Thursday, September 19, 2019

ആഗസ്റ്റ് 11, 2010

ദിവസങ്ങള്‍ കുതറിയോടുകയാണ്. പുതിയ ഈ ഇരിപ്പിന് മാസമൊന്ന് തികഞ്ഞിരിക്കുന്നു. പതിനാലുകൊല്ലക്കാലം ജെബെല്‍ അലിയില്‍ നിന്ന്, ദുബായ് ഡയറക്ഷനിലേക്ക് നോക്കി ഇരുന്നിരുന്ന ഞാന്‍ ഇപ്പം ദുബായിലിരുന്ന് ജെബെല്‍ അലിയിലേക്ക് നോക്കി ഇരിക്കുന്നു. കൊള്ളാം!

ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു കൊത്തചെക്കനായിട്ടാണ് ജെബെല്‍ അലിയില്‍ വലതുകാല്‍ വച്ച് കയറിയത്. ഹോ! എന്തൊക്കെ പുരോഗമനങ്ങളായിരുന്നു ജെബല്‍ അലിക്കും ദുബായ്ക്കും പിന്നീടങ്ങോട്ട്! പിടിച്ചാല്‍ കിട്ടാതെയായിപ്പോയില്ലേ? എല്ലാം മുത്തപ്പന്റെ അനുഗ്രഹം!

വരും വരായ്ക കമ്പയര്‍ ചെയ്താല്‍ വരവില്‍ ഒരു മൂന്ന് പായ പേപ്പര്‍ കുറവാണെങ്കിലും പുത്തന്‍ റോളില്‍ ഞാന്‍ ഹാപ്പിയാണ്. പീസ് വര്‍ക്കുകളാണ് അധികവും. എനിക്കിഷ്ടവും അത് തന്നെ. ഒരു പണിയങ്ങ് ചെയ്ത് തീര്‍ത്താല്‍ അതോടെ തീരണം. അതിന്റെ സാറ്റിസ്ഫാക്ഷന്‍ ഒന്നു വേറെയാണ്. നമ്മള്‍ പത്ത് പതിനാലു കൊല്ലം ഈ കസ്റ്റംസ് ക്ലിയറന്‍സും ഷിപ്പിങ്ങും ട്രാന്‍പോര്‍ട്ടേഷനിലും കിടന്ന് മറിഞ്ഞതായതുകൊണ്ട് ഇവിടത്തെ പണികള്‍ എനിക്ക് മോഹന്‍ലാല്‍ ആറാം തമ്പുരാനില്‍ പറഞ്ഞപോലെ ധാരാവി - ചേരി - പൂ പൊട്ടിക്കല്‍ പോലെയേ ഉള്ളൂ. (പൂ പൊട്ടിച്ചിടത്തോളം മതി.... എന്ന് ഇവര്‍ പെട്ടെന്നൊന്നും പറയില്ല എന്നാണ് വിശ്വാസം. വിശ്വാസം അതാണ് കമ്പ്ലീറ്റ് എന്നല്ലേ കല്യാണുകാര്‍!)

സത്യം പറഞ്ഞാല്‍ ജെബെല്‍ അലി കമ്പനിയിലെ പൂ പൊട്ടിക്കല്‍ എന്ന് മതിയാക്കുന്നുവോ അന്ന് നാട്ടില്‍ പോയി സെറ്റില്‍ ചെയ്യണം എന്നായിരുന്നു എന്റെ പ്ലാന്‍. പക്ഷെ, “ഞാന്‍ നാട്ടില്‍ വന്നാലോ എന്നാലോചിക്കുകയാണ്“ എന്നത് കേട്ട എല്ലാവരും ഐക്യകണ്ഠേനെ പറഞ്ഞ കാര്യം, “നാട് നീ വിചാരിക്കുമ്പോലെ ഒന്നുമല്ല. ഓരോ വീടും ഓരോ രാജ്യങ്ങളാണ്. പറ്റുകയാണെങ്കില്‍ പിള്ളേരുടെ കല്യാണപ്രായമാവും വരെ അവിടെ നില്‍ക്കുക. ഈ പ്രായത്തില്‍ നാട്ടില്‍ വരാന്‍ തീരുമാനിച്ചാല്‍, നീ ഈ തീരുമാനത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കും. നോക്കിക്കോ?“ എന്നാണ്.

