Sunday, August 29, 2010

30-08-2010

വേദനിക്കുന്ന കോടീശ്വരന്‍ വരാത്തതിനാല്‍ ഇന്നലെ ഇഷ്ടമ്പോലെ ഫ്രീടൈം കിട്ടിയിരുന്നു.

ഓഫീസില്‍ നിന്ന് നേരെ അക്കാദമിയില്‍ പോയി. നാലരക്കവിടെയെത്തി. അക്കാദമിയുടെ അന്തരീക്ഷം ആരേം ഹഢാദാകര്‍ഷിക്കാന്‍ പോന്നതാണ്. ഏറെക്കുറെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെത്രക്കും പോഷ് ആയ ഒരു സെറ്റപ്പ്. ഒരു പടിഞ്ഞാറ് വേലിക്കപ്പുറം സെറ്റുമുണ്ടിന്റെ കരപോലെ പതിനാല് വരിപ്പാതയില്‍ എമിറേറ്റ്സ് റോഡ്, വടക്കേ എത ഗള്‍ഫ് ജീവിതത്തിലെ ഏറ്റവും ഡ്രൈയായ ജീവിതങ്ങളുള്ള ലേബര്‍ ക്യാമ്പുകളുടെ ജില്ലയാണ്. അതിനിടക്ക് നിറച്ചും മരങ്ങളും കിളികളുടെ കരയലും കൂവലും ഒക്കെയായി ഒരു സ്ഥലം.

പതുക്കനെ ഒരു 22 മിനിറ്റ് നടന്നു. വയറിനടിക്കുന്ന ബെഞ്ചില്‍ കാല്‍ കുരുക്കിയിട്ട് തലകീഴായി അഞ്ച് മിനിറ്റ് ശാന്തമായി കിടന്ന്, വൈകീട്ടത്തെ പരിപാടികള്‍ പ്ലാന്‍ ചെയ്തു. വയറ് പത്ത്. ബഞ്ച്പ്രസ്സ് പത്ത്. പുറത്ത് കട്ടവരും മെഷീന്‍ പിടിച്ച് നാല് വലിയും വലിച്ച് മതിയാക്കി. ഭയങ്കര ക്ഷീണം.

ഷട്ടില്‍ കോര്‍ട്ടില്‍ പരിചയക്കാര്‍ ആരേം കണ്ടില്ല. അതുകൊണ്ട് ഒരു ഗ്ലാസ് വെള്ളം കുടിച്ച് നേരെ കുളിക്കാന്‍ പോയി.

ആറുമണിയോടെ വീട്ടില്‍ നിന്നുമിറങ്ങി. നാലുപേരും യൂണിഫോമിലായിരുന്നു! :)

ഇന്നത്തെ കുക്കറി ഷോക്ക് വേണ്ടി സോനക്കൊരു സെറ്റ് മുണ്ട് വാങ്ങി, ആലുക്കാസിന്ന്. ഓണക്കാലമല്ലേ, മലയാളി ലുക്ക് തന്നെ വേണ്ടേ? ഉണ്ണി പറഞ്ഞിട്ട്, മലബാറ് ഗോള്‍ഡില്‍ കയറി കുട്ടികളുടെ കളക്ഷന്‍ നോക്കി. ഇഷ്ടപ്പെട്ടില്ല.

അവിടന്ന് നേരെ ലലനത്തിന്റെ പുരികം ത്രെഡ് ചെയ്ത്, ഐക്കിയയില്‍ പോയി പുതിയ ഒരു ചെടി വാങ്ങി. ആറ് ബൌളുകള്‍ വാങ്ങി. പുതിയ കിച്ചണ്‍ ടവ്വലും ചവിട്ടിയും വാങ്ങിച്ചു. നാല് ഐസ് ക്രീം വാങ്ങി ചപ്പിക്കൊണ്ട് പോന്നു!

കവര്‍ വണ്ടിലെടുത്ത് വക്കാന്‍ നേരം പിടി പൊട്ടി താഴെ വീണ് ബൌളുകള്‍ നാലെണ്ണം പൊട്ടിപ്പോവുകയും ചെയ്തു.

