Tuesday, September 28, 2010

29-09-2010

ചില ഫോട്ടോകള്‍ കാണുമ്പോഴാണ് എന്റെ കണ്ണിന്റെ കുഴപ്പം എനിക്ക് പിടികിട്ടുന്നത്. ഷാര്‍ജ്ജ റോളയുടെ ഫോട്ടോയാണിന്നലെ കണ്ടത്. ഒരു ഡ്രൈ സ്ഥലം എന്ന് വിചാരിച്ചിരുന്ന ചില ഭാഗങ്ങള്‍ ഫോട്ടോയില്‍ കാണാന്‍ എന്തൊരു ഭംഗിയാണ്!

അങ്ങിനെ വച്ച് നോക്കുമ്പോള്‍ എന്റെ ഓഫീസിലെ ഫിലിപ്പൈന്‍സ് രാജാവിന്റെ മകള്‍, നാലുപെറ്റ രാജകുമാരിയും സുന്ദരിയായായിരിക്കുമോ? ഒന്ന് കൂടെ പോയി നോക്കട്ടേ.... ഓഹ്.... കണ്ടേച്ചാലും മതി!!

എന്തിറ്റാ ചക്ക മക്ക പക്ക എന്നും പറഞ്ഞുള്ള, കല കല പിലാ! ആരെയാണാവോ മന്ദാകിനി ചീത്തവിളിക്കണത്!

ചിന്ത ഇന്ന് നാട്ടില്‍ പോക്കിന്റെ ലൈനിലാണ് നീങ്ങുന്നത്. ആ എന്തെങ്കിലും ചെയ്യ്. ബോറടിച്ചാല്‍ മനുഷ്യര്‍ക്ക് എന്ത് വേണേലും ആലോചിക്കാം.

കഴിഞ്ഞ വര്‍ഷം മുതലാണ് നാട്ടില്‍ പോയി സെറ്റില്‍ ചെയ്യുന്നതിനെ പറ്റി ആലോചന തുടങ്ങിയത്. കാരണം, വേറൊന്നുമല്ലായിരുന്നു, ആ കമ്പനിയുടെ പോക്ക് ശരിയല്ലാന്ന് തോന്നി‍. വേറെ ഒരു കമ്പനിയില്‍ ജോലി ചെയ്യില്ല, ഉണ്ടാക്കിയത് മതി എന്നായിരുന്നു അന്നത്തെ ചിന്ത.

പണ്ട് അമ്മ പറയും, ‘ദൈവാനുഗ്രഹവും ചോര്‍ന്നൊലിക്കാത്ത ഒരു വീടും വല്ലതും നട്ടുണ്ടാക്കാന്‍ ഇച്ചിരി സ്ഥലവും ഇച്ചിരിനിലവും ഒരു കറവമാടും ഉണ്ടാവുക. പണിയെടുക്കാന്‍ മടിയില്ലാത്ത കുടിയും വലിയുമൊന്നുമില്ലാത്ത ഭര്‍ത്താവും കുടുമ്മം പൂവാണ്ട് നോക്കാന്‍ ത്രാണിയുള്ള ഭാര്യയും ആണെങ്കില്‍ എന്നും ഓണമല്ലഡാ, ആ കുടുംബത്ത്!’ എന്ന്.

ജോലിയില്ലേലും സാരമില്ല എന്നാണ് ലേയ്റ്റ്. ശ്രീമതി മൂകാംബിക രാമന്‍ പറഞ്ഞതെങ്കിലും, ജോലിയില്ലെങ്കില്‍ സംഗതി ബുദ്ധിമുട്ടാവും. എങ്കിലും ബാക്കിയുള്ള പോയിന്റുകള്‍ പ്രസക്തമാണ്.

അച്ഛന്റെ ഫിനാന്‍സ് മാനേജ്മെന്റിലെ ചില പ്രശ്നങ്ങള്‍ കാരണം, പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതലാണ് ഞാന്‍ ആ ഡിപ്പാര്‍ട്ട്മെന്റ് ഹാന്റില്‍ ചെയ്യുന്നത്. വീട്ടില്‍ അച്ഛനും അമ്മയും ഞാനും മാത്രമേ ഉള്ളായിരുന്നല്ലോ.. ചിലവ് എന്ന് പറഞ്ഞാല്‍ അധികമൊന്നുമില്ല.