ഈ ജ്ജാതി ഭീഷണി കേട്ടാല്‍ പിന്നെ ആരാ നാട്ടില്‍ പോവുക?? എന്നാലും എന്റെ പാടം. എന്റെ അമ്പലം. എന്റെ പള്ളി. എന്റെ പൂരം. എന്റെ വീട്. എന്റെ അമ്പ്. എന്റെ ഷാപ്പ്. എന്റെ ഏറ്റുമീന്‍. :((

കഴിഞ്ഞ ആഴ്ച സ്വര്‍ണ്ണകുമാരിക്ക് ഡയമണ്ടിന്റെ ഒരു റിങ്ങ് വാങ്ങിക്കൊടുത്തു. 1200 ദിര്‍ഹമായി. സംഗതി നഷ്ടമാണ്, ഡയമണ്ടിനൊക്കെ 80% മാര്‍ജ്ജിനിലാണ് കച്ചോടം എന്നാ കേട്ടേ. എന്നാലും കുറെ നാളായിട്ടുള്ള ഒരു മോഹമായിരുന്നു അത്. കയ്യില്‍ കാശ് വരുമ്പോള്‍ ഉടനെ അങ്ങിനെയെന്തെങ്കിലും വാങ്ങി വക്കണം. അതാണ് പുതിയ പോളിസി. പിന്നെയാവട്ടേ എന്ന് വച്ചാല്‍, നിരവധി നിരപരാധികളായ ആവശ്യങ്ങളല്ലെ മുന്നില്‍? അങ്ങോട് വച്ച് ഇങ്ങോട് വച്ച് കാശ് തീരും. ഇനിയുള്ള കാലം സ്വര്‍ണ്ണം വാങ്ങലിന്റെയാണ്. സമ്പാദ്യം ഇനി അതേല്‍ കിടക്കട്ടെ. ഇന്നലെ 230 ദിര്‍ഹം കൊടുത്ത് അറ്റലസ്സീന്ന് പാപ്പുഞ്ഞിന് ഒരു റിങ്ങും വാങ്ങി. രണ്ട് ഗ്രാമിന്റെ അടുത്തേയുള്ളൂ. ഫാമിലികള്‍ പുറത്ത് പോയി ഫുഡ് കഴിക്കുന്ന കാശ് പോലുമായില്ല. എങ്കിലും അങ്ങ് വാങ്ങി. ഈ വര്‍ഷത്തെ മൂന്നാമത്തെ സ്വര്‍ണ്ണം വാങ്ങലായിരുന്നു.

പെണ്ണുങ്ങളെ സന്തോഷിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള കാര്യം സ്വര്‍ണ്ണാഭരണം വാങ്ങിക്കൊടുക്കലാണെന്ന് പറഞ്ഞുതന്നത് എന്റെ അമ്മയാണ്. എന്തൊരു കലക്കന്‍ ഐഡിയയാ... സംഗതി സന്തോഷവുമാവും ചെയ്യും ഡീസന്റ് സേവിങ്ങുമാണ്!

ബുള്ളറ്റ് വാങ്ങിയ ആള്‍ ഇന്നലെ കാശ് തന്നുവെന്ന് പറഞ്ഞു. 75,000 രൂപ കിട്ടി. വെറുതെ ഇരുന്ന് തുരുമ്പ് വന്ന് പോകുകയാണെന്ന് പറഞ്ഞപ്പോഴാണ് വില്‍ക്കാമെന്ന് വച്ചത്. കിട്ടിയ കാശ് അത്രയും കൊണ്ട് അഞ്ച് കോയിനുകളും വാങ്ങി വക്കാന്‍ പറഞ്ഞിട്ടുണ്ട്‍‌‍. കാശാക്കി വച്ചാല്‍ എന്തിനെങ്കിലും എടുത്ത് പോകും. നാട്ടില്‍ നില്‍ക്കും കാലം വേറെ ബൈക്ക് വാങ്ങാന്‍ വേണ്ടിയാ... പക്ഷെ, എന്ന്‍??

ഇവിടത്തെ ഓഫീസ് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഐകിയയില്‍ പോയി ഇന്റോര്‍ പ്ലാന്റ്സും അല്ലറ ചില്ലറ ഐറ്റംസും വാങ്ങി. കുറച്ച് മോടി ഐറ്റംസ് കൂടെ വാങ്ങണം. മുപ്പതാംന്തി ഡയറകടര്‍ ടൂറ് കഴിഞ്ഞ് വരുമ്പോള്‍ അവനെയൊന്ന് ഞെട്ടിക്കണ്ടതാ..

