Wednesday, November 24, 2010

24-11-2010

മൂവായിരം ദിർഹത്തോളം മാസാമാസം ബാങ്കിലടച്ച്... ഗൾഫിൽ പ്രാഡോയും ഓടിച്ചോണ്ട് നടക്കുന്നോരെ സമ്മതിക്കണം!! എങ്ങിനെ അവർക്ക് അതിനുള്ള മനക്കട്ടി ഉണ്ടാകുന്നു?? ഹോ!! ;)

അങ്ങിനെ, ഒന്നര വർഷത്തെ ആ സവാരിഗിരിഗിരി അവസാനിപ്പിച്ച് പ്രാഡോച്ചനെ അബുദാബിയിലുള്ള ഒരു ഡോക്ടറുടെ കയ്യിലേല്പിച്ചു. ഓസ്ട്രേലിയൻ നാഷനാലിറ്റിയുള്ള നല്ലോരു തമിഴൻ ഡോക്ടർ. കണ്ടാൽ പറയില്ലെങ്കിലും നല്ല ബെസ്റ്റ് മനുഷ്യൻ. പൊതുവെ വണ്ടി മാർക്കറ്റ് ഇച്ചിരി ഇടിഞ്ഞ് നിൽക്കുന്നതുകൊണ്ട് ആരും വാങ്ങാൻ മടിക്കുന്ന റേയ്റ്റ് പറഞ്ഞിട്ടും വാങ്ങിക്കൊണ്ടോടിയത്, ഇനിയിപ്പോൾ ഞാൻ ഓടിച്ചിരുന്ന വണ്ടി ഓടിക്കാനുള്ള വല്ല ആഗ്രഹവും കൊണ്ടെങ്ങാനുമാവുമോ ആവോ?? :)

ഹവ്വെവർ, കച്ചവടം ബാർട്ടർ സിസ്റ്റത്തിലായിരുന്നു. നമ്മൾ ആൾക്ക് ഒരു വണ്ടി കൊടുത്ത്, ആൾടെ കയ്യിലുള്ള പേൾ വെള്ള അക്കോഡിനെ നമ്മളും വാങ്ങി. ഇമ്മറെ വണ്ടീടെ മൂന്നിൽ രണ്ടു ഭാഗം എമിറേറ്റ്സ് നാഷണൽ ബാങ്കിന്റെ ആയിരുന്നതുകൊണ്ട്, സത്യം പറഞ്ഞാ പ്രാഡോയും വട്ടച്ചിലവിന് ഒരു ആയിരത്തഞ്ഞൂറ് രൂപയും കൊടുത്താണ് നമ്മൾ അക്കോഡിനെ കൊണ്ടു പോന്നത്.

എന്റേതായ സാധനങ്ങളെല്ലാം ലോകത്തിലേക്കേറ്റവും നല്ലത് എന്നൊരു തോന്നലുള്ളതുകൊണ്ടാണോ എന്നറിയില്ല, സത്യം പറയാലോ... അക്കോഡ് 2006 മോഡലാണെങ്കിലും ഞാനത് വിശ്വസിച്ചിട്ടില്ല. മിനിമം 2008 ഡിസംബറെങ്കിലുമായിരിക്കും എന്ന തോന്നലാണ്. ചില ചില ആങ്കിളിൽ നിന്ന് നോക്കുമ്പോൾ മേഴ്സിഡസ് എസ് ക്ലാസ്സാണോ എന്ന് പോലും തോന്നുപ്പോവുകയാണ്! കൊഴപ്പാവോ?!

എന്തായാലും ഇന്ന് പരിപാടി ഒക്കെ ജോറായി കഴിഞ്ഞ്, അബുദാബി നമ്പർ പ്ലേയ്റ്റും മാറ്റി നമ്മുടെ പേൾ വൈറ്റ് ആക്കോഡ് പുലി, ചില്ലേലൊക്കെ നല്ല കറുകറുപ്പ് ഫിലിമൊക്കെ ഒട്ടിച്ച് നയനമനോഹരമായ കമ്പനിയുടെ കാർപ്പോർച്ചിൽ വൈശാലി വെള്ള സാരിയുടുത്ത് റിശ്യശൃംഗനെ നോക്കുമ്പോലെ (റ ഇതല്ല, മറ്റേ വളഞ്ഞ് പുളഞ്ഞിരിക്കുന്ന എറു ആണെന്ന് എനിക്കുമറിയാം. പക്ഷെ, കീമാനിൽ വരണ്ടേ?) നോക്കി “എന്നെയൊന്ന് ഓടിക്കൂ‍... “ ന്നും പറഞ്ഞോണ്ട് കിടക്കുന്നത് കാണുമ്പോൾ എനിക്ക് ചിലതൊക്കെ തോന്നുന്നുണ്ടേയ്!

സുമാർ ഇരുപത് കൊല്ലം മുൻപ് ജയച്ചേച്ചിടെ കല്യാണത്തിന് രാമചന്ദ്രേട്ടന്റെ ആലുവയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുമ്പോഴാണ് ജീവിതത്തിലാദ്യമായി ഞാൻ ഹോണ്ട കാറ് കാണുന്നത് എന്നാണെന്റെ ഓർമ്മ. ഓർമ്മ ശരിയാവാതിരിക്കാൻ വഴിയില്ല. ഇമ്മാതിരി ആർക്കും ഉപകാരമില്ലാത്ത കാര്യങ്ങളൊക്കെ എനിക്ക് ഭയങ്കര ഓർമ്മയാണ്.

ഇന്നലെ വണ്ടി ട്രാൻസ്ഫർ ചെയ്യാൻ നിൽക്കുമ്പോൾ നമ്മുടെ പ്രാഡോച്ചനെ കണ്ടപ്പോൾ എനിക്ക് എവിടന്നൊക്കേയോ ഒരു സങ്കടം വന്നായിരുന്നു. പിന്നെ, ഞാനതങ്ങട് കടിച്ച് സഹിച്ചു.

അല്ലേലും പ്രാഡോയേലും എന്തുകൊണ്ടും എടുപ്പ് അക്കോഡിന് തന്നെയാണ്. ;)

Friday, October 1, 2010

02-10-2010

വ്യാഴാഴ്ച മൂന്ന് മണിയോടെ വീട്ടിലെത്തിയതായി പ്രഖ്യാപിച്ചു.