അരി വാങ്ങേണ്ടി വരില്ല, പാടത്തുന്ന് കിട്ടും. പിന്നെ, കരണ്ട് ബില്ല് 27.50 വരും മാസില്‍. പിന്നെ, മിക്കവാറും ദിവസം ഞാന്‍ പോയി സായ്‌വിന്റെ കടേന്ന് പയറും കായയും വാങ്ങി കൊടുക്കും കോളേജില്‍ പോണേലും മുന്‍പ്. അല്ലെങ്കില്‍ അര കിലോ ചാള, രണ്ട് അയല, പയറ്, മുതിര, ഐംറ്റസ് പിന്നെ ഒണക്ക മീനും അച്ചാറും മോരും എല്ലാ കാലത്തും ഉണ്ടാവും വീട്ടില്‍. ആഴ്ചയില്‍ ഒരിക്കല്‍ പോത്തെറച്ചി വാങ്ങും. ഗ്യാസ് കുറ്റിയൊക്കെ ചേട്ടന്റെ കല്യാണം കഴിഞ്ഞേന് ശേഷമാണ് വന്നത്. എനിക്ക് തോന്നുന്നത് മാക്സിമം ഒരു അഞ്ഞൂറ് രൂപയൊക്കെ വരുമായിരിക്കുള്ളൂ എന്നാണ്.

അമ്മ പറഞ്ഞത് മാസം അഞ്ഞൂറ് രൂപ ചിലവുള്ള കാലത്തെപറ്റിയാണ്. പറമ്പില്‍ ഞങ്ങള്‍ക്ക് ഒരു അമ്പത് തെങ്ങോളമുണ്ടായിരുന്നു. സോ, ഞങ്ങള്‍ക്ക് മാസം എങ്ങിനെ പോയാലും ആയിരത്തി ചില്ലാനം രൂപ കിട്ടാറുണ്ട്.

എങ്കിലും ഞാനിപ്പോഴും വിശ്വസിക്കുന്നുണ്ട്, അനാവത്ത് ചിലവും അസുഖങ്ങളോ ഇല്ലയെങ്കില്‍, വീടുണ്ടെങ്കില്‍ ഭാര്യയും ഭര്‍ത്താവും ‘അത് നമുക്ക് വേണ്ടറീ..’ എന്ന പറഞ്ഞാല്‍ കേക്കുന്ന ഭാര്യയും, ‘അത് നമുക്ക് വേണ്ട ചേട്ടാ..’ എന്ന് പറഞ്ഞാ കേക്കണ ഭര്‍ത്താവുമാണെങ്കില്‍ ഒരു അയ്യായിരം രൂപയൊക്കെ വരുമാനം ഉണ്ടെങ്കില്‍ വല്യ കോടീശ്വരന്മാരെ പോലെയല്ലെങ്കിലും അത്യാവശ്യം മാന്യമായി സുഖമായി ജീവിക്കാന്‍ പറ്റുമെന്ന്.

സാധാരണക്കാരന്റെ വീടുകളിലെ ഇപ്പോഴുള്ള ഏറ്റവും വല്യ പ്രശ്നം വീട്ടിലെ ആണുങ്ങളുടെ മദ്യമടിയാണ്. ഒരു നട കാശ് വേയ്സ്റ്റാക്കുന്നുണ്ട്, അതാണ് മെയിന്‍ ഇഷ്യൂ. ഒരു കിലോ അരിക്ക് 22 ഓ 23 ഓ രൂപയാണ്. ഒരു ചെറിയ കുടുംബത്തിന് ഒരു ദിവസം അരകിലോ അരി ഇഷ്ടമ്പോലെ മതിയാവും. 25 രൂപക്ക് സാമ്പാറിന്റെ കഷണം വാങ്ങിച്ചാല്‍ രണ്ട് പ്രാവശ്യം വക്കാം. എല്ലാ ചിലവും കൂട്ടി മൊത്തം ഭക്ഷണത്തിന്റെ ചിലവ് 100 രൂപ കൂട്ടിക്കോ.

ദിവസം രണ്ട് പെഗ്ഗ് വച്ച് അടിക്കണ ആള്‍ക്ക് അതിലും കൂടുതല്‍ ചിലവ് വരും. ച്ചാല്‍ നാലോ അഞ്ചോ പേരുള്ള വീട്ടിലെ ഫുഡിനേലും കാശ് ഗൃഹനാഥന്റെ ഉറക്കം വരെയുള്ള ഒരു തരിപ്പിന് വേണ്ടി കളയുകയല്ലേ? ശരിയാണോ അത്? എന്റെ വീടിന്റെ ചുറ്റിനും ഡൈലി കുടി ടീമുകള്‍ അധികമില്ല. നേരെയുള്ള വീട്ടിലെ ജോളിയേച്ചിയുടെ ഭര്‍ത്താവ് എറപ്പായേട്ടന്‍ കുടിക്കില്ല. അപ്പുറത്തെ വീട്ടിലെ എന്റെ ചേട്ടന്‍ കുടിക്കില്ല. താഴെ വീട്ടിലെ ഷാജി കുടിക്കില്ല. മുണ്ടക്ക രവിച്ചേട്ടന്‍ ലൈഫില്‍ കുടിച്ചിട്ടില്ല.