റമദാന്‍ മാസം അങ്ങിനെ തുടങ്ങി. ഇത്തവണ റോസ ഞാനും എടുക്കുന്നുണ്ട്. രാവിലെ ഫുഡ് കഴിച്ചതിന് ശേഷം ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. ഇനി വൈകീട്ട് വീട്ടീചെന്നിട്ടേ കഴിക്കുന്നുള്ളൂ. പക്ഷെ, വിശന്നിട്ട് ഒരു രക്ഷയുമില്ലാ. ആദ്യത്തെ ദിവസമായതിന്റെ പ്രോബ്ലം ആവേരിക്കും. എന്നാലും എന്തൊരു വെശപ്പന്റപ്പോ!

03-10-2010


വെള്ളിയാഴ്ച ഫുജൈറ സന്ദര്‍ശനം ആര്‍ഭാടമായി. ഷാര്‍ജ്ജാവിലെ ബില്‍ഡിങ്ങിന്റെ ചോട്ടില്‍ നിന്നും പദ്ധതി പ്രദേശത്തേക്ക് കൃത്യം 118 കിലോ മീറ്റര്‍. സോ, വേണ്ടി വന്നാല്‍ ഡെയിലി താണ്ടാവുന്നതേയുള്ളൂ!

രാവിലെ അമ്പലത്തില്‍ പോയി അവിടെ നിന്ന് നേരെ ലുലുവില്‍ ചെന്ന്, അറ് കാല് ടിക്ക



21-04-2011

അമരം സിനിമയിൽ മമ്മൂട്ടി, ഒരിക്കലും മറക്കാൻ പറ്റാത്തതായി പറയുന്ന മൂന്ന് കാര്യങ്ങൾ പോലെ ഞാൻ പറഞ്ഞാൽ, അതിലൊന്ന് 1996 ഫെബ്രുവരി 13 മുതൽ ഒരു പതിനാലിച്ചില്വാനം കൊല്ലം ജോലി ചെയ്ത, ജെബെൽ അലിയിലെ എന്റെ കമ്പനിയായിരിക്കും.





























എനിക്കൊക്കേം ഓർമ്മയുണ്ട്. എന്നെ ഒന്നാം ക്ലാസിൽ ചേർത്താൻ കൊണ്ടുപോയി ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ വച്ച് അമ്മ, കറക്റ്റ് ഇന്നലെ അഞ്ചുവയസ്സ് തികഞ്ഞു എന്ന സെറ്റപ്പിൽ ജനനത്തീയതി പറഞ്ഞ്, പേർ ‘സജീവ്’ എന്ന് പറഞ്ഞപ്പം ഞാൻ, ‘അല്ല, സജീവ് കുമാർ’ എന്ന് പറഞ്ഞതാണ് എന്റെ ഓർമ്മയുടെ ക്യാബിനറ്റിലെ ഓൾഡസ്റ്റ് ഫയൽ.

ആദ്യമായി സ്കൂളിൽ പോകാൻ നേരം, അന്നത്തെ ഏറ്റവും അറ്റത്തെ സെറ്റപ്പായ അലൂമിനിയത്തിന്റെ പെട്ടിക്ക് വേണ്ടി അച്ഛന് ഓർഡർ കൊടുത്ത്, നോക്കെത്താ ടൌണിലേക്ക് കണ്ണും നട്ട് ആളേം വെയ്റ്റ് ചെയ്തിരിക്കുന്ന ഓർമ്മ തെർമ്മൽ പേപ്പറിൽ വന്ന പഴയ ഫാക്സിന്റെ പോലെ ഇച്ചിരി മങ്ങിപ്പോയിട്ടുണ്ടെങ്കിലും, പെട്ടി പ്രതീക്ഷിച്ച് നിന്ന എനിക്ക് അച്ഛൻ ഒന്നര രൂപയുടെ കുട്ടി പ്ലാസ്റ്റിക്ക് സഞ്ചി തന്നപ്പോഴുണ്ടായ ആ ഫ്രസ്ട്രേഷന്റെ ഓർമ്മ ഇപ്പഴും ഇന്നലെ വന്ന ഫാക്സ് പോലെ ക്ലിയറാണ്.