ചോറുണ്ട് കിടന്ന് വീക്കെന്റ് പരിപാടികള്‍ പ്ലാന്‍ ചെയ്തു. കോണ്‍കോഡില്‍ ശിക്കാറ് വന്നിട്ടുണ്ട്. വൈകീട്ടത്തെ ഷോയുടെ ടിക്കറ്റ് പോയി എടുത്ത് ഉണ്ണിയുടെ പല്ല് രണ്ടാമട അടക്കാന്‍ ഡെന്റിസ്റ്റിന്റെ അടുത്ത് പോയി ലുലുവിലൊക്കെ ഒന്ന് കയറി പോന്നാലോ? എന്ന പ്ലാനില്‍ ഞാന്‍ വട്ടക്കഴുത്ത് ടീഷര്‍ട്ടും കാര്‍ഗോ പാന്റുമിട്ട് പരമാവധി മേയ്ക്കപ്പില്‍ താഴെയിറങ്ങി.

കോണ്‍കോഡിന്റെ മുന്നില്‍ ഭയങ്കര ഇടി. ശിക്കാറിനല്ല, യെന്തിരനും കളിക്കുന്നുണ്ട്, അതിന്റെയാ.. നാലു ഷോ യെന്തിരന്‍. 8:30 ന്റെ ഒരു ഷോ മാത്രമേ നമ്മുടെ ലാലേട്ടന്റെ ശിക്കാറുള്ളൂ! അതുകൊണ്ട് 5 മണിയോടെ ബാല്‍ക്കണിയൊക്കെ ഫുള്ളായി. താഴത്തെ ക്ലാസേ ഉള്ളൂ. അതുകൊണ്ട് ഫാമിലി ഡിസ്മിസ്ഡ്! എനിക്കും സഞ്ജുവിനുമുള്ള ടിക്കറ്റ് എടുത്ത് ഡെന്റിസ്റ്റിന്റെ അടുത്ത് വന്നപ്പോള്‍, ചുള്ളത്തി ലീവിലാണ്!

അങ്ങിനെ നേരെ ലുലുവില്‍ പോയി പച്ചക്കറി ഐറ്റംസ് വാങ്ങി, എട്ടുമണിയോടെ ചോറ് ഒരു പെരുക്കും കൂടെ പെരുക്കി ഷിക്കാറിന് പോയി.

ശിക്കാര്‍ കണ്ടു.

പടം പോരാ.. എന്ന അഭിപ്രായമാണ്.

സംഗതി നല്ല ത്രെഡൊക്കെ ആണ്. പക്ഷെ, അത് വേണ്ടവിധം ഗുമ്മാക്കി എഴുതിയിട്ടില്ല. എങ്കിലും സമുദ്രക്കനിയുടെ അഭിനയം, ആള്‍ടെ പാട്ട്, മോഹന്‍ലാലിന്റെ ചില സീനുകളിലെ അഭിനയം‍, ക്ലൈമാക്സിലെ മലമുകള്‍, സസ്പെന്‍സ്, പടത്തിന്റെ ത്രൂവൌട്ട് മെയിന്റൈന്‍ ചെയ്യുന്ന ആ ‘ഭീതി’ എന്നിവയൊക്കെ വച്ച് ഒരു തവണ കാണാന്‍ കൊള്ളാം എന്നാണ് ഒപ്പീനിയന്‍.

ഈ പടത്തിന്റെ ത്രെഡ് ഒരുക്കിയതിന്റെ ആദ്യ ചര്‍ച്ചകള്‍ ഇങ്ങിനെയായിരിക്കാം നടന്നിരിക്കുക:

‘അമരത്തിലെ മമ്മൂട്ടിയെ പോലെ, ഭാര്യ മരിച്ചിട്ട് ഒരാള്‍ വേറൊരു സ്ഥലത്തെത്തുന്നു. അവിടെ ഒരു കൂട്ടുകാരനെ കിട്ടുന്നു അവരുടെ ഫാമിലിയിലൊരാളായി ജീവിക്കുന്നു. ക്ലോസ് ഫ്രണ്ടാകുന്നു. കൂട്ടുകാരന്റെ പെങ്ങള്‍ക്ക് തത്തുല്യമായ ഒരു കക്ഷിക്ക് ഇങ്ങേരോട് പ്രേമം തോന്നുന്നുണ്ട്. മകളെ പക്ഷെ ആ‍ള്‍ ബോര്‍ഡിങ്ങില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. പക്ഷെ, ഡോക്ടറാക്കണം എന്ന് തന്നെ ആഗ്രഹം. അവള്‍ മിടുക്കിയായി പഠിച്ച്, റാങ്ക് വാങ്ങുന്നു. ലത് കാണാന്‍ അമ്മയില്ലാത്ത ദു:ഖം ആകാം. അവള്‍ക്കൊരു പ്രേമം വേണം. അത് പഠിക്കുന്ന സ്ഥലത്തുനിന്നാക്കാം. പക്ഷെ അമരത്തിലെ അച്ചൂട്ടിക്കില്ലാത്ത ഒരു ഫ്ലാഷ് ബായ്ക്ക് ഇവിടെ വേണം. ആ‍ാ ഇഷ്യൂവിന്റെ തീരിപ്പായിരിക്കണം ക്ലൈമാ‍ക്സ്'

പക്ഷെ, ശുദ്ധഗതിക്കാരനും സര്‍വ്വോപരി പേടിത്തൊണ്ടനുമായ (പോലീസുപണിക്ക് കൊള്ളാത്ത) ബലരാമന്‍ കോണ്‍സ്റ്റബിള്‍ നക്സലുകളെ പേടിച്ച് ജോലിയും കൂലിയുമുപേക്ഷിച്ച് ഒളിച്ചോടി വന്ന് ഒരു കാട്ടില്‍ ലോറി ഡ്രൈവറായപ്പോള്‍ ഏരിയയിലെ കെലുപ്പില്‍ കെലുപ്പനായി മാറിയതിന്റെ ലോജിക്ക് മനസ്സിലായില്ല.

നാട്ടില്‍ ചെല്ലട്ടെ, എന്നിട്ട് വേണം ഒരു ലോറിയൊക്കെ വാങ്ങി ഓടിച്ച് അല്പം കെലുപ്പനായി നടക്കാന്‍.

