Sunday, September 26, 2010

27-09-2010

നല്ല പാലക്കാടന്‍ മട്ടയുടെ ചോറ്, കറിവേപ്പിലയും കടുകും പച്ചമുളകും അവിടിവടായി കിടക്കുന്ന മഞ്ഞ കളറില്‍ നല്ല കൊഴുപ്പന്‍ പരിപ്പുകറി, ചെറുങ്ങനെയൊന്ന് മൊരിഞ്ഞ നാളികേരവും കുരുകുരാ അരിഞ്ഞ കയ്പ്പക്കയും കിഴക്കന്‍ മുളകുമിട്ട് വെളിച്ചെണ്ണയില്‍ വഴറ്റിയെടുത്ത് തോരന്‍, കാശ്മീരി ചില്ലിയും മഞ്ഞള്‍പൊടിയും ഉപ്പും പുരട്ടി ചെറുതീയില്‍ പൊരിച്ചെടുത്ത കണ്ടാല്‍ ഒരു മുക്കാല്‍ അയലയോളം വരുന്ന മാദകത്വം തുളുമ്പുന്ന ചാളയും പിന്നെ രാത്രി എട്ടുമണിയുടെ ആ ഒടുക്കത്തെ വിശപ്പും! അതായിരുന്നു അത്താഴം.

ഇന്നലെ പൊതുവെ ശാന്തമായിരുന്നു. വല്യ പണിയൊന്നുമുണ്ടായില്ല.

ജിമ്മില്‍ പോയി. ഷട്ടില്‍ മൂന്ന് ഗെയിം കളിച്ചു. മൂന്നിലും അടിയറവ് പറഞ്ഞെങ്കിലും അടിവയറ്റില്‍ വേദന വരും കളികളിച്ചു. നമുക്കത് മതിയല്ലോ! അവിടന്ന് നേരെ പോയി വയറിന് പത്തടി, ചെസ്റ്റിന് ആറടി, കൈക്ക് അഞ്ചടി. പുറത്തിന് അഞ്ചടി. വിശാലമായി ഒന്ന് കുളിച്ച് ട്രൌസറിട്ടോണ്ട് തന്നെ വീട്ടിലേക്ക് പോന്നു.

‘ഇന്നിനി എങ്ങോട്ട് പോകും?’ എന്ന പ്രശ്നത്തില്‍, വീണ്ടും മീന്‍ മാര്‍ക്കറ്റിലേക്ക്.. എന്ന് പറഞ്ഞ് അവിടേക്ക് പോയി. ഒമ്പതരയായി അവിടെ എത്തിയപ്പോള്‍. അതുകൊണ്ട് ഇന്നലെ മെച്ചമായി. അപ്പപ്പിടിച്ച ഐറ്റംസ് കിട്ടുന്ന ഭാഗത്ത് എങ്ങിനെയെങ്കിലും വിറ്റ് തീര്‍ക്കാന്‍ നില്‍ക്കുന്ന ഒരു ചേട്ടന്റെ കയ്യീന്ന് 40 ദിര്‍ഹത്തിന് ഒരു അഞ്ച് കിലോയോളം മീന്‍! ഇതുവരെ കഴിച്ചിട്ടില്ലാത്ത ഇനമാണ്. കാണാന്‍ ലുക്കൊക്കെയുണ്ട്. ഫ്രൈക്കും കൂട്ടാനും സൂപ്പറാണ് എന്നാണ് ആ ബംഗാളി പറഞ്ഞത്. തല്ലിപ്പൊളിയാണെങ്കില്‍ അവന്റെ തലയില്‍ കൊണ്ട് കൊടഞ്ഞിടണം!

3 comments:

  1. ഹോ കൊതിപ്പിക്കല്ലേ ആശാനെ. :( മനുഷ്യന്‍ ഇവിടെ തമിളന്റെ പച്ചരി ചോറും പ്രതീക്ഷിച് ഇരിക്കുകയാ

    ReplyDelete
  2. എന്റെ വിശാല്‍ജി - ഇത്രക്കങ്ങട്ടു കൊതിപ്പിക്കേണ്ടിയിരുന്നില്ല. ഇതിച്ചിരി കടന്ന കയ്യായി പോയി. കപ്പലോടിക്കാനുള്ള വെള്ളം വായില്‍ വന്നു എന്നൊക്കെ പറയാറില്ലേ. ഏതാണ്ട് അതുപോലെ ആയി.

    ReplyDelete
  3. അവിടന്ന് നേരെ പോയി വയറിന് പത്തടി, ചെസ്റ്റിന് ആറടി, കൈക്ക് അഞ്ചടി. പുറത്തിന് അഞ്ചടി

    ഇതെന്താമാഷേ കൊട്ടേഷനാണോ ..??
    അവസാനം നെഞ്ചത്തടിച്ച് കരയേണ്ടിവരുമോ ??

    ReplyDelete