ഞാന്‍ പണ്ട് ബാറില്‍ നില്‍ക്കുമ്പോള്‍ ഭയങ്കര ഉപദേശമായിരുന്നു, സ്മോളടിക്കാന്‍ വരുന്നോരോട്. എന്നെ എന്നിട്ട്, ബാറിലെ പള്ളീലച്ചന്‍ എന്ന് വരെ വിളിച്ചു.

ഞാന്‍ പറയാര്‍ന്നു. ചേട്ടന് ഈ കാശ് ഇവിടെ ബാറീ കൊടുക്കാണ്ട് വീട്ടിപ്പോയി ഭാര്യേനെം പിള്ളേരെം കൊണ്ട് സെന്ററില്‍ വന്നിട്ട് അവര്‍ക്ക് ഓരേ മസാല ദോശ വാങ്ങിക്കൊടുത്താ എന്തൊരു സന്തോഷാ ഉണ്ടാവുക അവര്‍ക്ക്? എന്ന്.

അപ്പം പറഞ്ഞുവന്നത്, ആ കമ്പനിയിലെ ജോലി മതിയാക്കിയാല്‍ വേറെ പോകില്ല എന്ന ചിന്തയെ പറ്റിയായിരുന്നു. വെറുതെ ഇങ്ങിനെ ആലോചിക്കുമ്പോള്‍ ഒരു ഗുമ്ം തോന്നുണ്ടെങ്കിലും പ്രാക്റ്റിക്കലായി ചിന്തിക്കുമ്പോള്‍....ഫസ്റ്റോഫ് ആള്‍ മതിയാക്കി പോകാന്‍ മാത്രം ഏജായില്ല എനിക്ക്.

പിന്നെ ഈ ദുബായിലും ഷാര്‍ജ്ജേലും ഇത്രേം പരിചയക്കാരും എക്സ്പീരിയന്‍സും ഉള്ള നിലക്ക് അതൊക്കെ വേണ്ടാന്ന് വച്ച് പോയിട്ട് നാട്ടില്‍ എന്നാ ചെയ്യാനാ? ചിലപ്പം അവിടെ എനിക്ക് ബോറടിച്ചാലോ?

പിന്നെ നാട്ടിലേക്കാളും കാശുണ്ടാക്കാന്‍ എളുപ്പം ഇവിടെയാണ്. വെറുതെ ഓഫീസില്‍ വന്ന് കൊടുത്താ മതിയാവും. :)

നാട്ടിലെ പോലെയുള്ള ഉണ്ണികളല്ല ഇവിടെയുള്ളത്. അവിടെ പല പല കളികളും അറിയേണ്ടി വരും, നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ഒരാള്‍ടെ കയ്യിലെ കാശ് നമ്മുടെ കയ്യിലെത്താന്‍!

ഇവിടത്തെ മുതലാളിമാരെല്ലാം മുടിഞ്ഞ റിച്ചുകളുമാണ്. നല്ല സെറ്റപ്പില്‍ ചെന്ന് പെട്ടാല്‍ പിന്നെ സോ ഈസിയാണ് കാര്യങ്ങള്‍.

മിനിയാന്ന് പഴയ ജി.എം. പറയാണ്. റോള്‍ബോളിന്റെ ഓണറിന്റെ ഇറാനിലുള്ള ചെറിയ ഒരു പ്ലോട്ട് ഹോട്ടല്‍ തുടങ്ങാന്‍ വിറ്റത്രേ.. വിലയെത്രെയെന്നോ? 40 മില്യണ്‍ ഡോളര്‍ ന് ന്ന്! ഏകദേശം ഒരു 200 കോടി രൂപ. അയ്യാക്കടെ മൊത്തം അസറ്റിന്റെ ഒരു വക്കോ മൂലയോ ആവണം! ഇവരുടെ കൂടെ സ്വന്തം ആളായി നടക്കാന്‍ തന്നെ ഒരു സന്തോഷമല്ലേ നമുക്ക്.

3 comments:

  1. ഈ പരിപാടി നടക്കുന്നത് അറിഞ്ഞതെ ഇല്ലാ. എല്ലാം വായിച്ചു. എന്നെങ്കിലും നേരില്‍ കാണണം എന്നാശയുണ്ട്. കാണും. :)
    നാട്ടില്‍ സെറ്റില്‍ ആവാന്‍ നോക്കാത്തതിന്റെ ഒരു മെയിന്‍ കാരണം അവിടെ പിഴച്ചു പോവാന്‍ നമ്മളെകൊണ്ട് പറ്റില്ലാച്ചിട്ടാ. ഒരു ആറു മാസം നിന്നപ്പോ കണ്ടതാ, കൂടെ പണിയെടുക്കുന്ന ആണുങ്ങളെ വരെ സഹിക്കാം, പെണ്ണുങ്ങളുടെ പൊളിറ്റിക്സ് ന്റെ എടേല്‍ നമ്മള്‍ പാണ്ടി ലോറി കേറിയ തവളാച്ചി പോലെയാവും :(

    ആശംസകള്‍!!

    ReplyDelete