ഒഴിവാക്കാവുന്നതെന്നും വളിപ്പായും തോന്നിയത് ഒരുപാടുണ്ടെങ്കിലും, മൈഥിലിയുടെ അഭിനയത്തെ പറ്റിയും സുരാജ്, ജഗതി ടീമിന്റെ തമാശയെപ്പറ്റിയും കലാഭവന്‍ മണിയുടെ റോളിനെ പറ്റിയും പറയാതെ വയ്യ.

“ഹോ!! അപാരം. അക്രമം. കിരാതം. സമ്മതിച്ചു!”

വാല്‍ക്കഷണം: പടം കാണാന്‍ വരുന്നവര്‍ക്കെല്ലാം പ്രൊഡ്യൂസറുടെ വക മിഠായി വിതരണമുണ്ടായിരുന്നു. നൈസ്!

സിനിമ കഴിഞ്ഞ് അല്‍ ഖേയ്തില്‍ കയറി രണ്ട് ഷവര്‍മ്മയും സെവനപ്പും വാങ്ങി ഞാനും സഞ്ജുവുമടിച്ചു. എങ്ങിനെയെങ്കിലുമൊന്ന് അവസാനിപ്പിച്ച് വീട്ടിപ്പോകാന്‍ വേണ്ടിയാണെന്ന് തോന്നുന്നു, ഷവര്‍മ്മ ഓരോന്നും അരക്കിലോ ഭാരം ഉണ്ടായിരുന്നു (എന്തെങ്കിലും കുറയും)

Wednesday, September 29, 2010

30-09-2010

ഇന്നും മുക്കാലിഫ കിട്ടി. ഇന്നലേം കിട്ടിയിരുന്നു! :(

ഒരു രക്ഷയുമില്ല. ട്രാഫിക് വയലേഷന്‍ എന്നൊന്നും പറയാന്‍ പറ്റില്ല. റോഡ് അടച്ച് വച്ചിരിക്കുന്നത് കണ്ടപ്പോള്‍ എന്നാല്‍ റൈറ്റിലോട്ട് അങ്ങ് കുത്തിക്കയറ്റിയേക്കാം എന്ന് വിചാരിച്ചതിനാണ് പോലീസുകാരന്‍ ഡയറിയില്‍ എന്റെ വണ്ടി നമ്പര്‍ എഴുതുന്നത് കണ്ടത്.

ഇന്ന് സിഗ്നല്‍ ക്രോസ് ചെയ്തപ്പം മഞ്ഞക്കള്ളിയില്‍ നിന്ന് അടുത്ത സിഗ്നലിനു മുന്നേ മാറാന്‍ അടുത്ത ട്രാക്കിലേക്കൊന്ന് മാറ്റി. ആ ട്രാക്കിലേക്ക് പിറകില്‍ നിന്ന് വണ്ടി വരുന്നത് കണ്ടപ്പോള്‍ ഇങ്ങോട്ട് തന്നെ വീണ്ടും മാറ്റി. എന്ത് വയലേഷന്‍?? നമ്പര്‍ സൂക്ഷിച്ച് നോക്കി എഴുതണ എഴുത്തല്ലേ കാണണ്ടേ!!

മിനിയാന്ന് ഡനാട്ട സിഗ്നലിന്റെ അടുത്ത് വച്ച് ഒരു വെള്ളിവെളിച്ചം കണ്ടിരുന്നു, പക്ഷെ, അത് നമ്മളെയാവാന്‍ ചാന്‍സില്ല. കയ്യില്‍ ഫോണുണ്ടായിരുന്നുവെങ്കിലും, ഫോണ്‍ വിളിച്ചാല്‍ ക്യാമറ അടിക്കേരിക്കില്ല, റെഡ് ക്രോസ് ചെയ്ത ആരെയെങ്കിലുമാവും.

* * * * *

ഇന്നലെ ബോറടിച്ച് ബോറടിച്ച് ആറുമണിയെത്തിച്ചു. ബസ്സിലും ബ്ലോഗിലും പൂണ്ട് വിളയാടി. അക്കാദമിയില്‍ പോയി തിമര്‍ത്ത് കളിച്ചു. മൂന്ന് ഗെയിം കളിച്ചു. വയറിനടിച്ചു. ചെസ്റ്റിനടിച്ചു. കുളിച്ച് ഈറന്‍ മാറി. ട്രൌസറുമിട്ട് റോഡിന്റെ ഇപ്പറം വണ്ടിയിട്ട് വീട്ടീ പോയി.

മട്ടക്കുത്തരി ചോറ് + പയറൂട്ടാന്‍ + ഓമ്പ്ലെയിറ്റ്+സോസേജ് വറത്തത്+നാരങ്ങ അച്ചാര്‍ - വയര്‍ പെട്ടിയാക്കി.

രാത്രി ഒരു ഗസ്റ്റുണ്ടായിരുന്നു. ബ്ലോഗെഴുത്ത് വഴി കിട്ടിയ ഒരു സുഹൃത്ത് റിയാസും കുടുംബവും!

എഴുതുമ്പോള്‍ എനിക്ക് കിട്ടുന്ന ആ സന്തോഷം അത് വായിക്കുമ്പോള്‍ കിട്ടുന്ന എന്റെ വായനക്കാരിലൊരാള്‍.

റിയാസിനെ പോലെയുള്ളവരുടെ ചിലരുടെ ‘വിശാലേട്ടാ...’ എന്നുള്ള വിളികളില്‍ സത്യം പറഞ്ഞാല്‍ സൌഹൃദത്തിന്റെയപ്പുറം ഒരു അനിയനെ കാണല്‍ കൂടെ നടക്കുന്നുണ്ട്. ബ്ലോഗ് കൊണ്ടുതരുന്ന ഓരോരോ ഭാഗ്യങ്ങള്‍!

അമരത്തില്‍ മമ്മൂട്ടി, ‘അച്ചൂട്ടിക്ക് മറക്കാനാവാത്ത 3 കാര്യങ്ങളുണ്ട്. ഒന്ന് എന്റെ മുത്ത്. പിന്നെയൊന്ന് കടല്‍. പിന്നെ നീയാണ്, ചാന്ദ്രീ‘ എന്ന് പറയുമ്പോലെ പറഞ്ഞാല്‍... എനിക്ക് 3 എണ്ണം തികയാതെ വരുമെങ്കിലും ഒന്ന് ബ്ലോഗാണ്.

