Friday, October 1, 2010

02-10-2010

വ്യാഴാഴ്ച മൂന്ന് മണിയോടെ വീട്ടിലെത്തിയതായി പ്രഖ്യാപിച്ചു.

ചോറുണ്ട് കിടന്ന് വീക്കെന്റ് പരിപാടികള്‍ പ്ലാന്‍ ചെയ്തു. കോണ്‍കോഡില്‍ ശിക്കാറ് വന്നിട്ടുണ്ട്. വൈകീട്ടത്തെ ഷോയുടെ ടിക്കറ്റ് പോയി എടുത്ത് ഉണ്ണിയുടെ പല്ല് രണ്ടാമട അടക്കാന്‍ ഡെന്റിസ്റ്റിന്റെ അടുത്ത് പോയി ലുലുവിലൊക്കെ ഒന്ന് കയറി പോന്നാലോ? എന്ന പ്ലാനില്‍ ഞാന്‍ വട്ടക്കഴുത്ത് ടീഷര്‍ട്ടും കാര്‍ഗോ പാന്റുമിട്ട് പരമാവധി മേയ്ക്കപ്പില്‍ താഴെയിറങ്ങി.

കോണ്‍കോഡിന്റെ മുന്നില്‍ ഭയങ്കര ഇടി. ശിക്കാറിനല്ല, യെന്തിരനും കളിക്കുന്നുണ്ട്, അതിന്റെയാ.. നാലു ഷോ യെന്തിരന്‍. 8:30 ന്റെ ഒരു ഷോ മാത്രമേ നമ്മുടെ ലാലേട്ടന്റെ ശിക്കാറുള്ളൂ! അതുകൊണ്ട് 5 മണിയോടെ ബാല്‍ക്കണിയൊക്കെ ഫുള്ളായി. താഴത്തെ ക്ലാസേ ഉള്ളൂ. അതുകൊണ്ട് ഫാമിലി ഡിസ്മിസ്ഡ്! എനിക്കും സഞ്ജുവിനുമുള്ള ടിക്കറ്റ് എടുത്ത് ഡെന്റിസ്റ്റിന്റെ അടുത്ത് വന്നപ്പോള്‍, ചുള്ളത്തി ലീവിലാണ്!

അങ്ങിനെ നേരെ ലുലുവില്‍ പോയി പച്ചക്കറി ഐറ്റംസ് വാങ്ങി, എട്ടുമണിയോടെ ചോറ് ഒരു പെരുക്കും കൂടെ പെരുക്കി ഷിക്കാറിന് പോയി.

ശിക്കാര്‍ കണ്ടു.

പടം പോരാ.. എന്ന അഭിപ്രായമാണ്.

സംഗതി നല്ല ത്രെഡൊക്കെ ആണ്. പക്ഷെ, അത് വേണ്ടവിധം ഗുമ്മാക്കി എഴുതിയിട്ടില്ല. എങ്കിലും സമുദ്രക്കനിയുടെ അഭിനയം, ആള്‍ടെ പാട്ട്, മോഹന്‍ലാലിന്റെ ചില സീനുകളിലെ അഭിനയം‍, ക്ലൈമാക്സിലെ മലമുകള്‍, സസ്പെന്‍സ്, പടത്തിന്റെ ത്രൂവൌട്ട് മെയിന്റൈന്‍ ചെയ്യുന്ന ആ ‘ഭീതി’ എന്നിവയൊക്കെ വച്ച് ഒരു തവണ കാണാന്‍ കൊള്ളാം എന്നാണ് ഒപ്പീനിയന്‍.

ഈ പടത്തിന്റെ ത്രെഡ് ഒരുക്കിയതിന്റെ ആദ്യ ചര്‍ച്ചകള്‍ ഇങ്ങിനെയായിരിക്കാം നടന്നിരിക്കുക:

‘അമരത്തിലെ മമ്മൂട്ടിയെ പോലെ, ഭാര്യ മരിച്ചിട്ട് ഒരാള്‍ വേറൊരു സ്ഥലത്തെത്തുന്നു. അവിടെ ഒരു കൂട്ടുകാരനെ കിട്ടുന്നു അവരുടെ ഫാമിലിയിലൊരാളായി ജീവിക്കുന്നു. ക്ലോസ് ഫ്രണ്ടാകുന്നു. കൂട്ടുകാരന്റെ പെങ്ങള്‍ക്ക് തത്തുല്യമായ ഒരു കക്ഷിക്ക് ഇങ്ങേരോട് പ്രേമം തോന്നുന്നുണ്ട്. മകളെ പക്ഷെ ആ‍ള്‍ ബോര്‍ഡിങ്ങില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. പക്ഷെ, ഡോക്ടറാക്കണം എന്ന് തന്നെ ആഗ്രഹം. അവള്‍ മിടുക്കിയായി പഠിച്ച്, റാങ്ക് വാങ്ങുന്നു. ലത് കാണാന്‍ അമ്മയില്ലാത്ത ദു:ഖം ആകാം. അവള്‍ക്കൊരു പ്രേമം വേണം. അത് പഠിക്കുന്ന സ്ഥലത്തുനിന്നാക്കാം. പക്ഷെ അമരത്തിലെ അച്ചൂട്ടിക്കില്ലാത്ത ഒരു ഫ്ലാഷ് ബായ്ക്ക് ഇവിടെ വേണം. ആ‍ാ ഇഷ്യൂവിന്റെ തീരിപ്പായിരിക്കണം ക്ലൈമാ‍ക്സ്'