ലേഡി ഡോക്ടര്‍ ഫ്രം സൌത്താഫ്രിക്ക

കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ആഫ്രിക്കയിലെങ്ങാണ്ടുള്ള ഒരു ലേഡി ഡോക്ടറായിരുന്നെന്നും അവര്‍ അറുപത്തേഴാം വയസ്സില്‍ ഏതോ റോഡപകടത്തില്‍ പെട്ട് മരിച്ച് പിന്നീട് കൊടകരയില്‍ ഞാനായി പുനര്‍ജ്ജനിക്കുകയായിരുന്നു എന്നൊക്കെ ഏതോ ഒരു വെബ്സൈറ്റില്‍ നിന്നും അറിഞ്ഞതുമുതല്‍ എനിക്ക് ആഫ്രിക്കക്കാര്‍ കറപ്പന്മാരോട് പൊതുവേ ഇച്ചിരി സോഫ്റ്റ് കോര്‍ണറുണ്ട്.

കാതില് കൈതോല തിരുകി വച്ച്, മുടി കുരുകുരാന്ന് മെടഞ്ഞിട്ട്, കല്ലും‌മാല മാറിലണിഞ്ഞ് ഉള്ളില്‍ സ്വപ്നം കണ്ടുനടക്കും (കട്:അപ്പഴും) ഇടിമന്തികളെ കണ്ടാല്‍ ഞാന്‍ നോക്കി നില്‍ക്കുന്നത് ആക്ച്വലി വേറെ ദുരുദ്ദേശങ്ങളൊന്നും വച്ചല്ല, ഞാന്‍ പെറ്റ ക്ടാങ്ങളോ എന്റെ ക്ടാങ്ങള്‍ടെ ക്ടാങ്ങളോ അല്ല എന്നാരു കണ്ടു??

ഹവ്വെവര്‍, ഈവക ഇന്‍ഫോര്‍മേഷന്റെ സൈഡ് എഫക്റ്റായിരിക്കണം, ആ സ്വപ്നത്തിന്റെ ബേസ്.

മൂത്രമൊഴിക്കാന്‍ പറ്റിയ സ്ഥലം നോക്കി നടന്നതായിരുന്നു ഞാന്‍. പക്ഷെ, എവിടെ നിന്നിട്ടും മൂത്രമൊഴിക്കാന്‍ പറ്റുന്നില്ല. അങ്ങിനെ നില്‍ക്കുമ്പോള്‍ കുറച്ചകലെയായി ഒരു വേലി. എനിക്ക് സന്തോഷമായി, യൂറിന്‍ പാസിന് ലോകത്തേറ്റവും നല്ല സ്ഥലം വെളിമ്പ്രദേശത്തെ വേലിയാണ്. അതിന്റെ സാറ്റിസ്ഫാക്ഷന്‍ പാലസില്‍ പോലും കിട്ടില്ല.

പക്ഷെ, ഒരു രക്ഷയുമില്ല.

Wednesday, November 24, 2010

24-11-2010

മൂവായിരം ദിർഹത്തോളം മാസാമാസം ബാങ്കിലടച്ച്... ഗൾഫിൽ പ്രാഡോയും ഓടിച്ചോണ്ട് നടക്കുന്നോരെ സമ്മതിക്കണം!! എങ്ങിനെ അവർക്ക് അതിനുള്ള മനക്കട്ടി ഉണ്ടാകുന്നു?? ഹോ!! ;)

അങ്ങിനെ, ഒന്നര വർഷത്തെ ആ സവാരിഗിരിഗിരി അവസാനിപ്പിച്ച് പ്രാഡോച്ചനെ അബുദാബിയിലുള്ള ഒരു ഡോക്ടറുടെ കയ്യിലേല്പിച്ചു. ഓസ്ട്രേലിയൻ നാഷനാലിറ്റിയുള്ള നല്ലോരു തമിഴൻ ഡോക്ടർ. കണ്ടാൽ പറയില്ലെങ്കിലും നല്ല ബെസ്റ്റ് മനുഷ്യൻ. പൊതുവെ വണ്ടി മാർക്കറ്റ് ഇച്ചിരി ഇടിഞ്ഞ് നിൽക്കുന്നതുകൊണ്ട് ആരും വാങ്ങാൻ മടിക്കുന്ന റേയ്റ്റ് പറഞ്ഞിട്ടും വാങ്ങിക്കൊണ്ടോടിയത്, ഇനിയിപ്പോൾ ഞാൻ ഓടിച്ചിരുന്ന വണ്ടി ഓടിക്കാനുള്ള വല്ല ആഗ്രഹവും കൊണ്ടെങ്ങാനുമാവുമോ ആവോ?? :)