എത്രയെത്രപേരെയാണ് ബ്ലോഗുവഴി ഞാന്‍ പരിചയപ്പെട്ടത്. അതിലെത്രെയെത്ര സുഹൃത്തുക്കള്‍.
സൌഹൃദങ്ങള്‍ പ്രിയപ്പെട്ടതല്ലാത്തവരായി ആരാ ഉണ്ടാവുക? ലോകത്ത് മടുക്കാത്തതായി ഒന്നേയുള്ളൂ.. അത് സൌഹൃദങ്ങളാണ് എന്നാണല്ലോ!

Tuesday, September 28, 2010

29-09-2010

ചില ഫോട്ടോകള്‍ കാണുമ്പോഴാണ് എന്റെ കണ്ണിന്റെ കുഴപ്പം എനിക്ക് പിടികിട്ടുന്നത്. ഷാര്‍ജ്ജ റോളയുടെ ഫോട്ടോയാണിന്നലെ കണ്ടത്. ഒരു ഡ്രൈ സ്ഥലം എന്ന് വിചാരിച്ചിരുന്ന ചില ഭാഗങ്ങള്‍ ഫോട്ടോയില്‍ കാണാന്‍ എന്തൊരു ഭംഗിയാണ്!

അങ്ങിനെ വച്ച് നോക്കുമ്പോള്‍ എന്റെ ഓഫീസിലെ ഫിലിപ്പൈന്‍സ് രാജാവിന്റെ മകള്‍, നാലുപെറ്റ രാജകുമാരിയും സുന്ദരിയായായിരിക്കുമോ? ഒന്ന് കൂടെ പോയി നോക്കട്ടേ.... ഓഹ്.... കണ്ടേച്ചാലും മതി!!

എന്തിറ്റാ ചക്ക മക്ക പക്ക എന്നും പറഞ്ഞുള്ള, കല കല പിലാ! ആരെയാണാവോ മന്ദാകിനി ചീത്തവിളിക്കണത്!

ചിന്ത ഇന്ന് നാട്ടില്‍ പോക്കിന്റെ ലൈനിലാണ് നീങ്ങുന്നത്. ആ എന്തെങ്കിലും ചെയ്യ്. ബോറടിച്ചാല്‍ മനുഷ്യര്‍ക്ക് എന്ത് വേണേലും ആലോചിക്കാം.

കഴിഞ്ഞ വര്‍ഷം മുതലാണ് നാട്ടില്‍ പോയി സെറ്റില്‍ ചെയ്യുന്നതിനെ പറ്റി ആലോചന തുടങ്ങിയത്. കാരണം, വേറൊന്നുമല്ലായിരുന്നു, ആ കമ്പനിയുടെ പോക്ക് ശരിയല്ലാന്ന് തോന്നി‍. വേറെ ഒരു കമ്പനിയില്‍ ജോലി ചെയ്യില്ല, ഉണ്ടാക്കിയത് മതി എന്നായിരുന്നു അന്നത്തെ ചിന്ത.

പണ്ട് അമ്മ പറയും, ‘ദൈവാനുഗ്രഹവും ചോര്‍ന്നൊലിക്കാത്ത ഒരു വീടും വല്ലതും നട്ടുണ്ടാക്കാന്‍ ഇച്ചിരി സ്ഥലവും ഇച്ചിരിനിലവും ഒരു കറവമാടും ഉണ്ടാവുക. പണിയെടുക്കാന്‍ മടിയില്ലാത്ത കുടിയും വലിയുമൊന്നുമില്ലാത്ത ഭര്‍ത്താവും കുടുമ്മം പൂവാണ്ട് നോക്കാന്‍ ത്രാണിയുള്ള ഭാര്യയും ആണെങ്കില്‍ എന്നും ഓണമല്ലഡാ, ആ കുടുംബത്ത്!’ എന്ന്.

ജോലിയില്ലേലും സാരമില്ല എന്നാണ് ലേയ്റ്റ്. ശ്രീമതി മൂകാംബിക രാമന്‍ പറഞ്ഞതെങ്കിലും, ജോലിയില്ലെങ്കില്‍ സംഗതി ബുദ്ധിമുട്ടാവും. എങ്കിലും ബാക്കിയുള്ള പോയിന്റുകള്‍ പ്രസക്തമാണ്.

അച്ഛന്റെ ഫിനാന്‍സ് മാനേജ്മെന്റിലെ ചില പ്രശ്നങ്ങള്‍ കാരണം, പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതലാണ് ഞാന്‍ ആ ഡിപ്പാര്‍ട്ട്മെന്റ് ഹാന്റില്‍ ചെയ്യുന്നത്. വീട്ടില്‍ അച്ഛനും അമ്മയും ഞാനും മാത്രമേ ഉള്ളായിരുന്നല്ലോ.. ചിലവ് എന്ന് പറഞ്ഞാല്‍ അധികമൊന്നുമില്ല.

അരി വാങ്ങേണ്ടി വരില്ല, പാടത്തുന്ന് കിട്ടും. പിന്നെ, കരണ്ട് ബില്ല് 27.50 വരും മാസില്‍. പിന്നെ, മിക്കവാറും ദിവസം ഞാന്‍ പോയി സായ്‌വിന്റെ കടേന്ന് പയറും കായയും വാങ്ങി കൊടുക്കും കോളേജില്‍ പോണേലും മുന്‍പ്. അല്ലെങ്കില്‍ അര കിലോ ചാള, രണ്ട് അയല, പയറ്, മുതിര, ഐംറ്റസ് പിന്നെ ഒണക്ക മീനും അച്ചാറും മോരും എല്ലാ കാലത്തും ഉണ്ടാവും വീട്ടില്‍. ആഴ്ചയില്‍ ഒരിക്കല്‍ പോത്തെറച്ചി വാങ്ങും. ഗ്യാസ് കുറ്റിയൊക്കെ ചേട്ടന്റെ കല്യാണം കഴിഞ്ഞേന് ശേഷമാണ് വന്നത്. എനിക്ക് തോന്നുന്നത് മാക്സിമം ഒരു അഞ്ഞൂറ് രൂപയൊക്കെ വരുമായിരിക്കുള്ളൂ എന്നാണ്.

