Wednesday, November 24, 2010

24-11-2010

മൂവായിരം ദിർഹത്തോളം മാസാമാസം ബാങ്കിലടച്ച്... ഗൾഫിൽ പ്രാഡോയും ഓടിച്ചോണ്ട് നടക്കുന്നോരെ സമ്മതിക്കണം!! എങ്ങിനെ അവർക്ക് അതിനുള്ള മനക്കട്ടി ഉണ്ടാകുന്നു?? ഹോ!! ;)

അങ്ങിനെ, ഒന്നര വർഷത്തെ ആ സവാരിഗിരിഗിരി അവസാനിപ്പിച്ച് പ്രാഡോച്ചനെ അബുദാബിയിലുള്ള ഒരു ഡോക്ടറുടെ കയ്യിലേല്പിച്ചു. ഓസ്ട്രേലിയൻ നാഷനാലിറ്റിയുള്ള നല്ലോരു തമിഴൻ ഡോക്ടർ. കണ്ടാൽ പറയില്ലെങ്കിലും നല്ല ബെസ്റ്റ് മനുഷ്യൻ. പൊതുവെ വണ്ടി മാർക്കറ്റ് ഇച്ചിരി ഇടിഞ്ഞ് നിൽക്കുന്നതുകൊണ്ട് ആരും വാങ്ങാൻ മടിക്കുന്ന റേയ്റ്റ് പറഞ്ഞിട്ടും വാങ്ങിക്കൊണ്ടോടിയത്, ഇനിയിപ്പോൾ ഞാൻ ഓടിച്ചിരുന്ന വണ്ടി ഓടിക്കാനുള്ള വല്ല ആഗ്രഹവും കൊണ്ടെങ്ങാനുമാവുമോ ആവോ?? :)

ഹവ്വെവർ, കച്ചവടം ബാർട്ടർ സിസ്റ്റത്തിലായിരുന്നു. നമ്മൾ ആൾക്ക് ഒരു വണ്ടി കൊടുത്ത്, ആൾടെ കയ്യിലുള്ള പേൾ വെള്ള അക്കോഡിനെ നമ്മളും വാങ്ങി. ഇമ്മറെ വണ്ടീടെ മൂന്നിൽ രണ്ടു ഭാഗം എമിറേറ്റ്സ് നാഷണൽ ബാങ്കിന്റെ ആയിരുന്നതുകൊണ്ട്, സത്യം പറഞ്ഞാ പ്രാഡോയും വട്ടച്ചിലവിന് ഒരു ആയിരത്തഞ്ഞൂറ് രൂപയും കൊടുത്താണ് നമ്മൾ അക്കോഡിനെ കൊണ്ടു പോന്നത്.

എന്റേതായ സാധനങ്ങളെല്ലാം ലോകത്തിലേക്കേറ്റവും നല്ലത് എന്നൊരു തോന്നലുള്ളതുകൊണ്ടാണോ എന്നറിയില്ല, സത്യം പറയാലോ... അക്കോഡ് 2006 മോഡലാണെങ്കിലും ഞാനത് വിശ്വസിച്ചിട്ടില്ല. മിനിമം 2008 ഡിസംബറെങ്കിലുമായിരിക്കും എന്ന തോന്നലാണ്. ചില ചില ആങ്കിളിൽ നിന്ന് നോക്കുമ്പോൾ മേഴ്സിഡസ് എസ് ക്ലാസ്സാണോ എന്ന് പോലും തോന്നുപ്പോവുകയാണ്! കൊഴപ്പാവോ?!

എന്തായാലും ഇന്ന് പരിപാടി ഒക്കെ ജോറായി കഴിഞ്ഞ്, അബുദാബി നമ്പർ പ്ലേയ്റ്റും മാറ്റി നമ്മുടെ പേൾ വൈറ്റ് ആക്കോഡ് പുലി, ചില്ലേലൊക്കെ നല്ല കറുകറുപ്പ് ഫിലിമൊക്കെ ഒട്ടിച്ച് നയനമനോഹരമായ കമ്പനിയുടെ കാർപ്പോർച്ചിൽ വൈശാലി വെള്ള സാരിയുടുത്ത് റിശ്യശൃംഗനെ നോക്കുമ്പോലെ (റ ഇതല്ല, മറ്റേ വളഞ്ഞ് പുളഞ്ഞിരിക്കുന്ന എറു ആണെന്ന് എനിക്കുമറിയാം. പക്ഷെ, കീമാനിൽ വരണ്ടേ?) നോക്കി “എന്നെയൊന്ന് ഓടിക്കൂ‍... “ ന്നും പറഞ്ഞോണ്ട് കിടക്കുന്നത് കാണുമ്പോൾ എനിക്ക് ചിലതൊക്കെ തോന്നുന്നുണ്ടേയ്!

സുമാർ ഇരുപത് കൊല്ലം മുൻപ് ജയച്ചേച്ചിടെ കല്യാണത്തിന് രാമചന്ദ്രേട്ടന്റെ ആലുവയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുമ്പോഴാണ് ജീവിതത്തിലാദ്യമായി ഞാൻ ഹോണ്ട കാറ് കാണുന്നത് എന്നാണെന്റെ ഓർമ്മ. ഓർമ്മ ശരിയാവാതിരിക്കാൻ വഴിയില്ല. ഇമ്മാതിരി ആർക്കും ഉപകാരമില്ലാത്ത കാര്യങ്ങളൊക്കെ എനിക്ക് ഭയങ്കര ഓർമ്മയാണ്.

ഇന്നലെ വണ്ടി ട്രാൻസ്ഫർ ചെയ്യാൻ നിൽക്കുമ്പോൾ നമ്മുടെ പ്രാഡോച്ചനെ കണ്ടപ്പോൾ എനിക്ക് എവിടന്നൊക്കേയോ ഒരു സങ്കടം വന്നായിരുന്നു. പിന്നെ, ഞാനതങ്ങട് കടിച്ച് സഹിച്ചു.

അല്ലേലും പ്രാഡോയേലും എന്തുകൊണ്ടും എടുപ്പ് അക്കോഡിന് തന്നെയാണ്. ;)