിക്കല്‍ ആണ് എന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല എങ്കിലും ആനയെ ഒക്കെ സ്വന്തമായി വാങ്ങുക എന്നത് ഒരു രസം പരിപാടി തന്നെയാണ് ട്ടാ. പിന്നെ അവന്റെ കേസുകെട്ടായതുകൊണ്ട് അവന്‍ എന്താ ചെയ്യുക എന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഞാന്‍ ഒരു ആടിനെ വാങ്ങണമെങ്കില്‍ പോലും ഒരു പ്രോജക്ട് റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ടാണ് ചെയ്യുക. അവന് വെട്ടൊന്ന് മുറി രണ്ട് എന്ന റോളിലാണ് കാര്യങ്ങള്‍. ഓരോരുത്തര്‍ക്കും ഓരോരോ ശരികള്‍!

ഏഷ്യാനെറ്റ് ജോബി വിളിച്ചിരുന്നു. കുക്കറി ഷോയിലേക്ക് ഒരു റെസിപ്പി അയച്ചു കൊടുത്തിരുന്നല്ലോ! അതിന്റെ ഷൂട്ടിന്. അവര്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍, സോന, അല്ലെങ്കില്‍ ചേട്ടന്‍ തന്നെ ഉണ്ടാക്കിക്കോ ഞാന്‍ പറഞ്ഞ് തരാം എന്ന റോളിലാണ്.

ഉണ്ടാക്കാന്‍ പോണ ഐറ്റം അറിയാത്തോര്‍ ആരും ഉണ്ടാവില്ല എങ്കിലും എന്തെങ്കിലുമൊക്കെ വേറെ ചേര്‍ത്ത് സ്പെഷല്‍ ആക്കാനാണ് പ്ലാന്‍. എന്താണ്ടാവാന്നറിയാലോ??

ഇന്ന് ഇത് ഇങ്ങിനെ എഴുതാന്‍ ഒരു മൂഡ് അതുകൊണ്ട് ഇതെഴുതി. “ഈ വീട്ടുകാര്യമൊക്കെ പബ്ലിക്കായി എഴുതി വക്കാന്‍ നാണമില്ലേ ഡാ“ എന്ന്‍ ഉള്‍വെളിവ് ഉണ്ടാകും വരെ എഴുതണം.

നേരത്തിനും കാലത്തിനും കമ്പനി മുതലാളിമാര്‍ ഓഫീസില്‍ വന്നില്ലെങ്കില്‍ ഇങ്ങിനെ പലതും കാണേണ്ടി വരും. ങാ...

3 comments:

  1. ഇങ്ങള് എന്ത് എഴുതിയാലും വായിക്കാന്‍ രസമാണ് . പ്രത്യേകിച്ച് ഡയറി എഴുത്ത്.

    ReplyDelete
  2. “ഈ വീട്ടുകാര്യമൊക്കെ പബ്ലിക്കായി എഴുതി വക്കാന്‍ നാണമില്ലേ ഡാ“ എന്ന്‍ ഉള്‍വെളിവ് ഉണ്ടാകും വരെ എഴുതണം"

    ഈ വരികള്‍ വായിക്കും വരെ മനസില്‍ തോന്നിയതാണ് ഇവിടെ എഴുതിയത്.
    ഇത് വായിച്ചതോടെ, ആ തോന്നല്‍ എവിടെ പോയി എന്നറിയില്ല
    "ശൂ" ... ആ തോന്നല്‍ പറന്ന് പോയതാണ് ട്ടോ.

    ReplyDelete
  3. ഇതെപ്പോഴാ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയത്‌...? വര്‍ഷം ഒന്നാവാറായപ്പോഴാണല്ലോ ഞാനറിയുന്നത്‌...

    ദുബായ്‌ ഡേയ്‌സിന്റെ തുടര്‍ച്ചയായിട്ടാണല്ലേ... ആശംസകള്‍...

    ഓരോന്നായി വായിക്കട്ടെ...

    ReplyDelete