അമ്മ പറഞ്ഞത് മാസം അഞ്ഞൂറ് രൂപ ചിലവുള്ള കാലത്തെപറ്റിയാണ്. പറമ്പില്‍ ഞങ്ങള്‍ക്ക് ഒരു അമ്പത് തെങ്ങോളമുണ്ടായിരുന്നു. സോ, ഞങ്ങള്‍ക്ക് മാസം എങ്ങിനെ പോയാലും ആയിരത്തി ചില്ലാനം രൂപ കിട്ടാറുണ്ട്.

എങ്കിലും ഞാനിപ്പോഴും വിശ്വസിക്കുന്നുണ്ട്, അനാവത്ത് ചിലവും അസുഖങ്ങളോ ഇല്ലയെങ്കില്‍, വീടുണ്ടെങ്കില്‍ ഭാര്യയും ഭര്‍ത്താവും ‘അത് നമുക്ക് വേണ്ടറീ..’ എന്ന പറഞ്ഞാല്‍ കേക്കുന്ന ഭാര്യയും, ‘അത് നമുക്ക് വേണ്ട ചേട്ടാ..’ എന്ന് പറഞ്ഞാ കേക്കണ ഭര്‍ത്താവുമാണെങ്കില്‍ ഒരു അയ്യായിരം രൂപയൊക്കെ വരുമാനം ഉണ്ടെങ്കില്‍ വല്യ കോടീശ്വരന്മാരെ പോലെയല്ലെങ്കിലും അത്യാവശ്യം മാന്യമായി സുഖമായി ജീവിക്കാന്‍ പറ്റുമെന്ന്.

സാധാരണക്കാരന്റെ വീടുകളിലെ ഇപ്പോഴുള്ള ഏറ്റവും വല്യ പ്രശ്നം വീട്ടിലെ ആണുങ്ങളുടെ മദ്യമടിയാണ്. ഒരു നട കാശ് വേയ്സ്റ്റാക്കുന്നുണ്ട്, അതാണ് മെയിന്‍ ഇഷ്യൂ. ഒരു കിലോ അരിക്ക് 22 ഓ 23 ഓ രൂപയാണ്. ഒരു ചെറിയ കുടുംബത്തിന് ഒരു ദിവസം അരകിലോ അരി ഇഷ്ടമ്പോലെ മതിയാവും. 25 രൂപക്ക് സാമ്പാറിന്റെ കഷണം വാങ്ങിച്ചാല്‍ രണ്ട് പ്രാവശ്യം വക്കാം. എല്ലാ ചിലവും കൂട്ടി മൊത്തം ഭക്ഷണത്തിന്റെ ചിലവ് 100 രൂപ കൂട്ടിക്കോ.

ദിവസം രണ്ട് പെഗ്ഗ് വച്ച് അടിക്കണ ആള്‍ക്ക് അതിലും കൂടുതല്‍ ചിലവ് വരും. ച്ചാല്‍ നാലോ അഞ്ചോ പേരുള്ള വീട്ടിലെ ഫുഡിനേലും കാശ് ഗൃഹനാഥന്റെ ഉറക്കം വരെയുള്ള ഒരു തരിപ്പിന് വേണ്ടി കളയുകയല്ലേ? ശരിയാണോ അത്? എന്റെ വീടിന്റെ ചുറ്റിനും ഡൈലി കുടി ടീമുകള്‍ അധികമില്ല. നേരെയുള്ള വീട്ടിലെ ജോളിയേച്ചിയുടെ ഭര്‍ത്താവ് എറപ്പായേട്ടന്‍ കുടിക്കില്ല. അപ്പുറത്തെ വീട്ടിലെ എന്റെ ചേട്ടന്‍ കുടിക്കില്ല. താഴെ വീട്ടിലെ ഷാജി കുടിക്കില്ല. മുണ്ടക്ക രവിച്ചേട്ടന്‍ ലൈഫില്‍ കുടിച്ചിട്ടില്ല.

ഞാന്‍ പണ്ട് ബാറില്‍ നില്‍ക്കുമ്പോള്‍ ഭയങ്കര ഉപദേശമായിരുന്നു, സ്മോളടിക്കാന്‍ വരുന്നോരോട്. എന്നെ എന്നിട്ട്, ബാറിലെ പള്ളീലച്ചന്‍ എന്ന് വരെ വിളിച്ചു.

ഞാന്‍ പറയാര്‍ന്നു. ചേട്ടന് ഈ കാശ് ഇവിടെ ബാറീ കൊടുക്കാണ്ട് വീട്ടിപ്പോയി ഭാര്യേനെം പിള്ളേരെം കൊണ്ട് സെന്ററില്‍ വന്നിട്ട് അവര്‍ക്ക് ഓരേ മസാല ദോശ വാങ്ങിക്കൊടുത്താ എന്തൊരു സന്തോഷാ ഉണ്ടാവുക അവര്‍ക്ക്? എന്ന്.

അപ്പം പറഞ്ഞുവന്നത്, ആ കമ്പനിയിലെ ജോലി മതിയാക്കിയാല്‍ വേറെ പോകില്ല എന്ന ചിന്തയെ പറ്റിയായിരുന്നു. വെറുതെ ഇങ്ങിനെ ആലോചിക്കുമ്പോള്‍ ഒരു ഗുമ്ം തോന്നുണ്ടെങ്കിലും പ്രാക്റ്റിക്കലായി ചിന്തിക്കുമ്പോള്‍....ഫസ്റ്റോഫ് ആള്‍ മതിയാക്കി പോകാന്‍ മാത്രം ഏജായില്ല എനിക്ക്.

പിന്നെ ഈ ദുബായിലും ഷാര്‍ജ്ജേലും ഇത്രേം പരിചയക്കാരും എക്സ്പീരിയന്‍സും ഉള്ള നിലക്ക് അതൊക്കെ വേണ്ടാന്ന് വച്ച് പോയിട്ട് നാട്ടില്‍ എന്നാ ചെയ്യാനാ? ചിലപ്പം അവിടെ എനിക്ക് ബോറടിച്ചാലോ?

പിന്നെ നാട്ടിലേക്കാളും കാശുണ്ടാക്കാന്‍ എളുപ്പം ഇവിടെയാണ്. വെറുതെ ഓഫീസില്‍ വന്ന് കൊടുത്താ മതിയാവും. :)

നാട്ടിലെ പോലെയുള്ള ഉണ്ണികളല്ല ഇവിടെയുള്ളത്. അവിടെ പല പല കളികളും അറിയേണ്ടി വരും, നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ഒരാള്‍ടെ കയ്യിലെ കാശ് നമ്മുടെ കയ്യിലെത്താന്‍!