ഹവ്വെവർ, കച്ചവടം ബാർട്ടർ സിസ്റ്റത്തിലായിരുന്നു. നമ്മൾ ആൾക്ക് ഒരു വണ്ടി കൊടുത്ത്, ആൾടെ കയ്യിലുള്ള പേൾ വെള്ള അക്കോഡിനെ നമ്മളും വാങ്ങി. ഇമ്മറെ വണ്ടീടെ മൂന്നിൽ രണ്ടു ഭാഗം എമിറേറ്റ്സ് നാഷണൽ ബാങ്കിന്റെ ആയിരുന്നതുകൊണ്ട്, സത്യം പറഞ്ഞാ പ്രാഡോയും വട്ടച്ചിലവിന് ഒരു ആയിരത്തഞ്ഞൂറ് രൂപയും കൊടുത്താണ് നമ്മൾ അക്കോഡിനെ കൊണ്ടു പോന്നത്.

എന്റേതായ സാധനങ്ങളെല്ലാം ലോകത്തിലേക്കേറ്റവും നല്ലത് എന്നൊരു തോന്നലുള്ളതുകൊണ്ടാണോ എന്നറിയില്ല, സത്യം പറയാലോ... അക്കോഡ് 2006 മോഡലാണെങ്കിലും ഞാനത് വിശ്വസിച്ചിട്ടില്ല. മിനിമം 2008 ഡിസംബറെങ്കിലുമായിരിക്കും എന്ന തോന്നലാണ്. ചില ചില ആങ്കിളിൽ നിന്ന് നോക്കുമ്പോൾ മേഴ്സിഡസ് എസ് ക്ലാസ്സാണോ എന്ന് പോലും തോന്നുപ്പോവുകയാണ്! കൊഴപ്പാവോ?!

എന്തായാലും ഇന്ന് പരിപാടി ഒക്കെ ജോറായി കഴിഞ്ഞ്, അബുദാബി നമ്പർ പ്ലേയ്റ്റും മാറ്റി നമ്മുടെ പേൾ വൈറ്റ് ആക്കോഡ് പുലി, ചില്ലേലൊക്കെ നല്ല കറുകറുപ്പ് ഫിലിമൊക്കെ ഒട്ടിച്ച് നയനമനോഹരമായ കമ്പനിയുടെ കാർപ്പോർച്ചിൽ വൈശാലി വെള്ള സാരിയുടുത്ത് റിശ്യശൃംഗനെ നോക്കുമ്പോലെ (റ ഇതല്ല, മറ്റേ വളഞ്ഞ് പുളഞ്ഞിരിക്കുന്ന എറു ആണെന്ന് എനിക്കുമറിയാം. പക്ഷെ, കീമാനിൽ വരണ്ടേ?) നോക്കി “എന്നെയൊന്ന് ഓടിക്കൂ‍... “ ന്നും പറഞ്ഞോണ്ട് കിടക്കുന്നത് കാണുമ്പോൾ എനിക്ക് ചിലതൊക്കെ തോന്നുന്നുണ്ടേയ്!

സുമാർ ഇരുപത് കൊല്ലം മുൻപ് ജയച്ചേച്ചിടെ കല്യാണത്തിന് രാമചന്ദ്രേട്ടന്റെ ആലുവയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോകുമ്പോഴാണ് ജീവിതത്തിലാദ്യമായി ഞാൻ ഹോണ്ട കാറ് കാണുന്നത് എന്നാണെന്റെ ഓർമ്മ. ഓർമ്മ ശരിയാവാതിരിക്കാൻ വഴിയില്ല. ഇമ്മാതിരി ആർക്കും ഉപകാരമില്ലാത്ത കാര്യങ്ങളൊക്കെ എനിക്ക് ഭയങ്കര ഓർമ്മയാണ്.

ഇന്നലെ വണ്ടി ട്രാൻസ്ഫർ ചെയ്യാൻ നിൽക്കുമ്പോൾ നമ്മുടെ പ്രാഡോച്ചനെ കണ്ടപ്പോൾ എനിക്ക് എവിടന്നൊക്കേയോ ഒരു സങ്കടം വന്നായിരുന്നു. പിന്നെ, ഞാനതങ്ങട് കടിച്ച് സഹിച്ചു.

അല്ലേലും പ്രാഡോയേലും എന്തുകൊണ്ടും എടുപ്പ് അക്കോഡിന് തന്നെയാണ്. ;)

Friday, October 1, 2010

02-10-2010

വ്യാഴാഴ്ച മൂന്ന് മണിയോടെ വീട്ടിലെത്തിയതായി പ്രഖ്യാപിച്ചു.