പക്ഷെ, ശുദ്ധഗതിക്കാരനും സര്‍വ്വോപരി പേടിത്തൊണ്ടനുമായ (പോലീസുപണിക്ക് കൊള്ളാത്ത) ബലരാമന്‍ കോണ്‍സ്റ്റബിള്‍ നക്സലുകളെ പേടിച്ച് ജോലിയും കൂലിയുമുപേക്ഷിച്ച് ഒളിച്ചോടി വന്ന് ഒരു കാട്ടില്‍ ലോറി ഡ്രൈവറായപ്പോള്‍ ഏരിയയിലെ കെലുപ്പില്‍ കെലുപ്പനായി മാറിയതിന്റെ ലോജിക്ക് മനസ്സിലായില്ല.

നാട്ടില്‍ ചെല്ലട്ടെ, എന്നിട്ട് വേണം ഒരു ലോറിയൊക്കെ വാങ്ങി ഓടിച്ച് അല്പം കെലുപ്പനായി നടക്കാന്‍.

ഒഴിവാക്കാവുന്നതെന്നും വളിപ്പായും തോന്നിയത് ഒരുപാടുണ്ടെങ്കിലും, മൈഥിലിയുടെ അഭിനയത്തെ പറ്റിയും സുരാജ്, ജഗതി ടീമിന്റെ തമാശയെപ്പറ്റിയും കലാഭവന്‍ മണിയുടെ റോളിനെ പറ്റിയും പറയാതെ വയ്യ.

“ഹോ!! അപാരം. അക്രമം. കിരാതം. സമ്മതിച്ചു!”

വാല്‍ക്കഷണം: പടം കാണാന്‍ വരുന്നവര്‍ക്കെല്ലാം പ്രൊഡ്യൂസറുടെ വക മിഠായി വിതരണമുണ്ടായിരുന്നു. നൈസ്!

സിനിമ കഴിഞ്ഞ് അല്‍ ഖേയ്തില്‍ കയറി രണ്ട് ഷവര്‍മ്മയും സെവനപ്പും വാങ്ങി ഞാനും സഞ്ജുവുമടിച്ചു. എങ്ങിനെയെങ്കിലുമൊന്ന് അവസാനിപ്പിച്ച് വീട്ടിപ്പോകാന്‍ വേണ്ടിയാണെന്ന് തോന്നുന്നു, ഷവര്‍മ്മ ഓരോന്നും അരക്കിലോ ഭാരം ഉണ്ടായിരുന്നു (എന്തെങ്കിലും കുറയും)

11 comments:

  1. ശിക്കാര്‍ സി ഡി ഇറങ്ങുമ്പോ കണ്ടാല്‍ മതിയെന്ന് സാരം. :)

    ReplyDelete
  2. അന്നാന്നത്തെ നുറുങ്ങു വിശേഷങ്ങളാണെങ്കിലും ഈ ആത്മഗതങ്ങള്‍ വായിക്കാനും നല്ല രസം..

    ഓ.ടോ:-
    അപ്പോള്‍ ഈ ഡയറി ബ്ലോഗിനെ പറ്റിയാവുമല്ലേ ആത്മേച്ചീടെ ബ്ലോഗില്‍ പറഞ്ഞത്.:)

    ReplyDelete
  3. ingalu ithu varekkum ente kabithakal bayichilla lle???? dushtaa!!!

    ReplyDelete
  4. വിശാല്‍, ഒക്റ്റോബര് 2ന് വീട്ടിലെത്തിയതായി പ്രഖ്യാപിച്ച ശേഷം ദുബായ് നിശ്ചലമായോ, ടൈം പാസ് ആകുന്നില്ലേ?‍

    ReplyDelete
  5. ഇന്നാണ് ഈ കുടുംബപുരാണ ബ്ലോഗ്‌കള്‍ കണ്ടത്. രാവിലെ 9 മണി മുതല്‍ ഉച്ച ഒരു മണി വരെ ഇരുന്നു വായിച്ചു തീര്‍ത്തു. ഓഫീസിലെ മനസ്സമാധാനത്തോടെ വായിക്കാന്‍ പറ്റുള്ളൂ. വീട്ടില് പിള്ളാര് സമ്മതിക്കേല...

    ReplyDelete