ഇവിടത്തെ മുതലാളിമാരെല്ലാം മുടിഞ്ഞ റിച്ചുകളുമാണ്. നല്ല സെറ്റപ്പില്‍ ചെന്ന് പെട്ടാല്‍ പിന്നെ സോ ഈസിയാണ് കാര്യങ്ങള്‍.

മിനിയാന്ന് പഴയ ജി.എം. പറയാണ്. റോള്‍ബോളിന്റെ ഓണറിന്റെ ഇറാനിലുള്ള ചെറിയ ഒരു പ്ലോട്ട് ഹോട്ടല്‍ തുടങ്ങാന്‍ വിറ്റത്രേ.. വിലയെത്രെയെന്നോ? 40 മില്യണ്‍ ഡോളര്‍ ന് ന്ന്! ഏകദേശം ഒരു 200 കോടി രൂപ. അയ്യാക്കടെ മൊത്തം അസറ്റിന്റെ ഒരു വക്കോ മൂലയോ ആവണം! ഇവരുടെ കൂടെ സ്വന്തം ആളായി നടക്കാന്‍ തന്നെ ഒരു സന്തോഷമല്ലേ നമുക്ക്.

28-09-2010

ജെബെലലിയില്‍ മൂന്ന് പണികളുണ്ടായിരുന്നു.

പണി തീര്‍ന്നപ്പോള്‍ റോള്‍ബോളില്‍ പോയി. അവിടെ വച്ച്, ശ്രീ. ശ്രീ. അലി സാദയെ കണ്ടു.

പത്തുകൊല്ലത്തോളമായി, എന്റെ സ്വന്തം അക്കൌണ്ടായിരുന്നു. ആളുടെ ഷിപ്മെന്റിന്റെ ഏ റ്റു സെഡ് ഞാന്‍ ഉണ്ടാക്കി വച്ച സിസ്റ്റവും സെറ്റപ്പുമാണ്.

എന്തൊരു തങ്കപ്പെട്ട മനുഷ്യാനാണയാള്‍! രണ്ട് പാര്‍ട്ട്ണര്‍മ്മാര്‍ ചേര്‍ന്നാണ് ബിസിനസ്സ് ചെയ്യുന്നത്. സ്കൂളില്‍ ഒരുമിച്ച് പഠിച്ച് പിന്നെ ഒരുമിച്ച് ബാങ്കില്‍ ജോലി ചെയ്ത്, പിന്നീട് ഒരുമിച്ച് ബിസിനസ്സ് ചെയ്തു തുടങ്ങിയത്രേ. ഇന്‍ഡസ്ട്രിയല്‍ യൂസിനുള്ള വളരെ ഫേയ്മസ്സായ ഒരു ബ്രാന്റിന്റെ ഇറാനിലെ സോള്‍ ഡിസ്ട്രിബ്യൂട്ടേഴ്സാണവര്‍. ഓരോ രണ്ട് മാസത്തിലും രണ്ട് മില്യണ്‍ യൂറോയുടെ സാധനങ്ങളാണ് കയറ്റി കൊണ്ട് പോകുന്നത്. സായിദ് എന്നാണ് കൂട്ടുകാരന്റെ പേര്‍. ഭയങ്കര ചിരിയാണ്. ആളും ഭയങ്കര രസം കക്ഷിയാണ്.

ഒരു ദിവസം ആള്‍ടെ ഷാര്‍ജ്ജയില്‍ ഓഫിസില്‍ പോയപ്പോള്‍, ചേട്ടായി അവരുടെ ഫ്രിഡ്ജിലെ ഫ്രീസര്‍ തുറന്നപ്പം ഞാന്‍ ചിരിച്ച് മരിച്ചു. ഫ്രീസറില്‍ നിറയെ പല പല ബ്രാന്റ് ഐസ് ക്രീമുകള്‍ . ഭയങ്കര ഇഷ്ടാത്രെ!!

വല്യ കോപ്പയില്‍ ഒരു തൂമ്പക്ക് ഐസ് ക്രീം കോരിയിട്ട്, കൂട്ടുകാര്‍ രണ്ടു പേരും മട മടാന്ന് ആണ് സാധനം കഴിക്കുന്നത്.

ആരോടും കടുപ്പിച്ച് സംസാരിക്കില്ല. കെലുപ്പേയില്ല. എപ്പോഴും വളരെ സപ്പോര്‍ട്ടിങ്ങ് സെറ്റപ്പിലേ സംസാരിക്കൂ. റിക്വസ്റ്റിന്റെ ഭാഷയേ ഉള്ളു. ഒരു പരാതിയുമില്ല. ‘ഇങ്ങേരെ പോലെയാവണം‘ എന്ന് വരെ തോന്നിപ്പോകും!

ഞാന്‍ ഫാമിലിയെ നാട്ടിലേക്ക് വിടുകയാണെന്ന് പറഞ്ഞപ്പോള്‍ ഷാര്‍ജ്ജയില്‍ ആള്‍ടെ ഫ്ലാറ്റില്‍ വന്ന് താമസിച്ചോ, ഞാന്‍ രണ്ട് മാസത്തില്‍ രണ്ട് ദിവസമേ വരൂ. എന്ന് പറഞ്ഞു. നമ്മള്‍ ആള്‍ടെ ഫ്ലാറ്റില്‍ പോയി താമസിക്കണ കേസില്ല, എങ്കിലും ആള്‍ പറഞ്ഞതില്‍ എനിക്ക് സന്തോഷം.

പഴയ ജി.എം. മൂപ്പനെ കണ്ടിരുന്നു. ആളുടെ ഡെസ്കിലിപ്പം ചായ ചൂടോടെയിരിക്കാന്‍ ഒരു സുനാപ്പി കൊണ്ട് വന്ന് വച്ചിട്ടുണ്ട്. ഫുള്‍ ടൈം കട്ടന്‍ ചായ കുടിച്ചിരിപ്പാണ്. എനിക്കും തന്നു. ഒരു കുഞ്ഞ്യേ കപ്പ്. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന റോളില്‍ തന്നെയാണ് ഇരിപ്പ്.