ചോറുണ്ട് കിടന്ന് വീക്കെന്റ് പരിപാടികള്‍ പ്ലാന്‍ ചെയ്തു. കോണ്‍കോഡില്‍ ശിക്കാറ് വന്നിട്ടുണ്ട്. വൈകീട്ടത്തെ ഷോയുടെ ടിക്കറ്റ് പോയി എടുത്ത് ഉണ്ണിയുടെ പല്ല് രണ്ടാമട അടക്കാന്‍ ഡെന്റിസ്റ്റിന്റെ അടുത്ത് പോയി ലുലുവിലൊക്കെ ഒന്ന് കയറി പോന്നാലോ? എന്ന പ്ലാനില്‍ ഞാന്‍ വട്ടക്കഴുത്ത് ടീഷര്‍ട്ടും കാര്‍ഗോ പാന്റുമിട്ട് പരമാവധി മേയ്ക്കപ്പില്‍ താഴെയിറങ്ങി.

കോണ്‍കോഡിന്റെ മുന്നില്‍ ഭയങ്കര ഇടി. ശിക്കാറിനല്ല, യെന്തിരനും കളിക്കുന്നുണ്ട്, അതിന്റെയാ.. നാലു ഷോ യെന്തിരന്‍. 8:30 ന്റെ ഒരു ഷോ മാത്രമേ നമ്മുടെ ലാലേട്ടന്റെ ശിക്കാറുള്ളൂ! അതുകൊണ്ട് 5 മണിയോടെ ബാല്‍ക്കണിയൊക്കെ ഫുള്ളായി. താഴത്തെ ക്ലാസേ ഉള്ളൂ. അതുകൊണ്ട് ഫാമിലി ഡിസ്മിസ്ഡ്! എനിക്കും സഞ്ജുവിനുമുള്ള ടിക്കറ്റ് എടുത്ത് ഡെന്റിസ്റ്റിന്റെ അടുത്ത് വന്നപ്പോള്‍, ചുള്ളത്തി ലീവിലാണ്!

അങ്ങിനെ നേരെ ലുലുവില്‍ പോയി പച്ചക്കറി ഐറ്റംസ് വാങ്ങി, എട്ടുമണിയോടെ ചോറ് ഒരു പെരുക്കും കൂടെ പെരുക്കി ഷിക്കാറിന് പോയി.

ശിക്കാര്‍ കണ്ടു.

പടം പോരാ.. എന്ന അഭിപ്രായമാണ്.

സംഗതി നല്ല ത്രെഡൊക്കെ ആണ്. പക്ഷെ, അത് വേണ്ടവിധം ഗുമ്മാക്കി എഴുതിയിട്ടില്ല. എങ്കിലും സമുദ്രക്കനിയുടെ അഭിനയം, ആള്‍ടെ പാട്ട്, മോഹന്‍ലാലിന്റെ ചില സീനുകളിലെ അഭിനയം‍, ക്ലൈമാക്സിലെ മലമുകള്‍, സസ്പെന്‍സ്, പടത്തിന്റെ ത്രൂവൌട്ട് മെയിന്റൈന്‍ ചെയ്യുന്ന ആ ‘ഭീതി’ എന്നിവയൊക്കെ വച്ച് ഒരു തവണ കാണാന്‍ കൊള്ളാം എന്നാണ് ഒപ്പീനിയന്‍.

ഈ പടത്തിന്റെ ത്രെഡ് ഒരുക്കിയതിന്റെ ആദ്യ ചര്‍ച്ചകള്‍ ഇങ്ങിനെയായിരിക്കാം നടന്നിരിക്കുക:

‘അമരത്തിലെ മമ്മൂട്ടിയെ പോലെ, ഭാര്യ മരിച്ചിട്ട് ഒരാള്‍ വേറൊരു സ്ഥലത്തെത്തുന്നു. അവിടെ ഒരു കൂട്ടുകാരനെ കിട്ടുന്നു അവരുടെ ഫാമിലിയിലൊരാളായി ജീവിക്കുന്നു. ക്ലോസ് ഫ്രണ്ടാകുന്നു. കൂട്ടുകാരന്റെ പെങ്ങള്‍ക്ക് തത്തുല്യമായ ഒരു കക്ഷിക്ക് ഇങ്ങേരോട് പ്രേമം തോന്നുന്നുണ്ട്. മകളെ പക്ഷെ ആ‍ള്‍ ബോര്‍ഡിങ്ങില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. പക്ഷെ, ഡോക്ടറാക്കണം എന്ന് തന്നെ ആഗ്രഹം. അവള്‍ മിടുക്കിയായി പഠിച്ച്, റാങ്ക് വാങ്ങുന്നു. ലത് കാണാന്‍ അമ്മയില്ലാത്ത ദു:ഖം ആകാം. അവള്‍ക്കൊരു പ്രേമം വേണം. അത് പഠിക്കുന്ന സ്ഥലത്തുനിന്നാക്കാം. പക്ഷെ അമരത്തിലെ അച്ചൂട്ടിക്കില്ലാത്ത ഒരു ഫ്ലാഷ് ബായ്ക്ക് ഇവിടെ വേണം. ആ‍ാ ഇഷ്യൂവിന്റെ തീരിപ്പായിരിക്കണം ക്ലൈമാ‍ക്സ്'

പക്ഷെ, ശുദ്ധഗതിക്കാരനും സര്‍വ്വോപരി പേടിത്തൊണ്ടനുമായ (പോലീസുപണിക്ക് കൊള്ളാത്ത) ബലരാമന്‍ കോണ്‍സ്റ്റബിള്‍ നക്സലുകളെ പേടിച്ച് ജോലിയും കൂലിയുമുപേക്ഷിച്ച് ഒളിച്ചോടി വന്ന് ഒരു കാട്ടില്‍ ലോറി ഡ്രൈവറായപ്പോള്‍ ഏരിയയിലെ കെലുപ്പില്‍ കെലുപ്പനായി മാറിയതിന്റെ ലോജിക്ക് മനസ്സിലായില്ല.

നാട്ടില്‍ ചെല്ലട്ടെ, എന്നിട്ട് വേണം ഒരു ലോറിയൊക്കെ വാങ്ങി ഓടിച്ച് അല്പം കെലുപ്പനായി നടക്കാന്‍.

ഒഴിവാക്കാവുന്നതെന്നും വളിപ്പായും തോന്നിയത് ഒരുപാടുണ്ടെങ്കിലും, മൈഥിലിയുടെ അഭിനയത്തെ പറ്റിയും സുരാജ്, ജഗതി ടീമിന്റെ തമാശയെപ്പറ്റിയും കലാഭവന്‍ മണിയുടെ റോളിനെ പറ്റിയും പറയാതെ വയ്യ.

“ഹോ!! അപാരം. അക്രമം. കിരാതം. സമ്മതിച്ചു!”

വാല്‍ക്കഷണം: പടം കാണാന്‍ വരുന്നവര്‍ക്കെല്ലാം പ്രൊഡ്യൂസറുടെ വക മിഠായി വിതരണമുണ്ടായിരുന്നു. നൈസ്!

സിനിമ കഴിഞ്ഞ് അല്‍ ഖേയ്തില്‍ കയറി രണ്ട് ഷവര്‍മ്മയും സെവനപ്പും വാങ്ങി ഞാനും സഞ്ജുവുമടിച്ചു. എങ്ങിനെയെങ്കിലുമൊന്ന് അവസാനിപ്പിച്ച് വീട്ടിപ്പോകാന്‍ വേണ്ടിയാണെന്ന് തോന്നുന്നു, ഷവര്‍മ്മ ഓരോന്നും അരക്കിലോ ഭാരം ഉണ്ടായിരുന്നു (എന്തെങ്കിലും കുറയും)

Wednesday, September 29, 2010

30-09-2010

ഇന്നും മുക്കാലിഫ കിട്ടി. ഇന്നലേം കിട്ടിയിരുന്നു! :(

ഒരു രക്ഷയുമില്ല. ട്രാഫിക് വയലേഷന്‍ എന്നൊന്നും പറയാന്‍ പറ്റില്ല. റോഡ് അടച്ച് വച്ചിരിക്കുന്നത് കണ്ടപ്പോള്‍ എന്നാല്‍ റൈറ്റിലോട്ട് അങ്ങ് കുത്തിക്കയറ്റിയേക്കാം എന്ന് വിചാരിച്ചതിനാണ് പോലീസുകാരന്‍ ഡയറിയില്‍ എന്റെ വണ്ടി നമ്പര്‍ എഴുതുന്നത് കണ്ടത്.