വരുംവഴി ലുലുവിലും ഒന്ന് കയറി പുത്തന്‍ ഫ്രയ്യിങ്ങ് പാനടക്കം കണസകുണസ കുറെ ഷോപ്പിങ്ങ്! മൊത്തം 472 ദിര്‍ഹം. കുക്കറി ഷോ വകുപ്പില്‍ ഭയങ്കര ചിലവ്!

കൂന്തള്‍ ലുലുവില്‍ നല്ലത് കിട്ടിയില്ല. സഞ്ജപ്പന്‍ പോയി വാങ്ങി. കൂട്ടത്തില്‍ കൊള്ളിപ്പുഴുക്കുണ്ടാക്കാന്‍ കൊള്ളിയും. തിരിച്ച് വരാന്‍ നേരം വിളിച്ച്, ഗ്രില്‍ ചിക്കന്‍ വാങ്ങണോന്ന് ചോദിച്ച് വിളിച്ചിരുന്നു. ‘വേണ്ട’ എന്ന് ആ കാര്യത്തില്‍ മാത്രം നമ്മള്‍ പറയില്ലല്ലോ!!

ഹാള്‍ റീ അറേഞ്ച് ചെയ്ത് ചിക്കനെ പൂശി ഉറങ്ങിയപ്പോള്‍ പന്ത്രണ്ട് മണിയായി. മൊത്തം ഒരു വയ്യായ ഉണ്ടായിരുന്നെങ്കിലും ഒരു ദിവസം കൂടെ അങ്ങിനെ ഡീസന്റായി അങ്ങിനെ കടന്നുപോയി.

29-08-2010

ദിവസത്തിന് മൊത്തത്തില്‍ തളര്‍ന്ന മൂഡ്.

ഇന്നലെ വൈകീട്ട് ഒരു ചാളഫ്രൈയും അയലഫ്രൈയും കൂട്ടി ലേയ്റ്റായി ഒന്നരക്കിണ്ണം ചോറടിച്ചതിന്റെയാണോ ഈ തളര്‍ച്ച എന്നറിയില്ല. ചിലപ്പോള്‍ എട്ടിസലാട്ട് അക്കാദമിയില്‍ കാലെടുത്ത് കുത്തിയിട്ട് നാല് ദിവസം കഴിഞ്ഞതുകൊണ്ടാകണം. ബുധനാഴ്ച മുതല്‍ ഓട്ടവും ഷട്ടിലും ജിമ്മും നടന്നില്ല.

വയറ്റില്‍ രണ്ട് പാക്ക് ദര്‍ശിച്ചുതുടങ്ങിയതായിരുന്നു, ഇനി വീണ്ടും ഉണ്ടായി വരേണ്ടിയിരിക്കും.

ഇന്നലെ കാഷ്വല്‍ വെയറിനിടാന്‍ കരാമ സെന്ററില്‍ പോയി ഒരു ജോഡി ഷൂവും ചപ്പലും വാങ്ങി. 268 ദിര്‍ഹംസ്. മാമ്പ്രക്കാരന്‍ മാപ്ല ഇന്നലെ ദുബായിലുണ്ടായിരുന്നു. അവനേയും പൊക്കി, കെ.എഫ്.സി.യില്‍ നിന്ന് ഒരു ഇഫ്താര്‍ മീല്‍ വാങ്ങി.

ഷാര്‍ജ്ജയിലെ മച്ചി മാര്‍ക്കറ്റില്‍ പോയി രണ്ട് കിലോ ചാള വാങ്ങി വറക്കാന്‍. മാമ്പ്ര വക. വീട്ടിലെത്തിയപ്പോള്‍ അവിടെ ഫ്രിഡ്ജ് നിറച്ച് മീന്‍. സഞ്ജപ്പന്‍ വക. കറുത്ത ആവോലിയും ഐലയും.