വെയര്‍ഹൌസ് ഇന്റോര്‍ സ്റ്റേഡിയം പോലെ കാലിയായാ കിടക്കുന്നത്. വെറും 8 മാസം മുന്‍പ് സ്റ്റോര്‍ ചെയ്യാന്‍ സ്പേയ്സ് ഇല്ലാത്തതുകൊണ്ട് 6 ഫോര്‍ട്ടി ഫൂട്ട് കണ്ടെയ്നര്‍ സാംസങ്ങ് ലാപ്റ്റോപ്പ് തിരിച്ച് വിട്ടതാ!!

സംഭവിച്ചത് എല്ലാം നല്ലതിനാണ്. എനിക്ക് ഇതിലും നല്ലൊരു സ്മൂത്ത് എക്സിറ്റ് കിട്ടാനില്ല അവിടെ നിന്ന്. റിയേലി ലവ്ഡ്. പത്ത് കൊല്ലം തികച്ചപ്പോള്‍ പട്ടും വളയും തന്നാദരിച്ചതാണ്. പതിനാലു കൊല്ലം ഒരേ കമ്പനിയില്‍ നിന്ന് 14 വര്‍ഷത്തെ ഉത്തരവാദിത്വങ്ങള്‍! അതെന്നെ ടെന്‍ഷനടിപ്പിച്ചിരുന്നു, ഒരുപാട്.

ഇങ്ങിനെയൊരു സ്മൂത്തായ എക്സിറ്റ് ഉണ്ടാകുമെന്ന് കരുതിയില്ല. ദൈവം നമുക്ക് സപ്പോര്‍ട്ടുമായി കൂടെ തന്നെ നടക്കുന്നുണ്ട്!

ജി.എമ്മിനോട് കുറെ നേരം സംസാരിച്ചു. സംഗതി ആളുടെ ചില നയങ്ങളോട് നമുക്ക് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും വ്യക്തിപരമായി ആളോട് ഒരു കൊച്ചച്ചന്‍ ഫീല്‍ ഉണ്ടെനിക്ക്.

നാലുമണിക്ക് തിരിച്ച് പോന്നു. അഞ്ചേമുക്കാലിന് ഇറങ്ങി. ജെബെല്‍ അലിയില്‍ കുറെ നടന്നതുകാരണം, ഭയങ്കരായി ടയേഡായിപ്പോയി. സോ, നേരെ വീട്ടില്‍ പോയി.

ഒമ്പതരക്ക് സോനയേം കൂട്ടി കസ്ബ കനാലിന്റെ സൈഡില്‍ നടക്കാന്‍ പോയി. നാട്ടില്‍ പോയാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞു. അവള്‍ ടീ.വി.യില്‍ അലങ്കാര കോഴികളെ പറ്റി കണ്ടത് പറഞ്ഞു. ഫുഡ്ബോള്‍ ഷേപ്പിലുള്ള കോഴികള്‍ വരെയുണ്ടത്രേ. ‘എന്നാ ഒരു ജോഡി നമുക്കും വാങ്ങാടീ...‘ എന്ന ആഗ്രഹം‍, ‘ജോഡിക്ക് പതിനായിരം രൂപ വിലയാ... ഇനി വാങ്ങണോ?‘ എന്ന അവളുടെ ഡയലോഗ് കേട്ട്, ‘പതിനായിരം രൂപക്ക് ഒരു എരുമയെ കിട്ടും, അത് വാങ്ങാം’ എന്ന് പറഞ്ഞ് ചിരിച്ചു.

അവിടെ നിന്ന് പിള്ളേര്‍ക്ക് ഒരു സ്മോള്‍ പോപ് കോണ്‍ വാങ്ങി തിരിച്ച് പോന്നു. അഞ്ച് ദിര്‍ഹം!

Sunday, September 26, 2010

27-09-2010

നല്ല പാലക്കാടന്‍ മട്ടയുടെ ചോറ്, കറിവേപ്പിലയും കടുകും പച്ചമുളകും അവിടിവടായി കിടക്കുന്ന മഞ്ഞ കളറില്‍ നല്ല കൊഴുപ്പന്‍ പരിപ്പുകറി, ചെറുങ്ങനെയൊന്ന് മൊരിഞ്ഞ നാളികേരവും കുരുകുരാ അരിഞ്ഞ കയ്പ്പക്കയും കിഴക്കന്‍ മുളകുമിട്ട് വെളിച്ചെണ്ണയില്‍ വഴറ്റിയെടുത്ത് തോരന്‍, കാശ്മീരി ചില്ലിയും മഞ്ഞള്‍പൊടിയും ഉപ്പും പുരട്ടി ചെറുതീയില്‍ പൊരിച്ചെടുത്ത കണ്ടാല്‍ ഒരു മുക്കാല്‍ അയലയോളം വരുന്ന മാദകത്വം തുളുമ്പുന്ന ചാളയും പിന്നെ രാത്രി എട്ടുമണിയുടെ ആ ഒടുക്കത്തെ വിശപ്പും! അതായിരുന്നു അത്താഴം.

ഇന്നലെ പൊതുവെ ശാന്തമായിരുന്നു. വല്യ പണിയൊന്നുമുണ്ടായില്ല.

ജിമ്മില്‍ പോയി. ഷട്ടില്‍ മൂന്ന് ഗെയിം കളിച്ചു. മൂന്നിലും അടിയറവ് പറഞ്ഞെങ്കിലും അടിവയറ്റില്‍ വേദന വരും കളികളിച്ചു. നമുക്കത് മതിയല്ലോ! അവിടന്ന് നേരെ പോയി വയറിന് പത്തടി, ചെസ്റ്റിന് ആറടി, കൈക്ക് അഞ്ചടി. പുറത്തിന് അഞ്ചടി. വിശാലമായി ഒന്ന് കുളിച്ച് ട്രൌസറിട്ടോണ്ട് തന്നെ വീട്ടിലേക്ക് പോന്നു.