ഇന്ന് സിഗ്നല്‍ ക്രോസ് ചെയ്തപ്പം മഞ്ഞക്കള്ളിയില്‍ നിന്ന് അടുത്ത സിഗ്നലിനു മുന്നേ മാറാന്‍ അടുത്ത ട്രാക്കിലേക്കൊന്ന് മാറ്റി. ആ ട്രാക്കിലേക്ക് പിറകില്‍ നിന്ന് വണ്ടി വരുന്നത് കണ്ടപ്പോള്‍ ഇങ്ങോട്ട് തന്നെ വീണ്ടും മാറ്റി. എന്ത് വയലേഷന്‍?? നമ്പര്‍ സൂക്ഷിച്ച് നോക്കി എഴുതണ എഴുത്തല്ലേ കാണണ്ടേ!!

മിനിയാന്ന് ഡനാട്ട സിഗ്നലിന്റെ അടുത്ത് വച്ച് ഒരു വെള്ളിവെളിച്ചം കണ്ടിരുന്നു, പക്ഷെ, അത് നമ്മളെയാവാന്‍ ചാന്‍സില്ല. കയ്യില്‍ ഫോണുണ്ടായിരുന്നുവെങ്കിലും, ഫോണ്‍ വിളിച്ചാല്‍ ക്യാമറ അടിക്കേരിക്കില്ല, റെഡ് ക്രോസ് ചെയ്ത ആരെയെങ്കിലുമാവും.

* * * * *

ഇന്നലെ ബോറടിച്ച് ബോറടിച്ച് ആറുമണിയെത്തിച്ചു. ബസ്സിലും ബ്ലോഗിലും പൂണ്ട് വിളയാടി. അക്കാദമിയില്‍ പോയി തിമര്‍ത്ത് കളിച്ചു. മൂന്ന് ഗെയിം കളിച്ചു. വയറിനടിച്ചു. ചെസ്റ്റിനടിച്ചു. കുളിച്ച് ഈറന്‍ മാറി. ട്രൌസറുമിട്ട് റോഡിന്റെ ഇപ്പറം വണ്ടിയിട്ട് വീട്ടീ പോയി.

മട്ടക്കുത്തരി ചോറ് + പയറൂട്ടാന്‍ + ഓമ്പ്ലെയിറ്റ്+സോസേജ് വറത്തത്+നാരങ്ങ അച്ചാര്‍ - വയര്‍ പെട്ടിയാക്കി.

രാത്രി ഒരു ഗസ്റ്റുണ്ടായിരുന്നു. ബ്ലോഗെഴുത്ത് വഴി കിട്ടിയ ഒരു സുഹൃത്ത് റിയാസും കുടുംബവും!

എഴുതുമ്പോള്‍ എനിക്ക് കിട്ടുന്ന ആ സന്തോഷം അത് വായിക്കുമ്പോള്‍ കിട്ടുന്ന എന്റെ വായനക്കാരിലൊരാള്‍.

റിയാസിനെ പോലെയുള്ളവരുടെ ചിലരുടെ ‘വിശാലേട്ടാ...’ എന്നുള്ള വിളികളില്‍ സത്യം പറഞ്ഞാല്‍ സൌഹൃദത്തിന്റെയപ്പുറം ഒരു അനിയനെ കാണല്‍ കൂടെ നടക്കുന്നുണ്ട്. ബ്ലോഗ് കൊണ്ടുതരുന്ന ഓരോരോ ഭാഗ്യങ്ങള്‍!

അമരത്തില്‍ മമ്മൂട്ടി, ‘അച്ചൂട്ടിക്ക് മറക്കാനാവാത്ത 3 കാര്യങ്ങളുണ്ട്. ഒന്ന് എന്റെ മുത്ത്. പിന്നെയൊന്ന് കടല്‍. പിന്നെ നീയാണ്, ചാന്ദ്രീ‘ എന്ന് പറയുമ്പോലെ പറഞ്ഞാല്‍... എനിക്ക് 3 എണ്ണം തികയാതെ വരുമെങ്കിലും ഒന്ന് ബ്ലോഗാണ്.

എത്രയെത്രപേരെയാണ് ബ്ലോഗുവഴി ഞാന്‍ പരിചയപ്പെട്ടത്. അതിലെത്രെയെത്ര സുഹൃത്തുക്കള്‍.
സൌഹൃദങ്ങള്‍ പ്രിയപ്പെട്ടതല്ലാത്തവരായി ആരാ ഉണ്ടാവുക? ലോകത്ത് മടുക്കാത്തതായി ഒന്നേയുള്ളൂ.. അത് സൌഹൃദങ്ങളാണ് എന്നാണല്ലോ!