കൂട്ടത്തില്‍ നിന്നൊരു ഒരു എമണ്ടക്കന്‍ അയലയും നാല് ചാളയും എടുത്ത് ഞാനും മാമ്പ്രയും കൂടെ നന്നാക്കി കൊടുത്തു. അവള്‍ വറത്തു. അങ്ങിനെ ചോറും പരിപ്പുകറിയും ക്യാബേജ് തോരനും മീന്‍ വറുത്തതും കൂടെ ഒരു ഡീസന്റ് പിടി! ഞാന്‍ ഈ ചോറ് കഴിക്കല്‍ നിര്‍ത്തിയാല്‍ ബോഡി ജ്ജാതി ഷേയ്പ്പാവും എന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷെ, രാവിലത്തെ കഴിപ്പ് ഒരു ജഗപൊഗ ലൈനിലാണ്, ഉച്ചക്ക് പിന്നെ ആകെ ഒരു പീസ് ബ്രഡേ കഴിക്കൂ. രാത്രിയില്‍ വീട്ടിലിരിന്ന് വിശാലമായ ഈ കഴിപ്പാണ് ആനന്ദകരമായ ഭക്ഷണം കഴി. അത് ഉപേക്ഷിച്ചിട്ട് നമ്മള്‍ വയറ്റത്ത് കട്ടിങ്ങ്സ് വരുത്തിയിട്ട് എന്തിനാ? എന്നോര്‍ക്കും.

രാത്രി രാം മോഹന്‍ ജി ബില്‍ഡിങ്ങിന് താഴെ വന്ന് ആള്‍ടെ ബിസിനസ്സ് ഗള്‍ഫ് പത്രത്തിന്റെ കഴിഞ്ഞ എഡിഷനും പുതിയ എഡിഷനും തന്നു. സംഗതി മൊത്തത്തില്‍ കുറെ വായിക്കാനുള്ള ഒന്നാണ്. എനിക്കിഷ്ടായി. നമ്മുടെ പണവും ഞാനും വന്നത് നേരിട്ട് കണ്ടില്ലായിരുന്നു. ഇത്തവണത്തേതില്‍ വിത്സനാണ് എഴുതിയേക്കുന്നത്, അത്. അവന്റെ എഴുത്ത് ഞാന്‍ അവന്റെ റൂമില്‍ വച്ച് വായിച്ചതുമാണ്. ഗംഭീരമായിട്ടുണ്ട്!

വിത്സന്റെ ഫോട്ടൊ ഞാനെടുത്ത ഫോട്ടോയാണ്. എനിക്കും അവനും ഇഷ്ടപ്പെട്ട ഫോട്ടോയാണത്. വിത്സണല്ലെങ്കിലും ഭയങ്കര ഫോട്ടോ ജെനിക്കാ.

അച്ചൂ‍നെ പെണ്ണുകാണാന്‍ വന്ന വിവരം പറഞ്ഞ് ചേച്ചി വിളിച്ചിരുന്നു. ചെക്കന് ജോലിയില്ലാത്തതുകൊണ്ട്, വേണ്ട എന്ന് വച്ചു ത്രെ. ഓണത്തിന് അയച്ച കാശ് കിട്ടിയെന്നും പറഞ്ഞു. വൈകീട്ട് വിളിക്കാമെന്ന് പറഞ്ഞിട്ട് കട്ട് ചെയ്തിട്ട് വിളി നടന്നില്ല. ഇന്ന് വിളിക്കണം.

ഷേക്ക് പാലസ് കണ്ടപ്പോള്‍ വീട് ഡെക്കറേഷന്‍ ഭ്രമം വീണ്ടും തലക്ക് പിടിച്ചിട്ടുണ്ട്. കുറെ നാളുകളായി പുതിയത് ഒന്നും വാങ്ങാത്തതുകൊണ്ട് ഇന്റീറിയറിന്റെ ആ ഒരു ലുക്കൊക്കെ ഡിമ്മായി. എന്തും വൃത്തിയായി ഇരിക്കണമെങ്കില്‍ അത് സ്ഥിരം മെയിന്റൈന്‍ ചെയ്യണം എന്നത് ജിമ്മിന് പോകുന്ന പോലെയാണ്. നിര്‍ത്തിയാ പോയി!