‘ഇന്നിനി എങ്ങോട്ട് പോകും?’ എന്ന പ്രശ്നത്തില്‍, വീണ്ടും മീന്‍ മാര്‍ക്കറ്റിലേക്ക്.. എന്ന് പറഞ്ഞ് അവിടേക്ക് പോയി. ഒമ്പതരയായി അവിടെ എത്തിയപ്പോള്‍. അതുകൊണ്ട് ഇന്നലെ മെച്ചമായി. അപ്പപ്പിടിച്ച ഐറ്റംസ് കിട്ടുന്ന ഭാഗത്ത് എങ്ങിനെയെങ്കിലും വിറ്റ് തീര്‍ക്കാന്‍ നില്‍ക്കുന്ന ഒരു ചേട്ടന്റെ കയ്യീന്ന് 40 ദിര്‍ഹത്തിന് ഒരു അഞ്ച് കിലോയോളം മീന്‍! ഇതുവരെ കഴിച്ചിട്ടില്ലാത്ത ഇനമാണ്. കാണാന്‍ ലുക്കൊക്കെയുണ്ട്. ഫ്രൈക്കും കൂട്ടാനും സൂപ്പറാണ് എന്നാണ് ആ ബംഗാളി പറഞ്ഞത്. തല്ലിപ്പൊളിയാണെങ്കില്‍ അവന്റെ തലയില്‍ കൊണ്ട് കൊടഞ്ഞിടണം!

Saturday, September 25, 2010

26-09-2010

നാട്ടില്‍ പോക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ മാര്‍ച്ചില്‍ അവരെ നാട്ടില്‍ വിടുന്ന ഭാഗത്തേക്കാണ് ചെരിവ്.

അപ്പോള്‍ മാര്‍ച്ച് 25 ന് സോനേം പിള്ളേരും നാട്ടില്‍ പോകുന്നു. സാധനങ്ങളുമായി നമ്മുടെ കണ്ടെയ്നര്‍ അവിടെയെത്തുമ്പോള്‍ ഞാന്‍ ഒരാഴ്ചക്ക് പോകുന്നു, പിള്ളേരുടെ അഡ്മിഷനും വീട് ഡെക്കറേഷനും സെറ്റിങ്ങ്സും മറ്റെല്ലാ പരിപാടികളും സെറ്റപ്പാക്കി, ഡേഷ് പോയ അണ്ണാനെപ്പോലെ ഞാന്‍ തിരിച്ചു വന്ന് നമ്മുടെ ഷാര്‍ജ്ജയിലോ ദുബായിലോ ഉള്ള എന്റെ രാത്രികള്‍ക്കും പകലുകള്‍ക്കും കമ്പനി തരാന്‍ പോകുന്ന ഏതോ ആ സ്റ്റുഡിയോ ഫ്ലാറ്റില്‍ താമസം തുടങ്ങി, ബാച്ചി വീണ്ടും ബാച്ചിയായതായി പ്രഖ്യാപിക്കുന്നു.

* * *

ഹാ... എന്തൊരു ട്രാഫിക്ക്! ആറേ നാപ്പതിനിറങ്ങിയിട്ട്, ഓഫീസിലെത്തിയത് എട്ടേ നാല്പതിന്. ഇതിലും എഴയാന്‍ ഇല്ല. ഇരുന്നിരുന്ന് അരവരെ തരിച്ചുപോയി.

* * *

ഇന്നലെ ഇവിടത്തെ പരിപാടി കഴിഞ്ഞ് നേരെ ജെബലലിയിലെ പരിപാടിക്ക് പോയി. ഉച്ചക്ക് കഴിക്കാന്‍ ഒന്നും കൊണ്ടുവരാതിരുന്നതുകൊണ്ട്, ഓഫീസില്‍ നിന്ന് ഒരു ചോക്കളേറ്റും നാലുമണി പിസ്താഷ്യൂവും എടുത്ത് കഴിച്ചാണിറങ്ങിയത്.

അവരുടെ ഇമ്പോര്‍ട്ടര്‍ കോഡ് റിന്യൂ ചെയ്താലേ സലാല ഷിപ്മെന്റ് നടക്കു. അത് പെട്ടെന്ന് തന്നെ ചെയ്യണം. പോര്‍ട്ട് റാഷിദ് കസ്റ്റംസ് ഓഫീസില്‍ പോയി ചെയ്യേണ്ട പണിയാണ്. എങ്ങിനെയെങ്കിലും മാനേജ് ചെയ്യണം.

അവരുടെ ഓഫീസില്‍ നിന്ന് പതിവു പോലെ ഇന്നലേം രണ്ട് ചോക്കളേറ്റെടുത്തു, പിള്ളേര്‍ക്ക് കൊടുക്കാന്‍. ഷട്ടില്‍ കളി പാര്‍ട്ടണര്‍ എബി അച്ചായനെ വിളിച്ചു. ആള്‍ ഇന്ന് വരുന്നില്ല, അതുകൊണ്ട് അക്കാദമിയില്‍ പോകേണ്ട എന്ന് വച്ചു, ഉച്ച് ഒന്നും കഴിച്ചുമില്ലല്ലോ!

സോനേടെ അമ്മയുണ്ടാക്കുന്ന പോലത്തെ ചിക്കന്‍ കറിയായിരുന്നു, ഓര്‍ഡര്‍ ചെയ്തത്. നാലുമണിക്ക് വീട്ടിലെത്തി, ചോറുണ്ടു.

വൈകീട്ട് ഐക്കിയ യില്‍ പോയി. അവിടത്തെ റെസ്റ്ററന്റില്‍ നിന്ന് 2 കിഡ്സ് മീല്‍ വാങ്ങി. ഞങ്ങള്‍ നാലുപേരും കൂടെ അഡ്ജസ്റ്റ് ചെയ്ത് കഴിച്ചു. സോഫ്റ്റ് ഡ്രിങ്കിന്റെ ഒരു ഗ്ലാസ് വാങ്ങി, കോക്കും സ്പ്രൈറ്റും മിറിന്റയും കഴിയുമ്പോ കഴിയുമ്പോ പോയി നിറച്ച് നാലു പേരും കൂടെ കുടിച്ചു!

തിരിച്ച് വരും വഴി അല്‍ഫലയില്‍ കയറി, ഓയിലും നാളികേരവും ഫ്രൂട്ട്സും കൂട്ടത്തില്‍ രണ്ട് നാനും റൊട്ടിയും വെട്ടിയരിഞ്ഞ മീറ്റ് സാലഡും ഹമ്മൂസും നൂറ് മെളക് ഉപ്പിലിട്ടതും വാങ്ങി, വീട്ടില്‍ വന്ന് ബാക്കി വന്ന ചിക്കന്‍ കറി കൂട്ടി ഒരു പെരുക്കും കൂടെ..

എന്റെ ജീവിതത്തിലെ മറ്റൊരു നല്ല ദിവസം കൂടെ അങ്ങിനെ ചരിത്രമായി.