ഹോം സെന്ററില്‍ സെയിലുണ്ട്. പോയി ഒന്ന് കറങ്ങി വന്നു. മുന്നാട്ടും പിന്നാട്ടും ആടുന്ന കസാര, സെന്റര്‍ പോയിന്റില്‍ പോയപ്പോള്‍ ഓങ്ങി വച്ചിരിക്കുന്നത് ഒന്ന് നോക്കി. പക്ഷെ, സെയിം ഡിസൈനിലുള്ളത് ഇവിടെ ഇല്ല. ഉള്ളതിനാണേ ഒട്ടും പണി വൃത്തിയില്ല. പിന്നെ, വന്നതല്ലേ? എന്ന് പറഞ്ഞ ലലനം ഒരു ചായ തിളപ്പി പോട്ട് വാങ്ങി. 14 ദിര്‍ഹമേ ഉള്ളു, ഭയങ്കര ലാഭമാണ് എന്ന് പറഞ്ഞത് കേട്ടിട്ടാണ് ബാങ്ങിച്ചോളാന്‍ പറഞ്ഞത്. ബില്ല് കൊടുത്തപ്പോ, 26 കാശ്. അവിടെ വച്ച്, വേണ്ട എന്ന് പറയുന്നത് ബോറല്ലെ? എന്നോര്‍ത്ത് വാങ്ങിച്ചോണ്ട് പോന്നു. മുപ്പത് ദിര്‍ഹത്തിനോ മറ്റോ ടെഫാലിന്റെ കിട്ടും. അതായിരുന്നു ബെറ്റര്‍.

കുറുമാന്‍ ആനയെ വാങ്ങിയ വിശേഷം പറഞ്ഞിരുന്നു. ബുര്‍ജ് അല്‍ അറബിന്റെ 611-ആം നമ്പറ് മുറിയില്‍ നിന്നാണ് വിളിച്ചത്. ആനയുടെ സെല്ലറോടും സംസാരിച്ചു. ആനക്ക് പേരൊക്കെ ഇട്ടു. കുറുമാത്ത് ആദിത്യന്‍!

നാല്പത് ലക്ഷം ആയിത്രെ! എത്രത്തോളം പ്രാക്റ്റിക്കല്‍ ആണ് എന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല എങ്കിലും ആനയെ ഒക്കെ സ്വന്തമായി വാങ്ങുക എന്നത് ഒരു രസം പരിപാടി തന്നെയാണ് ട്ടാ. പിന്നെ അവന്റെ കേസുകെട്ടായതുകൊണ്ട് അവന്‍ എന്താ ചെയ്യുക എന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഞാന്‍ ഒരു ആടിനെ വാങ്ങണമെങ്കില്‍ പോലും ഒരു പ്രോജക്ട് റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ടാണ് ചെയ്യുക. അവന് വെട്ടൊന്ന് മുറി രണ്ട് എന്ന റോളിലാണ് കാര്യങ്ങള്‍. ഓരോരുത്തര്‍ക്കും ഓരോരോ ശരികള്‍!

ഏഷ്യാനെറ്റ് ജോബി വിളിച്ചിരുന്നു. കുക്കറി ഷോയിലേക്ക് ഒരു റെസിപ്പി അയച്ചു കൊടുത്തിരുന്നല്ലോ! അതിന്റെ ഷൂട്ടിന്. അവര്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍, സോന, അല്ലെങ്കില്‍ ചേട്ടന്‍ തന്നെ ഉണ്ടാക്കിക്കോ ഞാന്‍ പറഞ്ഞ് തരാം എന്ന റോളിലാണ്.

ഉണ്ടാക്കാന്‍ പോണ ഐറ്റം അറിയാത്തോര്‍ ആരും ഉണ്ടാവില്ല എങ്കിലും എന്തെങ്കിലുമൊക്കെ വേറെ ചേര്‍ത്ത് സ്പെഷല്‍ ആക്കാനാണ് പ്ലാന്‍. എന്താണ്ടാവാന്നറിയാലോ??

ഇന്ന് ഇത് ഇങ്ങിനെ എഴുതാന്‍ ഒരു മൂഡ് അതുകൊണ്ട് ഇതെഴുതി. “ഈ വീട്ടുകാര്യമൊക്കെ പബ്ലിക്കായി എഴുതി വക്കാന്‍ നാണമില്ലേ ഡാ“ എന്ന്‍ ഉള്‍വെളിവ് ഉണ്ടാകും വരെ എഴുതണം.

നേരത്തിനും കാലത്തിനും കമ്പനി മുതലാളിമാര്‍ ഓഫീസില്‍ വന്നില്ലെങ്കില്‍ ഇങ്ങിനെ പലതും കാണേണ്ടി വരും. ങാ...